കേരളത്തിൽ ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസ മേഖല നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ്, വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റം, പരമ്പരാഗത വിഷയങ്ങളോടുള്ള താത്പര്യക്കുറവ്, വേണ്ടത്ര നൈപുണ്യം നൽകാൻ അപര്യാപ്തമായ പാഠ്യപദ്ധതി, തൊഴിൽസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ, ഗവേഷണ നവീകരണ പ്രവർത്തനങ്ങളുടെ അപര്യാപ്തത, വ്യവസായ-വിദ്യാഭ്യാസ ബന്ധത്തിന്റെ ദൗർബല്യം തുടങ്ങിയ ഘടകങ്ങൾ ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഇവയ്ക്കെല്ലാം ഒരു പരിഹാരമെന്നോണം, നമ്മുടെ സംസ്ഥാനത്തു വർഷങ്ങളായി നടപ്പാക്കിയ പദ്ധതികളൊന്നും വേണ്ടരീതിയിൽ ലക്ഷ്യം കണ്ടില്ലെന്നു മാത്രമല്ല, ഇവ കുട്ടികളെ പരമ്പരാഗത ബിരുദ വിദ്യാഭ്യാസത്തിൽനിന്ന് അകറ്റുകയാണുണ്ടായത്. ഈ വിഷയത്തിൽ പുതുതായി ചുമതലയേറ്റ സർക്കാരിലെ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ടതുണ്ട്.
മാറേണ്ട വിദ്യാഭ്യാസരീതി
ഓരോ വർഷം മുന്നോട്ടു പോകുന്തോറും ആർട്സ് ആൻഡ് സയൻസ് പഠനത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണു നമ്മുടെ സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് സയൻസ് വിഷയങ്ങളിൽ. ഈ അവസ്ഥ മാറിയേ തീരൂ. പരമ്പരാഗത ബിരുദ വിദ്യാഭ്യാസം ഒരു ജോലി നേടാനുള്ള മാർഗം മാത്രമല്ല; ഒരു വ്യക്തിയുടെ ചിന്താശേഷി, ആശയവിനിമയ കഴിവ്, സാമൂഹിക ബോധം, പ്രശ്നപരിഹാര ശേഷി, ശാസ്ത്രീയ സമീപനം എന്നിവ വികസിപ്പിക്കുന്ന അടിസ്ഥാന ഘടകമാണ്. എന്നാൽ സെമസ്റ്റർ സമ്പ്രദായത്തിൽ പ്രത്യേകിച്ച്, അധ്യയന ദിവസങ്ങളുടെ കുറവും പരീക്ഷകളുടെയും മൂല്യനിർണയങ്ങളുടെയും ബാഹുല്യവും കൂടിയാകുമ്പോൾ വിദ്യാർഥികളുമായി, അവർ ആഗ്രഹിക്കുന്ന രീതിയിൽ സംവദിക്കാൻപോലും അധ്യാപകർക്കു സാധിക്കുന്നില്ല എന്നതാണ് വസ്തുത. ഓട്ടപ്രദക്ഷണത്തിലാണ് എല്ലാവരും.
കുട്ടികളുടെ ഭാവനകൾ ഉണർത്തുന്ന രീതിയിലല്ല നമ്മുടെ പാഠ്യപദ്ധതി എന്നത് അടിസ്ഥാന പ്രശ്നമായി അവശേഷിക്കുന്നു. ക്ലാസ് മുറികളിൽ ചിന്തകൾ ഉണരുന്നില്ല, ചർച്ചകൾ നടക്കുന്നില്ല. “ഇത് കൊള്ളാമല്ലോ” എന്ന് വിദ്യാർഥികൾക്കു തോന്നുന്ന എത്ര കാര്യങ്ങൾ നമ്മുടെ പാഠ്യപദ്ധതിയിലുണ്ട് എന്ന് അധ്യാപകർ സ്വയം ചോദിക്കുന്നതു നന്നാകും. പിന്നെങ്ങനെ നാം വിദ്യാർഥികളുടെ "അറ്റൻഡൻസ് സ്പാൻ'നെ കുറ്റം പറയും.
സാധാരണ കുടുംബങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കു പ്രവേശനം ലഭിക്കുന്ന പ്രധാന വേദികളാണ് പരമ്പരാഗത ബിരുദ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ നമ്മുടെ ഭാവി വിജ്ഞാനസമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തണമെങ്കിൽ ബിരുദതല ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസത്തെ കൂടുതൽ പ്രസക്തവും ആകർഷകവും തൊഴിൽകേന്ദ്രീകൃതവുമാക്കി മാറ്റേണ്ടത് അനിവാര്യമാണ്. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ലഭിക്കുന്ന വിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്തുകയും ആധുനിക കാലഘട്ടത്തിന് അനുയോജ്യമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പതിവാകുന്ന നിർദേശങ്ങൾ
നമ്മുടെ ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും പുതിയതല്ല. ആധുനികവും തൊഴിൽകേന്ദ്രീകൃതവുമായ പാഠ്യപദ്ധതികൾ നടപ്പാക്കുക, നൈപുണ്യ വികസനത്തിനു പ്രത്യേക പ്രാധാന്യം നൽകുക, വ്യവസായ-വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുക, ഗവേഷണ സംസ്കാരം ബിരുദതലത്തിൽതന്നെ വളർത്തുക, ശാസ്ത്ര വിഷയങ്ങളോടുള്ള താത്പര്യം വർധിപ്പിക്കുക, കലാ-മാനവിക വിഷയങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുക, ക്ലാസ് മുറികളിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക, അധ്യാപക ശക്തീകരണം ഊർജിതമാക്കുക, ദേശീയ, അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുക, സംരംഭകത്വ വികസനം സാധ്യമാക്കുക, കരിയർ ഗൈഡൻസ് അഭിരുചിക്കനുസൃതമാക്കുക, പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്വവും വർധിപ്പിക്കുക എന്നിങ്ങനെ മേഖലകൾ അനവധി. എന്നാൽ ഇവയൊക്കെ നടപ്പാക്കിയതിലുള്ള പാളിച്ചകൾ അഥവാ ഇച്ഛാശക്തിയില്ലായ്മയാണ് ഈ ദുരവസ്ഥക്കു കാരണം. സമൂലമായ പാഠ്യപദ്ധതി പരിഷ്കരണത്തിന് ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസസമൂഹം തയാറാകണം. മേൽ സൂചിപ്പിച്ചവയെല്ലാം നമ്മുടെ പാഠ്യപദ്ധതിയിലൂടെ സാധ്യമാകണം.
നമ്മുടെ ചിന്താഗതികളിൽ മാറ്റമുണ്ടാകണം. സമ്പൂർണമായ മാറ്റത്തിനു നാം തയാറാകണം. വിട്ടുവീഴ്ചകൾ നിർബന്ധമായി വരും. അല്ലാതെ പേരിനു മാത്രമായി ഇവയെല്ലാം കാട്ടിക്കൂട്ടിയാൽ പരീക്ഷണത്തിനായി എക്കാലത്തും കുട്ടികളെ കിട്ടില്ലെന്ന യാഥാർഥ്യം നാം തിരിച്ചറിയണം.
ബോധവത്കരണം
ആർട്സ് ആൻഡ് സയൻസ് ബിരുദ വിദ്യാഭ്യാസത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യം പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക ബോധവത്കരണ പരിപാടികൾ നടപ്പാക്കുന്നത് നന്നായിരിക്കും. പല വിഷയങ്ങളുടെയും പാഠ്യപദ്ധതികൾ ഇന്നത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി ഒട്ടുംതന്നെ പൊരുത്തപ്പെടുന്നില്ല. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അധ്യാപക പരിശീലനത്തിനു കൂടുതൽ പ്രാധാന്യം നൽകണം. ആശയവിനിമയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം, ടീം വർക്ക്, പ്രശ്നപരിഹാര കഴിവ്, നേതൃത്വശേഷി തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന ക്രെഡിറ്റ് അധിഷ്ഠിത കോഴ്സുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
ഓരോ കോളജിലും ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് സെല്ലുകൾ ശക്തിപ്പെടുത്തണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു കൂടുതൽ സ്കോളർഷിപ്പുകൾ നൽകണം. മെറിറ്റ് അടിസ്ഥാനത്തിലും ആവശ്യമനുസരിച്ചും പ്രത്യേക സഹായ പദ്ധതികൾ നടപ്പാക്കണം. വിദ്യാർഥികളിൽ പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവനം, ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടനാ ബോധം എന്നിവ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. സമഗ്ര വ്യക്തിത്വ വികസനം വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരിക്കണം.
സാമ്പത്തിക വിഭവങ്ങളുടെ ഒഴുക്ക്
വിദ്യാർഥികൾ സംസ്ഥാനത്തിനു പുറത്തേക്കു പോകുമ്പോൾ വലിയതോതിൽ സാമ്പത്തിക വിഭവങ്ങളും സംസ്ഥാനത്തിനു പുറത്തേക്ക് ഒഴുകുന്നു. വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഈ സാമ്പത്തിക ഒഴുക്ക് കുറയ്ക്കുന്നതിനും കേരളത്തെതന്നെ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമാക്കുന്നതിനും ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ നിലവാരം ഉയർത്തേണ്ടത് അനിവാര്യമാണ്. വിദ്യാർത്ഥികൾ പുറത്തേക്കു പോകുന്നത് അവരുടെ വ്യക്തിപരമായ വളർച്ചയ്ക്കുള്ള അവസരമാകാം. എന്നാൽ, കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽതന്നെ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നത് സംസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷി വികസനത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഗുണകരമാകും.
കേരളത്തിലെ ബിരുദതല ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസത്തിന്റെ മഹത്വവും പ്രസക്തിയും പുനഃസ്ഥാപിക്കുന്നതിനായി സർക്കാർ സമഗ്രമായ പ്രവർത്തനപദ്ധതി രൂപീകരിച്ചു നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നു. ചില മിനുക്കുപണികളല്ല നമുക്കാവശ്യം, മറിച്ച് സമ്പൂർണമായൊരു ഉടച്ചുവാർക്കലാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തവും ആഗോള മത്സരക്ഷമവുമാക്കുന്നതിനുള്ള ശക്തമായ ഇടപെടലുകൾക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി നേതൃത്വം നൽകുമെന്നും പ്രതീക്ഷിക്കാം.
(മാന്നാനം കെഇ കോളജ് പ്രിൻസിപ്പലാണ് ലേഖകൻ)
Tags : Arts & Science Colleges Crisis