പുതുയുഗത്തിലേക്ക് കേരളത്തെ നയിക്കാൻ 2026 ജൂണിൽ മിഷൻ സമുദ്ര പദ്ധതിയോടൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന സ്വപ്നപദ്ധതികളിൽ ഒന്നാണ് കേരളത്തിന്റെ തീരദേശ ധാതുമണൽ ഇടനാഴി.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സാമ്പത്തികവികസന പദ്ധതികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിജ്ഞാനാധിഷ്ഠിതവും സംരംഭകത്വവും മുഖ്യ ചാലകശക്തിയായ കേരളത്തിന്റെ വളരുന്ന സമ്പദ്വ്യവസ്ഥയ്ക്കും ഭാവി വികസനത്തിനും ഒരു മുതൽക്കൂട്ടായി കേരളതീരത്തെ ധാതുമണൽ ഇടനാഴിയെ മാറ്റാവുന്നതാണ്.
►എന്താണ് ധാതുമണൽ ഇടനാഴി?
ഒറ്റ വാക്കിൽ പറഞ്ഞാൽ, കേരളതീരത്തെ അപൂർവ മൂലകങ്ങളുടെയും നിർണായക ധാതുക്കളുടെയും നിക്ഷേപങ്ങളും, അവയുമായി ബന്ധപ്പെട്ട സാമ്പത്തിക സംരംഭങ്ങളുമാണ് ധാതുമണൽ ഇടനാഴി. പരിസ്ഥിതി സൗഹൃദ ഊർജ പരിവർത്തനത്തിന്റെ ഈ കാലഘട്ടത്തിൽ അപൂർവ മൂലകങ്ങൾക്കും നിർണായക ധാതുക്കൾക്കും ആഗോളതലത്തിൽ വലിയ ആവശ്യകതയാണ് നിലനിൽക്കുന്നത്. മാത്രമല്ല, സൗഹൃദ ഊർജാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ വളർച്ചയോടൊപ്പം ദീർഘകാലം നിലനിൽക്കുന്ന ഘടനാപരമായ ആവശ്യകതയായും ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. കൊല്ലം തീരമേഖലയിലെ അപൂർവ മൂലകങ്ങളും നിർണായക ധാതുക്കളും അടങ്ങിയ കേരളത്തിന്റെ ധാതുസമ്പത്ത് ലോകോത്തര നിലവാരമുള്ളതാണ്.
ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി വിഴിഞ്ഞം തുറമുഖം മുതൽ കൊല്ലത്തെ ചവറ വരെയും അവിടെനിന്ന് കൊച്ചി തുറമുഖം വരെയും ബന്ധിപ്പിക്കുന്ന അപൂർവ മൂലക–നിർണായക ധാതു ഇടനാഴി വികസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിലൂടെ അപൂർവ മൂലകങ്ങളുടെയും അവയുടെ സംയുക്തങ്ങളുടെയും നിർമാണത്തിന്റെയും നിർണായക ധാതുക്കളുടെ സംസ്കരണത്തിന്റെയും ദേശീയ കേന്ദ്രമായി കേരളത്തെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
നിർദിഷ്ട ഇടനാഴി യാഥാർഥ്യമാകുന്നതോടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും വൻതോതിലുള്ള നിക്ഷേപങ്ങൾ ആകർഷിക്കപ്പെടുകയും, വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതിനായി ബജറ്റിൽ അനുവദിച്ച 100 കോടി രൂപ അടിസ്ഥാന സ്ഥാപന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും പ്രധാന നിക്ഷേപകരെ ആകർഷിക്കുന്നതിനുമുള്ള പ്രാരംഭ മൂലധനമായാണ് കണക്കാക്കുന്നത്.
►തീരദേശ ധാതുമണൽ
തീരദേശ ധാതുമണലിൽ പൊതുവേ ഇൽമെനൈറ്റ്, റൂട്ടൈൽ, സിർക്കോൺ, സില്ലിമനൈറ്റ്, ഗാർനെറ്റ്, ല്യൂക്കോക്സീൻ, മൊണസൈറ്റ് തുടങ്ങിയ വിലയേറിയ ധാതുക്കൾ അടങ്ങിയിരിക്കുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അമേരിക്ക, സിയറ ലിയോൺ, ബ്രസീൽ, ചൈന, റഷ്യ, മഡഗാസ്കർ, മലേഷ്യ, ഇന്ത്യ, ശ്രീലങ്ക എന്നിവയാണ് തീരദേശ ധാതുക്കളുടെ ലോകത്തിലെ പ്രധാന ഉത്പാദക രാജ്യങ്ങൾ. ഇൽമെനൈറ്റിന്റെയും റൂട്ടൈലിന്റെയും ഉത്പാദനത്തിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകത്ത് ഒന്നാംനിരയിലാണ്.
ഇന്ത്യയിലെ തീരദേശ ധാതുക്കളുടെ പ്രാധാന്യം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ തിരിച്ചറിഞ്ഞിരുന്നു. 1909ൽ ജർമൻ രസതന്ത്രജ്ഞനായ സർ ഹെർ ഷോംബെർഗ്, കേരള-തമിഴ്നാട് തീരങ്ങളിൽനിന്ന് ജർമനിയിലേക്ക് കയറ്റുമതി ചെയ്ത കയർകെട്ടുകൾ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണിൽ അടിഞ്ഞുകൂടിയ മണലിൽ തിളങ്ങുന്ന മഞ്ഞനിറത്തിലുള്ള മൊണസൈറ്റ് ധാതുക്കൾ യാദൃച്ഛികമായി കണ്ടെത്തിയതോടെയാണ് ഇന്ത്യയിലെ മൊണസൈറ്റ് നിക്ഷേപങ്ങളുടെ പ്രാധാന്യം ലോകശ്രദ്ധ നേടിയത്. ഇന്ത്യയിലെ പ്രധാന തീരദേശ ധാതുമണൽ നിക്ഷേപങ്ങൾ കേരളത്തിലെ നീണ്ടകര–കായംകുളം മേഖല, തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചി, ഒറീസയിലെ ഛത്രപുർ, ആന്ധ്രപ്രദേശിലെ ബിമൂലിപട്ടണം എന്നിവിടങ്ങളിലാണ്.
ഇന്ത്യ ഗവണ്മെന്റിന്റെ ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് നടത്തിയ പഠനങ്ങൾ പ്രകാരം രാജ്യത്തെ പ്രധാന ധാതുശേഖരങ്ങൾ- ഇൽമെനൈറ്റ്-348 മില്യൺ ടൺ (ലോക ശേഖരത്തിന്റെ 35%), ഗാർനെറ്റ്-107 മില്യൺ ടൺ; സിർക്കോൺ -21 മില്യൺ ടൺ (ലോക ശേഖരത്തിന്റെ 14%); റൂട്ടൈൽ -18 മില്യൺ ടൺ (ലോക ശേഖരത്തിന്റെ 10%); മൊണസൈറ്റ് - എട്ട് മില്യൺ ടൺ (ലോക ശേഖരത്തിന്റെ 71.4%); സില്ലിമനൈറ്റ്-130 മില്യൺ ടൺ എന്നിങ്ങനെയാണ്.
►കേരളതീരത്തെ ധാതുമണൽ
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാതുമണൽ നിക്ഷേപമായ ചവറ നിക്ഷേപം, കൊല്ലം ജില്ലയിലെ നീണ്ടകര മുതൽ കായംകുളം വരെ ഏകദേശം 22 കിലോമീറ്റർ നീളത്തിലും 7.5 മീറ്റർ ആഴത്തിലും ആണ് വ്യാപിച്ചുകിടക്കുന്നത്. അപൂർവ മൂലകങ്ങളും നിർണായക ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഈ നിക്ഷേപം ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ തീരദേശ ധാതുമണൽ നിക്ഷേപങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ചവറയിലെ ഏഴ് നിർണായക ധാതുക്കൾ
1. ഇൽമെനൈറ്റ് (FeTiO₃): ഇൽമെനൈറ്റ് ടൈറ്റാനിയത്തിന്റെ പ്രധാന അയിരാണ്. ഉയർന്ന കരുത്ത്, ഉയർന്ന താപപ്രതിരോധശക്തി, കുറഞ്ഞ ഭാരം എന്നിവ കാരണം ഇത് വിമാനങ്ങൾ, ബഹിരാകാശ വാഹനങ്ങൾ, മിസൈലുകൾ, നാവിക കപ്പലുകൾ, മെഡിക്കൽ ഇംപ്ലാന്റുകൾ തുടങ്ങി നിരവധി അത്യാധുനിക മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്നു.
2. റൂട്ടൈൽ (TiO₂): ലോകത്തിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള റൂട്ടൈൽ നിക്ഷേപം ചവറയിലാണ്. ഇതിൽ ഏകദേശം 98% TiO₂ അടങ്ങിയിരിക്കുന്നു. ടൈറ്റാനിയം ലോഹനിർമാണത്തിനും വെൽഡിംഗ് ഇലക്്ട്രോഡുകൾ ഉൾപ്പെടെയുള്ള വ്യാവസായിക ആവശ്യങ്ങൾക്കും റൂട്ടൈൽ പ്രധാന അസംസ്കൃത വസ്തുവാണ്.
3. സിർക്കോൺ (ZrSiO₄): സെറാമിക്, ഇലക്ട്രോണിക്സ്, പ്രത്യേക വ്യാവസായിക ഉത്പന്നങ്ങൾ, ഉയർന്ന താപനിലയെ പ്രതിരോധിക്കുന്ന റിഫ്രാക്ടറി ഉത്പന്നങ്ങൾ, എന്നിവയുടെ നിർമാണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ധാതു.
4. സില്ലിമനൈറ്റ് (Al₂SiO₅): ഉയർന്ന താപനിലയിൽ സ്ഥിരത പുലർത്തുന്ന അലുമിനിയം സിലിക്കേറ്റ് ധാതു. ഉയർന്ന നിലവാരമുള്ള റിഫ്രാക്ടറികൾ, സെറാമിക് ഉത്പന്നങ്ങൾ, ഗ്ലാസ് ഫൈബർ നിർമാണം എന്നിവയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
5. ഗാർനെറ്റ്: വാട്ടർജെറ്റ് കട്ടിംഗ്, സാൻഡ്ബ്ലാസ്റ്റിംഗ്, ജലശുദ്ധീകരണ സംവിധാനങ്ങളിലെ ഫിൽട്ടറുകൾ എന്നിവയിൽ പ്രധാനമായും ഇത് ഉപയോഗിക്കുന്നു. ഇത് ചെറിയ അളവിൽ മാത്രമേ ഇവിടെ കാണപ്പെടുന്നുള്ളൂ.
6. ല്യൂകോക്സീൻ: ഇൽമെനൈറ്റിന്റെ പരിവർത്തിത രൂപമായ ല്യൂകോക്സീനിൽ ഏകദേശം 75% TiO₂ അടങ്ങിയിരിക്കുന്നു. ഈ ധാതു ടൈറ്റാനിയം ലോഹത്തിന്റെയും ടൈറ്റാനിയം പിഗ്മെന്റുകളുടെയും നിർമാണത്തിന് പ്രധാന അസംസ്കൃത വസ്തുവാണ്.
7. മോണസൈറ്റ്: ചവറയുടെ പൊൻതൂവലായ തന്ത്രപ്രധാന ധാതു. അപൂർവ മൂലകങ്ങളുടെയും തോറിയത്തിന്റെയും, ചെറിയ അളവിൽ യുറേനിയത്തിന്റെയും സങ്കീർണ ഫോസ്ഫേറ്റ് ധാതു. ചവറയിലെ നിക്ഷേപത്തിൽ ഏകദേശം ഒന്ന്-രണ്ട് ശതമാനം വരെ മോണസൈറ്റ് അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന അപൂർവ മൂലകങ്ങൾ പ്രധാനമായും ലാന്തനൈഡ് ശ്രേണിയിലെ 15 മൂലകങ്ങളും, യിട്രിയം, സ്കാൻഡിയം എന്നിവയും ഉൾക്കൊള്ളുന്നതാണ്. മോണസൈറ്റിന് അതീവ ഉയർന്ന വാണിജ്യ-തന്ത്രപ്രധാന മൂല്യമുണ്ട്. ഇലക്്ട്രോണിക്സ്, സൂപ്പർ കണ്ടക്ടറുകൾ, ഹൈഡ്രജൻ സംഭരണ സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, ആണവ റിയാക്ടറുകൾ തുടങ്ങി നിരവധി അത്യാധുനിക മേഖലകളിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു.
മോണസൈറ്റിൽനിന്ന് വേർതിരിച്ചെടുക്കുന്ന തോറിയം ഇന്ത്യയുടെ ത്രിതല ആണവോർജ പദ്ധതിയുടെ നിർണായക അസംസ്കൃത വസ്തുവാണ്. ലോകത്തിലെ ആകെ തോറിയം ശേഖരത്തിന്റെ ഏകദേശം 25 ശതമാനവും ഇന്ത്യയിലാണുള്ളത്, അതിൽ ഗണ്യമായ ഒരു വിഹിതം കേരളത്തിലെ തീരദേശ നിക്ഷേപങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഈ അസാധാരണമായ ധാതുസമ്പത്ത് ചവറയെ ഇന്ത്യയുടെ ഊർജസുരക്ഷയ്ക്കും ആണവോർജ വികസനത്തിനും അപൂർവ മൂലകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭാവി സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്കും അതീവ തന്ത്രപ്രധാനമായ പ്രദേശമാക്കി മാറ്റുന്നു.