മുംബൈ: മഹാരാഷ്ട്രയിലെ കല്ല്യാണിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് ഗർഭിണിയായ യുവതിയെ പീഡിപ്പിച്ചു. ഉല്ലാസ്നഗർ സ്വദേശിനി അഫ്സാന അൻസാരിയെയാണ് ഭർത്താവ് സമീർ അൻസാരിയും വീട്ടുകാരും ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെയുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അഫ്സാനയും സമീറും കഴിഞ്ഞ വർഷമായിരുന്നു വിവാഹിതരായത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്ത്രീധനം നൽകാൻ കഴിയില്ലെന്ന് വിവാഹത്തിന് മുൻപ് തന്നെ അഫ്സാനയുടെ കുടുംബം ഭർതൃവീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡനം ആരംഭിക്കുകയായിരുന്നു.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടുപോലും ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദിക്കുകയും ആവശ്യത്തിന് ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തു. നിത്യച്ചെലവുകൾക്ക് പോലും പണം നൽകിയിരുന്നില്ല. കൈകളിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിക്കുകയും സമീറും വീട്ടുകാരും ചേർന്ന് അഫ്സാനയുടെ തല നിർബന്ധപൂർവം മൊട്ടയടിച്ചു. കുട്ടിയുടെ ശ്വാസതടസത്തിന് കാരണമാകും എന്ന് പറഞ്ഞാണ് ഭർതൃവീട്ടുകാർ മുടി മുറിച്ചുമാറ്റിയത്. മൊട്ടയടിച്ചതിന് ശേഷം മാനസികമായി തളർന്ന യുവതിയെ ഒരു ആഴ്ചയോളം മുറിയിൽ പൂട്ടിയിട്ട് വീണ്ടും പീഡിപ്പിച്ചു.
തുടർന്ന് ഭർതൃവീട്ടിൽ നിന്നു രക്ഷപ്പെട്ട യുവതി സ്വന്തം സഹോദരിയുടെ വീട്ടിലെത്തുകയും അവിടെവച്ച് സഹോദരനെ വിവരമറിയിക്കുകയുമായിരുന്നു. ഇരുവരും ചേർന്ന് അഫ്സാനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ പരാതി നൽകിയതും ചെയ്തു.
ഉടൻ തന്നെ പോലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് സമീറടക്കം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ കുടുംബം മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : family arrest pregnant wife dowry