റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്. ചൊവ്വാഴ്ച രാത്രിയിലെ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പുലർച്ചെ 12: 37ന് രണ്ടുപേർ ഓഫീസിന് നേരെ രണ്ട് പെട്രോൾ ബോംബ് എറിയുന്നതിന്റെ 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്.
സംഭവത്തിന് പിന്നാലെ ആക്രമികൾ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു. ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സംഘങ്ങളും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയതായി റാഞ്ചി സിറ്റി എസ്പി പരസ് റാണ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് കാര്യാലയവും സമീപത്തുള്ള ഒരു ഹോട്ടൽ ഉടമയും തമ്മിൽ നിലനിൽക്കുന്ന തർക്കത്തെക്കുറിച്ച് പ്രദേശവാസികൾ പോലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ബിജെപി നിയമസഭാ കക്ഷി നേതാവ് ബാബുലാൽ മറാണ്ടി ആക്രമണത്തെ അപലപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
Tags : Petrol Bomb RSS Office Ranchi