ഇന്ത്യൻ രാഷ്ട്രീയത്തിൽ ‘കൂറുമാറ്റം’ എന്ന വാക്ക് കേൾക്കുമ്പോൾതന്നെ പലർക്കും ഓർമ വരുന്നത് ഹരിയാനയിലെ ഗയാലാൽ എന്ന നിയമസഭാംഗത്തെയാണ്.
1967ൽ അദ്ദേഹം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പലതവണ പാർട്ടി മാറിയതോടെയാണ് “ആയാ റാം, ഗയാ റാം” എന്ന പ്രയോഗം ഇന്ത്യൻ രാഷ്ട്രീയ നിഘണ്ടുവിന്റെ ഭാഗമായി മാറിയത്. അന്നുമുതൽ കൂറുമാറ്റം ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്ഥിരം സവിശേഷതയും ഒരേസമയം അതിന്റെ ഏറ്റവും വലിയ ദൗർബല്യങ്ങളിലൊന്നുമായി തുടരുകയാണ്.
എന്നാൽ, കൂറുമാറ്റത്തെ വ്യക്തിപരമായ ധാർമികതയുടെ പ്രശ്നമായോ രാഷ്ട്രീയ അവസരവാദത്തിന്റെ പ്രകടനമായോ മാത്രം കാണുന്നത് മതിയാകില്ല. അതിന്റെ വേരുകൾ ഇന്ത്യൻ പാർട്ടി സംവിധാനത്തിന്റെ സ്വഭാവത്തിലും ഭരണഘടനാപരമായ ക്രമീകരണങ്ങളിലുമാണ്. അതുകൊണ്ടുതന്നെ കൂറുമാറ്റം ഒരു രാഷ്ട്രീയ പ്രശ്നം മാത്രമല്ല; അത് ജനവിധി, പാർട്ടി ജനാധിപത്യം, ഭരണഘടനാ സ്ഥാപനങ്ങൾ, ഫെഡറലിസം എന്നിവയെ സ്പർശിക്കുന്ന ഒരു അടിസ്ഥാന ജനാധിപത്യ ചോദ്യമാണ്.
ആഗോള പ്രതിഭാസം, ഇന്ത്യൻ പ്രത്യേകത
രാഷ്ട്രീയ നേതാക്കൾ പാർട്ടി മാറുന്നത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല. ബ്രിട്ടനിൽ പാർലമെന്റ് അംഗങ്ങൾ പാർട്ടി വിട്ട് സ്വതന്ത്രരാകുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യാറുണ്ട്. മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ തന്റെ രാഷ്ട്രീയജീവിതത്തിൽ രണ്ടുതവണ പാർട്ടി മാറിയിരുന്നു.
അമേരിക്കയിൽ പാർട്ടിയേക്കാൾ വ്യക്തിക്കാണ് പ്രാധാന്യം. അതിനാൽ പാർട്ടി മാറുന്നത് അവിടെ ജനാധിപത്യവിരുദ്ധമായി കണക്കാക്കാറില്ല. ഇറ്റലി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും പാർട്ടി മാറ്റങ്ങൾ അസാധാരണമല്ല.
എന്നാൽ, ഇന്ത്യയിലെ കൂറുമാറ്റത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ വ്യാപ്തിയും പ്രത്യാഘാതവുമാണ്. മറ്റ് ജനാധിപത്യ രാജ്യങ്ങളിൽ കൂറുമാറ്റം പലപ്പോഴും വ്യക്തിപരമായ രാഷ്ട്രീയ തീരുമാനമായി മാത്രം നിൽക്കുമ്പോൾ, ഇന്ത്യയിൽ അത് സർക്കാരുകളെ അട്ടിമറിക്കാനും അധികാര സമവാക്യങ്ങൾ മാറ്റിമറിക്കാനുമുള്ള ശക്തമായ രാഷ്ട്രീയ ആയുധമാണ്.
കൂറുമാറ്റ വിരുദ്ധ നിയമം: ഉദ്ദേശ്യവും യാഥാർഥ്യവും
1960കളിലും 1970കളിലും നിരന്തരമായി സർക്കാരുകൾ വീഴുകയും ജനപ്രതിനിധികൾ പാർട്ടി മാറുകയും ചെയ്തതോടെയാണ് കൂറുമാറ്റ വിരുദ്ധ നിയമത്തിന്റെ ആവശ്യം ശക്തമായത്. 1985ൽ ഭരണഘടനയുടെ പത്താം പട്ടികയിലൂടെ ഈ നിയമം നിലവിൽ വന്നു. ലക്ഷ്യം വ്യക്തമായിരുന്നു: അധികാരത്തിനും പദവിക്കും വേണ്ടി നടക്കുന്ന അവസരവാദ കൂറുമാറ്റം തടയുക. ഒരു പാർട്ടിയുടെ ടിക്കറ്റിൽ വിജയിച്ച ജനപ്രതിനിധി പാർട്ടി വിട്ടാൽ, പാർട്ടി വിപ്പിന് വിരുദ്ധമായി വോട്ട് ചെയ്താൽ, സ്വതന്ത്രനായി ജയിച്ച് പിന്നീട് പാർട്ടിയിൽ ചേർന്നാൽ, അയോഗ്യനാക്കപ്പെടും.
ആദ്യഘട്ടത്തിൽ നിയമം ഒരു പാർട്ടിയിലെ മൂന്നിലൊന്ന് അംഗങ്ങൾ പിളർന്നുപോയാൽ അതിനെ നിയമാനുസൃതമായ ‘പിളർപ്പ്’ ആയി അംഗീകരിച്ചിരുന്നു. എന്നാൽ, ഈ വ്യവസ്ഥ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതോടെ 2003ലെ 91-ാം ഭരണഘടനാ ഭേദഗതിയിലൂടെ അത് ഒഴിവാക്കി. പകരം, ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ ചേർന്ന് മറ്റൊരു പാർട്ടിയുമായി ലയിച്ചാൽ അയോഗ്യത ബാധകമാകില്ലെന്ന വ്യവസ്ഥ നിലനിർത്തി. ഇതാണ് ഇന്ന് നിയമത്തിലെ ഏറ്റവും വലിയ പഴുതായി മാറിയിരിക്കുന്നത്.
നിയമത്തിന്റെ വിരോധാഭാസം
കൂറുമാറ്റ വിരുദ്ധ നിയമം വ്യക്തിഗത കൂറുമാറ്റം കുറച്ചെങ്കിലും കൂട്ടമായുള്ള കൂറുമാറ്റത്തെ പ്രോത്സാഹിപ്പിച്ചു. ഇന്ന് രാഷ്ട്രീയ നേതാക്കൾ ഒറ്റയ്ക്ക് പാർട്ടി വിടുന്നില്ല. അവർ മൂന്നിൽ രണ്ട് ഭൂരിപക്ഷം സമാഹരിച്ച് കൂട്ടത്തോടെ നീങ്ങുന്നു.
സ്പീക്കറുടെ പങ്കും ഭരണഘടനാ പ്രതിസന്ധിയും
കൂറുമാറ്റ കേസുകളിൽ തീരുമാനമെടുക്കാനുള്ള അധികാരം നിയമസഭാ സ്പീക്കർക്കോ സഭാധ്യക്ഷനോ ആണ്. എന്നാൽ, സ്പീക്കർ സാധാരണയായി ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗമായതിനാൽ നിഷ്പക്ഷതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നു. ഇതിലും വലിയ പ്രശ്നം, തീരുമാനമെടുക്കാൻ ഭരണഘടന ഒരു സമയപരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ്. അതുകൊണ്ട് അയോഗ്യതാ ഹർജികൾ മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം തീർപ്പാകാതെ കിടക്കുന്നു. ഇതിനിടയിൽ സർക്കാരുകൾ രൂപീകരിക്കപ്പെടുകയും അധികാര സമവാക്യങ്ങൾ മാറുകയും ചെയ്യുന്നു. ഇതോടെ രാഷ്ട്രീയ പോരാട്ടങ്ങൾ നിയമസഭയിൽനിന്ന് കോടതികളിലേക്കും തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും മാറുന്നു.
പശ്ചിമബംഗാൾ: അടുത്ത വലിയ പരീക്ഷണക്കേസ്
പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനെ ചുറ്റിപ്പറ്റിയുള്ള പുതിയ പ്രതിസന്ധി ഇന്ത്യയിലെ കൂറുമാറ്റ രാഷ്ട്രീയത്തിന്റെ എല്ലാ ഘടകങ്ങളും ഒരുമിച്ച് കാണിക്കുന്നു. ഇത് ആശയപരമായ ഭിന്നതയുടെ പ്രശ്നമല്ല. തെരഞ്ഞെടുപ്പ് തിരിച്ചടി, നേതൃശൈലിയെക്കുറിച്ചുള്ള അതൃപ്തി, അഭിഷേക് ബാനർജിയുടെ ഉയർച്ചയെക്കുറിച്ചുള്ള ആശങ്ക, പാർട്ടിയിലെ അധികാര കേന്ദ്രീകരണം എന്നിവയാണ് വിമതരുടെ പ്രധാന പരാതികൾ. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്: പാർട്ടിയിലെ നിയമസഭാ കക്ഷിക്ക്, മാതൃസംഘടനയിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാനാകുമോ? ശിവസേന കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയത്, നിയമസഭാ കക്ഷിയല്ല, മറിച്ച് യഥാർഥ രാഷ്ട്രീയ പാർട്ടിയാണ് നിർണായക ഘടകമെന്നാണ്. അതുകൊണ്ട് പശ്ചിമബംഗാൾ കേസ് തൃണമൂലിന്റെ ഭാവി മാത്രമല്ല, ഇന്ത്യയിലെ കൂറുമാറ്റ വിരുദ്ധ നിയമത്തിന്റെ ഭാവിയും നിർണയിച്ചേക്കാം.
ആശയപ്രശ്നമോ അധികാരപ്രശ്നമോ?
ഇന്ത്യയിലെ കൂറുമാറ്റത്തിന്റെ മറ്റൊരു പ്രത്യേകത, അത് പലപ്പോഴും ആശയപരമായ കാരണങ്ങളേക്കാൾ അധികാര രാഷ്ട്രീയംകൊണ്ടാണ് നയിക്കപ്പെടുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനതയുടെ വലിയൊരു വിഭാഗം കൂറുമാറ്റത്തെ ആശയപരമായ നിലപാടുമാറ്റമെന്നതിലുപരി രാഷ്ട്രീയ കണക്കുകൂട്ടലായാണ് കാണുന്നത്.
ജനവിധി ആരുടേത്?
കൂറുമാറ്റ വിരുദ്ധ നിയമം ഒരു അടിസ്ഥാന ജനാധിപത്യ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു: ഒരു ജനപ്രതിനിധിയുടെ പ്രാഥമിക വിശ്വസ്തത ആരോടാണ്? തന്നെ വിജയിപ്പിച്ച വോട്ടർമാരോടോ? പാർട്ടിയോടോ? സ്വന്തം മനസാക്ഷിയോടോ? ഇന്ത്യൻ നിയമം പാർട്ടിക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ ജനപ്രതിനിധിയുടെ സ്വാതന്ത്ര്യത്തെയാണ് വിലമതിക്കുന്നത്. എന്നാൽ, അമിതമായ പാർട്ടി നിയന്ത്രണം ജനപ്രതിനിധികളെ പാർട്ടി നേതൃത്വത്തിന്റെ വെറും പ്രതിനിധികളാക്കി മാറ്റുന്നു. മറുവശത്ത് നിയന്ത്രണമില്ലാത്ത കൂറുമാറ്റം ജനവിധിയെ അസ്ഥിരമാക്കുന്നു. ഈ രണ്ട് മൂല്യങ്ങൾക്കിടയിൽ സന്തുലനം കണ്ടെത്തുക എന്നതാണ് ജനാധിപത്യത്തിന്റെ വെല്ലുവിളി.
ചില കൂറുമാറ്റങ്ങൾക്ക് പിന്നിൽ അധികാരത്തിന്റെയോ സ്ഥാനങ്ങളുടെയോ വാഗ്ദാനങ്ങൾ മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം, നിയമനടപടികളുടെ ഭീഷണി, സാമ്പത്തിക പ്രലോഭനങ്ങൾ എന്നിവയും സ്വാധീനിക്കുന്നുണ്ടാകാം. എന്നാൽ, ഓരോ കേസിലും ഇത് സംഭവിച്ചുവെന്ന് തെളിയിക്കാവുന്ന വ്യക്തമായ തെളിവുകൾ പൊതുസമൂഹത്തിന് ലഭ്യമാകാറില്ല. അന്വേഷണ ഏജൻസികളുടെ നടപടികളുടെ സമയക്രമം പലപ്പോഴും രാഷ്ട്രീയ സംഭവവികാസങ്ങളുമായി ഒത്തുചേരുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. കേന്ദ്രത്തിൽ അധികാരത്തിലുള്ള പാർട്ടിയുമായി അടുത്ത ബന്ധം രാഷ്ട്രീയവും നിയമപരവുമായ സുരക്ഷ നൽകുമെന്ന ധാരണ ചില രാഷ്ട്രീയ നേതാക്കൾക്കിടയിൽ നിലനിൽക്കുന്നു.
ഇതുകൊണ്ടാണ് കൂറുമാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ സിബിഐ, ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളുടെ പങ്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത്.
മുന്നോട്ടുള്ള വഴി
ഭരണഘടനാ വിദഗ്ധർ നിർദേശിക്കുന്ന പ്രധാന പരിഷ്കാരങ്ങൾ ഇവയാണ്: കൂറുമാറ്റ വിരുദ്ധ നിയമം വിശ്വാസവോട്ടുകൾക്കും ധനബില്ലുകൾക്കും മാത്രം ബാധകമാക്കുക; അയോഗ്യതാ ഹർജികൾ തീരുമാനിക്കാൻ സ്വതന്ത്ര ട്രൈബ്യൂണൽ രൂപീകരിക്കുക; തീരുമാനങ്ങൾക്ക് കർശനമായ സമയപരിധി നിശ്ചയിക്കുക; കൂറുമാറുന്ന ജനപ്രതിനിധികൾ വീണ്ടും ജനവിധി തേടണമെന്ന് നിർബന്ധമാക്കുക; രാഷ്ട്രീയ പാർട്ടികളിൽ ആന്തരിക ജനാധിപത്യം ശക്തിപ്പെടുത്തുക. കാരണം, കൂറുമാറ്റത്തിന്റെ യഥാർഥ പരിഹാരം കൂടുതൽ കർശനമായ നിയമങ്ങളിലല്ല; കൂടുതൽ ജനാധിപത്യപരമായ രാഷ്ട്രീയ പാർട്ടികളിലാണ്.
പശ്ചിമബംഗാളിലെ പുതിയ സംഭവവികാസങ്ങൾ ഈ ചോദ്യങ്ങളെ വീണ്ടും നമ്മുടെ മുന്നിലെത്തിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുന്നത് ഈ ചോദ്യങ്ങൾക്ക് നാം കണ്ടെത്തുന്ന ഉത്തരങ്ങളായിരിക്കും. സമീപകാല ഇന്ത്യയിലെ പല കൂറുമാറ്റങ്ങളുടെയും രാഷ്ട്രീയ ഗുണഭോക്താവായി ബിജെപി മാറിയിട്ടുണ്ട്. ബിജെപിയുടെ സാമ്പത്തിക, സംഘടനാപര, രാഷ്ട്രീയ വിഭവങ്ങൾ കൂറുമാറ്റങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, കൂറുമാറ്റങ്ങൾ വിജയകരമാകുന്നതിന്റെ ഒരു പ്രധാന കാരണം എതിരാളി പാർട്ടികളുടെ ആന്തരിക ദൗർബല്യങ്ങളും നേതൃത്വ പ്രതിസന്ധികളുമാണ്.
എന്തുകൊണ്ടാണ് ഇന്ത്യയിൽ കൂറുമാറ്റം ഇത്ര നിർണായകമാകുന്നത് എന്ന ചോദ്യത്തിന് പ്രധാനമായും നാല് കാരണങ്ങളുണ്ട്. ഒന്നാമതായി, ഇന്ത്യയിലെ വോട്ടർമാർ പലപ്പോഴും വ്യക്തികളേക്കാൾ പാർട്ടികളെയും നേതാക്കളെയുമാണ് തെരഞ്ഞെടുക്കുന്നത്. അതിനാൽ ജനപ്രതിനിധിയുടെ കൂറുമാറ്റം വോട്ടറുടെ രാഷ്ട്രീയ തീരുമാനത്തെ നേരിട്ടു ബാധിക്കുന്നു.
രണ്ടാമതായി, ഇന്ത്യയിലെ പാർലമെന്ററി സംവിധാനത്തിൽ സർക്കാരിന്റെ നിലനിൽപ് നിയമസഭയിലെ സംഖ്യാബലത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഏതാനും എംഎൽഎമാരുടെയോ എംപിമാരുടെയോ കൂറുമാറ്റം പോലും ഒരു സർക്കാരിന്റെ ഭാവി നിർണയിച്ചേക്കാം.
മൂന്നാമതായി, ഇന്ത്യയിലെ പല രാഷ്ട്രീയ പാർട്ടികൾക്കും ശക്തമായ ആന്തരിക ജനാധിപത്യ സംവിധാനങ്ങളില്ല. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള സ്ഥാപനപരമായ മാർഗങ്ങൾ ഇല്ലാത്തതിനാൽ അസംതൃപ്തി പലപ്പോഴും കൂറുമാറ്റത്തിലേക്ക് നയിക്കുന്നു.
നാലാമതായി, ഇന്ത്യയുടെ ഫെഡറൽ ഘടനയും പ്രാദേശിക പാർട്ടികളുടെ വളർച്ചയും കൂറുമാറ്റത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. നിരവധി പ്രാദേശിക പാർട്ടികൾ കരിസ്മാറ്റിക് നേതാക്കളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ നേതൃകൈമാറ്റം പലപ്പോഴും വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്ക് വഴിവയ്ക്കുന്നു.
(ലേഖകൻ, എംജി യൂണിവേഴ്സിറ്റി, കേരള കേന്ദ്ര സർവകലാശാല,
ദക്ഷിണാഫ്രിക്കയിലെ നത്താൾ സർവകലാശാല, ഐഐടി മദ്രാസ്
എന്നിവിടങ്ങളിൽ പ്രഫസറായിരുന്നു. രണ്ടു ദശാബ്ദമായി
പ്രമുഖ ഗാന്ധിയൻ ഗവേഷണ ജേർണൽ ആയ ഗാന്ധി മാർഗിന്റെ
ചീഫ് എഡിറ്റർ ആയി പ്രവർത്തിക്കുന്നു)
Tags : Defection fundamental democratic question