തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പരിഷ്കാരവുമായി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റിലാണ് പരിഷ്കാരം. ടെസ്റ്റിൽ ഇനി മുതൽ റിവേഴ്സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോൾ റിവേഴ്സ് ക്യാമറ ഉപയോഗിക്കാൻ അനുമതി ലഭിക്കും.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും പരിഷ്കാരം നടപ്പിലാക്കുക. ഇത്രയും കാലം വാഹനത്തിന്റെ വശങ്ങളിലെയും ഉൾഭാഗത്തെയും റിയർവ്യൂ മിററുകൾ മാത്രം ഉപയോഗിച്ചായിരുന്നു വാഹനം പിന്നോട്ട് ഓടിക്കേണ്ടിയിരുന്നത്.
റിവേഴ്സ് ക്യാമറയെ ആശ്രയിക്കാൻ അനുവദിച്ചിരുന്നില്ല. റിവേഴ്സ് ക്യാമറകൾ പുതിയ വാഹനങ്ങളിൽ വ്യാപകമായതോടെയാണ് പുതിയ തീരുമാനം. എന്നാൽ റിവേഴ്സ് ക്യാമറ മാത്രം ആശ്രയിച്ച് വാഹനം പിന്നോട്ട് ഓടിക്കാൻ സാധിക്കില്ല.
പരമ്പരാഗത രീതിയിൽ സൈഡ് മിററുകളും ഇൻസൈഡ് റിയർവ്യൂ മിററും കൃത്യമായി നിരീക്ഷിച്ചുകൊണ്ടായിരിക്കണം വാഹനം നിയന്ത്രിക്കേണ്ടത്. ടെസ്റ്റിനിടെ ഉദ്യോഗാർത്ഥി പൂർണമായും ക്യാമറ ഡിസ്പ്ലേയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വാഹനം നിയന്ത്രിക്കുന്നതായി കണ്ടെത്തിയാൽ അത് അയോഗ്യതയ്ക്ക് കാരണമാകും.
Tags : Driving test mvd reverse camera lmv