തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയിൽ മാറ്റമില്ലെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. സൗജന്യ യാത്രയ്ക്ക് അർഹരായ സ്ത്രീകൾ ടിക്കറ്റ് തുക നൽകാൻ തയാറായാലും വാങ്ങില്ലെന്ന് മന്ത്രി പറഞ്ഞു.
ഇങ്ങനെ പണം വാങ്ങിയാൽ അത് അത് പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിറ്റി ഫാസ്റ്റ് ബസുകളെ തിരിച്ചറിയാനാണ് അവയിൽ സ്റ്റിക്കറുകൾ പതിച്ചത്. തിരുവനന്തപുരത്ത് നിലവിൽ 384 സിറ്റി ഫാസ്റ്റ് ബസുകളാണുള്ളത്. ഇതിൽ ഒരൊറ്റ ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ല. പകരം, രണ്ട് സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി ബസുകളാക്കി മാറ്റുകയുണ്ടായി. പൊഴിയൂർ – അഞ്ചുതെങ്ങ്, പാപ്പനംകോട് – വികാസ് ഭവൻ റൂട്ടുകളിൽ ആണിതെന്നും മന്ത്രി വിശദീകരിച്ചു.
ചൊവ്വാഴ്ച മാത്രം 18.56 ലക്ഷം പേരാണ് ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത്. ഇതിൽ 11.84 ലക്ഷം പേരും സ്ത്രീകളാണ്. ഈ ദിവസത്തെ സൗജന്യ യാത്രയുടെ ഭാഗമായി ഉണ്ടായ നഷ്ടം നികത്താൻ 2.46 കോടി രൂപ കെഎസ്ആർടിസിക്ക് സർക്കാർ കൈമാറണമെന്നും മന്ത്രി പറഞ്ഞു.
Tags : ksrtc free travel transport minister