x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകമേ കാണൂ, ഇതാ മെസി! ഹാട്രിക് ഗോളുമായി സൂപ്പർതാരം, അൾജീരിയയെ തകർത്ത് അർജന്‍റീന

സ്പോർട്സ് ഡെസ്ക്
Published: June 17, 2026 08:56 AM IST | Updated: June 17, 2026 09:23 AM IST

കാൻസാസ് സിറ്റി: എന്തൊരു മനോഹരമായ കാഴ്ചയാണ്. കാൽപ്പന്ത് കളിയുടെ എല്ലാ സൗന്ദര്യവും ഇടംകാലിൽ ആവാഹിച്ച മൂന്നു ഗോളുകൾ. ലോകത്തിന്‍റെ നിറുകയിലെത്തി ലോകകിരീടം ചുംബിച്ച ഫുട്ബോൾ മാന്ത്രികൻ വീണ്ടും മൈതാനത്ത് വിസ്മയം തീർത്തു.

എന്നും എതിരാളികളെ നിഷ്പ്രഭമാക്കുന്ന ആ മെസി മാജിക്കിനായിരുന്നു കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്. അള്‍ജീരിയക്കെതിരേ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് അർജന്‍റീന ജയിച്ചത്. അതിൽ മൂന്നും പിറന്നത് ലയണൽ മെസിയുടെ കാലുകളിലായിരുന്നു. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്കോര്‍ ചെയ്തത്. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് ആണിത്.

അർജന്‍റീന ജേഴ്സിയിൽ തന്‍റെ 200-ാം അന്താരാഷ്ട്ര മത്സരത്തിലാണ് മെസി അവിസ്മരണീയ പ്രകടനം കാഴ്ചവച്ചത്. ഇതോടെ, ലോകകപ്പിൽ ആകെ 16 ഗോളുകളുമായി ജർമൻ താരം മിറോസ്‌ലാവ് ക്ലോസെക്കൊപ്പമെത്തി മെസി. കൂടാതെ, ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന അപൂർവ റിക്കാർഡും മെസിയുടെ പേരിലായി.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ലയണൽ മെസി അൾജീരിയൻ വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്‌സൈഡ് ആയി. തൊട്ടുപിന്നാലെ ഒൻപതാം മിനിറ്റിൽ പ്രത്യാക്രമണത്തിൽ അൾജീരിയയുടെ ഫാരെസ് ചൈബി അർജന്‍റീനൻ വല കുലുക്കിയെങ്കിലും റഫറി വീണ്ടും ഓഫ്‌സൈഡ് വിധിച്ചു.

പിന്നീട്, 17-ാം മിനിറ്റിലാണ് മെസി മാജിക് കണ്ടത്. റോഡ്രിഗോ ഡി പോളിന്‍റെ പാസ് സ്വീകരിച്ച മെസി അൽജീരിയൻ പ്രതിരോധത്തെ വെട്ടിച്ച് മുന്നേറി. ബോക്സിനു പുറത്തുനിന്ന് തൊടുത്ത അതിമനോഹരമായൊരു ലോംഗ് റേഞ്ചർ അൾജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാനെ മറികടന്ന് ഗോൾപോസ്റ്റിലേക്ക് വലതുമൂലയിലേക്ക്. അർജന്‍റീന മുന്നിൽ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്‍റീന ലീഡ് വർധിപ്പിച്ചു. അറുപതാം മിനിറ്റിൽ വീണ്ടും മെസി മാജിക്. അൾജീരിയൻ പ്രതിരോധത്തിന്‍റെ പിഴവുകൾ മുതലെടുത്ത് മെസി ഇടംകാലുകൊണ്ട് തൊടുത്ത ഷോട്ട് വലയിലേക്ക്. അർജന്‍റീന വിജയം ഉറപ്പിച്ചു.

തൊട്ടുപിന്നാലെ 76-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ഗ്രൗണ്ടറിലൂടെ മെസി വീണ്ടും അള്‍ജീരിയന്‍ ഗോള്‍ വല കുലുക്കി. മെസിക്ക് ഹാട്രിക്, പിന്നാലെ അർജന്‍റീനയ്ക്ക് ആവേശ ജയം.

Tags : Argentina Algeria

Recent News

Corehub Up