ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൂന്ന് കോടിയിലധികം വിലയുള്ള സ്വർണാഭരണങ്ങൾ കവർന്നു. സംഭവത്തിൽ തനിഷ്ക് ജ്വല്ലറി ഷോറൂമിലെ ജീവനക്കാരൻ നിതിൻ വർമ്മ (24), ഇയാളുടെ കാമുകി കാജൽ (22), പിതാവ് സഞ്ജയ് വർമ്മ (52) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 12-ന് പുലർച്ചെ തനിഷ്ക് ഷോറൂമിലായിരുന്നു കവർച്ച നടന്നത്.
വിവാഹം നിശ്ചയിച്ചുവെന്ന് സഹപ്രവർത്തകരെ വിശ്വസിപ്പിച്ച് ജൂൺ 11-ന് രാത്രി നിതിൻ വർമ്മ ഒരു പാർട്ടി നടത്തി. ഈ പാർട്ടിയിൽ വച്ച് ഷോറൂമിന്റെ താക്കോൽ സൂക്ഷിക്കുന്ന കാഷ്യർ ഗൗതം രാജിന് നിതിൻ മദ്യം നൽകി.
പാർട്ടിക്ക് ശേഷം മദ്യലഹരിയിലായിരുന്ന ഗൗതം വീട്ടിൽ കൊണ്ടുവിടുമെന്ന് പറഞ്ഞ് നിതിൻ ഒപ്പം കൂട്ടുകയും, യാത്രാമധ്യേ അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് ഷോറൂമിന്റെ താക്കോൽ മോഷ്ടിക്കുകയുമായിരുന്നു.
അടുത്ത ദിവസം പുലർച്ചെ ഏഴ് മണിയോടെ നിതിൻ തന്റെ ഔദ്യോഗിക യൂണിഫോം ധരിച്ച് ചിന്തു എന്ന സുഹൃത്തിനോടൊപ്പം ഷോറൂമിലെത്തി. യൂണിഫോം ധരിച്ചതിനാൽ ആർക്കും സംശയം തോന്നിയില്ല. ചിന്തു പുറത്ത് കാവൽ നിന്നപ്പോൾ, മോഷ്ടിച്ച താക്കോൽ ഉപയോഗിച്ച് ഷട്ടർ തുറന്ന് നിതിൻ അകത്തുകയറി സ്വർണം, വജ്രം ആഭരണങ്ങളുമായി ഇവർ കടന്നുകളയുകയായിരുന്നു.
ഷോറൂം അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷിച്ചു. സിസിടിവി ദൃശ്യങ്ങളും പ്രാദേശിക വിവരങ്ങളും ശേഖരിച്ച പോലീസ് ജൂൺ 16-ന് ചിരഞ്ജീവ് വിഹാറിലെ സായ് ഗേറ്റിന് സമീപത്തുനിന്ന് പ്രതികളെ പിടികൂടി. കവർച്ച ചെയ്ത ആഭരണങ്ങൾ വിറ്റഴിക്കാൻ സഹായിച്ചതിനാണ് നിതിന്റെ പിതാവിനെ അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് ഏകദേശം 3.10 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണാഭരണങ്ങളും, 6.5 ലക്ഷം രൂപയും, ഒരു നാടൻ തോക്കും ആറ് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. കേസിൽ ഉൾപ്പെട്ട മറ്റ് കൂട്ടാളികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. കേസ് വേഗത്തിൽ തെളിയിച്ച പോലീസ് സംഘത്തിന് ഡിസിപി ധവാൽ ജയ്സ്വാൾ 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു.
Tags : arrest gold jewelry wedding party