National
മുംബൈ: മാഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വിവാഹ ചടങ്ങിനിടെ സ്ത്രീധനത്തെ ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുകൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.
വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉടൻ തന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
National
ഗാസിയാബാദ്: ഗുരുഗ്രാമില് ഭാര്യയെ ഭർത്താവ് വിഷം കൊടുത്ത് കൊലപ്പെടുത്തി. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് നഴ്സായായ കാജലിനെ (23) റേഡിയോളജിസ്റ്റായ ഭർത്താവ് അരുൺ ശർമ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗാസിയാബാദിലെ ബെഹ്ത ഹാജിപൂർ സ്വദേശിയാണ് അരുൺ. ഗുരുഗ്രാമിലെ നഴ്സിംഗ് ഹോമിൽ ഒന്നിച്ച് ജോലി ചെയ്തവരായിരുന്നു അരുണും കാജലും. ആദ്യം ഇരുവരും തമ്മിലൽ സൗഹൃദമായിരുന്നു. പിന്നീടത് പ്രണയമായി മാറി. അവസാനം ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സന്തോഷപൂർണമായ ജീവിതമായിരുന്നു.
എന്നാൽ പിന്നീട് അരുൺ നിസാര കാര്യങ്ങളുടെ പേരിൽ ഭാര്യയെ ഉപദ്രവിക്കാൻ തുടങ്ങി. സ്ത്രീധനത്തിന്റെ പേരിൽ ശല്യപ്പെടുത്താനും പണം ആവശ്യപ്പെട്ട് ഉപദ്രവിക്കാനും തുടങ്ങി. മാർച്ച് നാലിന് ഹോളി ആഘോഷത്തിനായി കാജലും അരുണും കാജലിന്റെ വീട്ടിലേക്ക് പോയിരുന്നു. 17ന് രാത്രി അരുൺ മദ്യപിച്ചാണ് കാജലിന്റെ വീട്ടിലെത്തിയത്. മദ്യലഹരിയിൽ അരുണ് കാജലിനെ മർദിക്കുകയും ചെയ്തു.
അടുത്ത ദിവസം അതിനെപ്പറ്റി സംസാരിക്കുന്നതിനിടയിലും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. പിന്നാലെയാണ് കാജലിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് വീട്ടിലെ ശുചിമുറിയിൽ നിന്ന് ഒരു സിറിഞ്ച് കണ്ടെത്തിയതായി കാജലിന്റെ കുടുംബം പോലീസിനെ അറിയിച്ചു.
തുടർന്ന് അരുൺ മകളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്ന് അവർ പോലീസിനോട് പറഞ്ഞതോടെ അരുണിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു.
National
ന്യൂഡൽഹി: വിവാഹിതരാകാതെ ഉഭയകക്ഷി സമ്മതപ്രകാരം സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്പോൾ (ലിവിംഗ് ടുഗതർ) സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുരുഷനെതിരേ സ്ത്രീധന നിരോധ നിയമപ്രകാരം കേസെടുക്കാൻ സാധിക്കുമോയെന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
നിലവിലെ സാഹചര്യത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ ഭാര്യക്കു മാത്രമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പ് പ്രകാരമോ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമോ സ്ത്രീധന പീഡനത്തിനെതിരേ പരാതി നൽകാൻ സാധിക്കൂ. എന്നാൽ ലിവിംഗ് ടുഗതർ ബന്ധങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിനോടു പ്രതികരണം തേടിയ സുപ്രീംകോടതി, അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോടു കോടതിയെ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അഭിഭാഷക നീന നരിമാനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.
ലിവ് ഇൻ പങ്കാളി സമർപ്പിച്ച പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം കുറ്റവിചാരണ ആരംഭിച്ചതു ചോദ്യം ചെയ്ത് കർണാടക സ്വദേശിയായ ഡോക്ടർ സമർപ്പിച്ച ഹർജിയാണ് വിഷയത്തിന് അടിസ്ഥാനം.
National
ലക്നോ: ഉത്തർപ്രദേശിലെ ലളിത്പുർ ജില്ലയിൽ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. സ്ത്രീധനം ലക്ഷ്യമിട്ടാണ് ഇയാൾ മൂന്ന് വിവാഹം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് സ്ത്രീകളും ഒരുമിച്ചെത്തി സുനിൽ കുമാർ എന്ന യുവാവിനെതിരെ പരാതി നൽകുകയായിരുന്നു.
ശിവാനി, രാഖി, ജ്യോതി എന്നിവരാണ് പരാതിക്കാർ. ഇവർ മൂന്നുപേരെയും 2019, 2021, 2023 വർഷങ്ങളിലാണ് സുനിൽ വിവാഹം ചെയ്തത്. അവിവാഹിതനെന്നു പറഞ്ഞായിരുന്നു വിവാഹം. പോലീസ് നൽകുന്ന വിവരപ്രകാരം ലളിത്പുർ ജില്ലയിൽ താമസിക്കുന്ന സുനിൽ സ്ത്രീധനം മോഹിച്ചാണ് ഒന്നിലേറെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം കൂടുതൽ സ്ത്രീധനത്തിനായി ഭാര്യയെ പീഡിപ്പിക്കുകയും വിവാഹമോചനത്തിനു പ്രേരിപ്പിക്കുകയും ചെയ്യും.
ശേഷം അടുത്ത ഗ്രാമത്തിൽ പോയി വേറെ വിവാഹം കഴിച്ചു കുറച്ചു നാൾ ജീവിക്കും. ഇത്തരത്തിൽ നാലാമത്തെ വിവാഹത്തിനു തയാറെടുക്കുമ്പോഴാണ് മുൻഭാര്യമാർ പോലീസിൽ പരാതിയുമായി എത്തിയത്.
2019ലാണ് സുനിൽ ലളിത്പുർ ജില്ലയിലെ ശിവാനിയെ വിവാഹം ചെയ്യുന്നത്. യുവതിയുടെ വീട്ടുകാർ എട്ട് ലക്ഷത്തോളം സ്ത്രീധനമായി നൽകി. ഇതിൽ അഞ്ച് ലക്ഷം പണമായിട്ടാണ് നൽകിയത്. എന്നാൽ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് സുനിൽ പീഡനം ആരംഭിച്ചതോടെ കുടുംബ ബന്ധം തകർന്നു.
ഇതിനു ശേഷം 2021ൽ സുനിൽ ലളിത്പുർ ജില്ലയിൽതന്നെ മറ്റൊരു ഗ്രാമത്തിൽനിന്നും രാഖിയെ വിവാഹം ചെയ്തു. ഇത്തവണയും എട്ട് ലക്ഷം രൂപ സ്ത്രീധനം വാങ്ങിയായിരുന്നു വിവാഹം. എന്നാൽ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ സ്വർണമാലയും ബുള്ളറ്റ് വാഹനവും ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിക്കാൻ ആരംഭിച്ചു. തുടർന്ന് ബന്ധം അവസാനിപ്പിച്ചു.
2023 ലായിരുന്നു ജ്യോതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങി. ഇതിനിടയിൽ സുനിൽ മുൻപും വിവാഹം കഴിച്ചിട്ടുണ്ടെന്ന് ജ്യോതി മനസിലാക്കി.
തുടർന്ന് ബന്ധം അവസാനിപ്പിക്കുകയും മറ്റു ഭാര്യമാരെയും കൂട്ടി പരാതി നൽകാൻ പോലീസിൽ എത്തുകയുമായിരുന്നു. മൂന്നാം വിവാഹത്തിൽ ദമ്പതികൾക്കു പെൺകുഞ്ഞും പിറന്നിരുന്നു. അന്വേഷണം നടത്തുമ്പോൾ നാലാം വിവാഹത്തിനു തയാറെടുക്കുകയായിരുന്നു സുനിലെന്നാണ് പോലീസ് പറയുന്നത്.
Kerala
കൊച്ചി: സ്ത്രീധനം നല്കുന്നതും കുറ്റമായി കണക്കാക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ഒഴിവാക്കണമെന്ന ശിപാര്ശ കേരള നിയമ പരിഷ്കരണ കമ്മീഷന് സമര്പ്പിച്ചതായി സര്ക്കാര് ഹൈക്കോടതിയില്.
സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശിപാര്ശയില് പറയുന്നത്. സ്ത്രീധനം നല്കുന്നതിനെ കുറ്റമായി കണക്കാക്കുന്നത് സാമൂഹിക യാഥാര്ഥ്യങ്ങള് മനസിലാക്കാതെയാണെന്നടക്കം ചൂണ്ടിക്കാട്ടി.
എറണാകുളം സ്വദേശിനിയായ ടെല്മി ജോളി നല്കിയ ഹര്ജിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്, വിഷയത്തില് കേന്ദ്രസര്ക്കാര് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 11നകം ഇക്കാര്യത്തില് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്പ്പിക്കാന് ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് കേന്ദ്രസര്ക്കാരിന് നിര്ദേശം നല്കി.
National
ഹൈദരാബാദ്: തെലുങ്കാനയിൽ സ്ത്രീധന തർക്കത്തെ തുടർന്ന് യുവതിയെ മർദിച്ചു കൊന്നു. വിക്രബാദ് ജില്ലയിലാണ് സംഭവം. 22കാരിയായ അനുഷ ആണ് മരിച്ചത്.
മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു പരമേഷ് കുമാറു(28)മായി അനുഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സ്ത്രീധനത്തിന്റെ പേരിൽ ഇരുവരും വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുൻപ് വഴക്കിനെ തുടർന്ന് അനുഷ മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. എന്നാൽ സമാധാന ചർച്ചയെ തുടർന്ന് അനുഷ, പരമേഷിനൊപ്പം മടങ്ങി. എന്നാൽ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി.
പരമേഷ്, അനുഷയുടെ കഴുത്തിൽ പിടിച്ചു തള്ളുന്നതും കൈയിൽ പിടിച്ചു വലിക്കുന്നതും വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അനുഷ താക്കോൽ വലിച്ചെറിഞ്ഞു. ഇതിൽ പ്രകോപിതനായ പരമേഷ്, മുഖത്ത് അടിക്കുകയും വയറിൽ തൊഴിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന മര കഷണം ഉപയോഗിച്ച് അനുഷയുടെ തലയിൽ അടിച്ചു.
സംഭവം കണ്ട അയൽവാസിയായ സ്ത്രീ പരമേഷിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഗുരുതര പരിക്കേറ്റ അനുഷയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
സംഭവത്തിൽ അനുഷയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
National
തഡെപള്ളി(ആന്ധ്രപ്രദേശ്): ഐഎഎസ് ഉദ്യോഗസ്ഥന്റെ 25 വയസുള്ള മകൾ വീടിനുള്ളിലെ ശുചിമുറിയിൽ ജീവനൊടുക്കി.
മാധുരി സാഹിതിബായി ആണു മരിച്ചത്. സ്ത്രീധന പീഡനത്തെത്തുടർന്ന് ഭർതൃവീട്ടിൽനിന്നു പുറത്താക്കിയശേഷം മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഗുണ്ടൂർ ജില്ലയിലാണു സംഭവം.
നന്ദ്യാൽ ജില്ലയിലെ രാജേഷ് നായിഡുവുമായി പ്രണയത്തിലായിരുന്നു മാധുരി. മാതാപിതാക്കളെ അറിയിക്കാതെ ഇരുവരും വിവാഹിതരായി. പിന്നീട് വീട്ടുകാർ ഇവരുടെ വിവാഹം നടത്തിക്കൊടുത്തു.മാസങ്ങൾ കഴിഞ്ഞാണ് സ്ത്രീധന പീഡനത്തെക്കുറിച്ച് യുവതി വീട്ടുകാരോടു പറയുന്നത്.
ഇതിനിടെ, മാതാപിതാക്കളുടെ ആവശ്യപ്രകാരം മാധുരി ഇവർക്കൊപ്പം താമസിച്ചുവരികയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഗർഭിണിയായ യുവതി തല്ലിക്കൊന്നു. ഗോപാൽപൂർ ഗ്രാമത്തിലാണ് സംഭവം.
രംഗ്പുർ ഗ്രാമവാസിയായ രജനി കുമാരി(21)യാണ് കൊല്ലപ്പെട്ടത്. ഭർത്താവും ബന്ധുക്കളും ചേർന്ന് രജനി കുമാരിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഈ വർഷം ഏപ്രിലിലാണ് സച്ചിൻ എന്ന യുവാവുമായി രജനി കുമാരിയുടെ വിവാഹം നടന്നത്. രജനിയുടെ ഭർത്താവ്, സഹോദരന്മാരായ പ്രാൻഷു, സഹ്ബാഗ്, ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടീന എന്നിവർ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (റൂറൽ) രാഹുൽ മിതാസ് പറഞ്ഞു.
എന്നാൽ പണം നൽകാത്തതിനെ തുടർന്ന് പ്രതികൾ വെള്ളിയാഴ്ച യുവതിയെ ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കേറ്റ രജനി മരിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ രജനിയുടെ അമ്മ സുനിതാ ദേവി ശനിയാഴ്ച ഒഞ്ച പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രജനിയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും എഎസ്പി മിതാസ് പറഞ്ഞു.
District News
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ മൃതദേഹം ഇന്ന് കുണ്ടറയിലെ കുടുംബശ്മശാനത്തിൽ സംസ്കരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനമാണ് മരണകാരണമെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
മരണത്തിലെ ദുരൂഹത നീങ്ങാത്തതിനാൽ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുണ്ട്. സംഭവത്തിൽ കുണ്ടറ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സ്ത്രീധന പീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബായിൽ സംസ്കരിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.