നീണ്ട കാലത്തെ അവഗണനയ്ക്കു ശേഷം പ്രതീക്ഷയോടെ കേരളത്തിന്റെ ബജറ്റിനെ കാത്തിരിക്കുകയാണ് കുട്ടനാട്. വിസ്മയങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ന്യായമായതും പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുന്നതുമായ ആവശ്യങ്ങൾ നിറവേറ്റപ്പെടും എന്ന പ്രതീക്ഷയിലാണ് കുട്ടനാട്. 2018ലെ പ്രളയം തുടങ്ങി അടിസ്ഥാനപരമായ ചില മാറ്റങ്ങൾക്കു വേണ്ടി കുട്ടനാട് കാത്തിരിക്കുകയാണ്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 73 പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന വിശാലമായ ഒരു ഭൂപ്രദേശമാണ് കുട്ടനാട് എങ്കിലും കുട്ടനാട് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് 13 പഞ്ചായത്തുകളാണ്. രണ്ട് ലക്ഷത്തോളം ആളുകൾ നേരിട്ടും 14 ലക്ഷത്തോളം ആളുകൾ അല്ലാതെയും ബന്ധപ്പെടുന്ന കുട്ടനാട് കേരളത്തിൽ ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടി പോരാടുന്നവരുടെ നാടാണ് എന്ന പരിഗണന നല്കണം. കുട്ടനാടൻ ജനതയുടെ ആവശ്യങ്ങൾ ഏറെയാണ്. അവയിൽ പ്രധാനപ്പെട്ട ചിലത് ഇവയാണ്.
കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റി
മുഖ്യമന്ത്രി വി.ഡി. സതീശൻ തെരഞ്ഞെടുപ്പു കാലത്ത് കുട്ടനാടൻ ജനതയ്ക്ക് കുട്ടനാട്ടിൽ വച്ച് നല്കിയ വാഗ്ദാനമാണ് കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റി. കുട്ടനാടിന്റെ സമഗ്രപുരോഗതി ലക്ഷ്യം വയ്ക്കുന്നതും ഇവിടത്തെ ജനജീവിതത്തെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു സാഹചര്യം രൂപപ്പെടുത്തിയെടുക്കാനും കുട്ടനാടിന് ഒരു വികസന മാസ്റ്റർ പ്ലാൻ രൂപീകരിക്കാനും നേതൃത്വം കൊടുക്കാൻ സാധിക്കുന്ന സമതിയാകണം കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റി. ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടുമൊപ്പം കുട്ടനാടിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവർ ഉൾപ്പെടുന്നതാകണം ഈ അഥോറിറ്റി. അതിന്റെ രൂപീകരണവും പ്രഖ്യാപനവും കുട്ടനാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
നെല്ലു സംഭരണത്തിന് സ്ഥിരം ഫണ്ട്
എന്നും പ്രശ്നസങ്കീർണമായ ഒരു മേഖലയാണ് കുട്ടനാട്ടിലെ നെൽകൃഷിയും നെല്ല് സംഭരണവും. കൃഷി തുടങ്ങുമ്പോൾ മുതൽ തുടങ്ങുന്ന പ്രശ്നങ്ങൾ നെല്ല് സംഭരണം നടത്തി മാസങ്ങൾ കഴിഞ്ഞാലും നെല്ല് വില കൊടുക്കാനാവാത്തതിനാൽ തുടർന്നുകൊണ്ടേയിരിക്കുന്നു. നഷ്ടം സഹിച്ചും കൃഷി ചെയ്താൽ യഥാസമയം നെല്ലുവില കിട്ടും എന്ന പ്രതീക്ഷയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ കർഷകർ കൃഷിക്ക് ഒരുങ്ങൂ. നെല്ല് സംഭരണത്തിനു വേണ്ടി ഏകദേശം 750-1000 കോടി രൂപ ഒരിക്കൽ മാറ്റിവയ്ക്കാൻ സർക്കാർ തയാറായാൽ തീർപ്പാക്കാവുന്ന പ്രശ്നങ്ങളേ ഈ മേഖലയിൽ നിലവിലുള്ളൂ. ഭക്ഷ്യ സുരക്ഷയ്ക്കായി പോരാടുന്ന കേരളത്തിലെ നെൽകർഷകർക്കു വേണ്ടി ഇത്രയും ചെയ്യാനായാൽ അവരുടെ പ്രതീക്ഷകൾക്ക് ജീവൻ വയ്ക്കും.
കുട്ടനാടൻ തനത് ഇനങ്ങൾക്ക് പ്രോത്സാഹനം
കുട്ടനാട്ടിൽ മാത്രമുള്ള കുട്ടനാടൻ പുഞ്ച അരി, ദേശീയ അംഗീകാരം നേടിയ കുട്ടനാടൻ താറാവ്, കുട്ടനാടൻ കരിമീൻ എന്നിവയുടെ വിപണന സാധ്യതകൾ വർധിപ്പിക്കുന്നതിനും കൂടുതൽ ജനകീയമാക്കുന്നതിനും വേണ്ട കേന്ദ്രീകൃത ഇടപെടലും പ്രോത്സാഹനവും ഉണ്ടാവണം. കുട്ടനാടൻ നെല്ല് കുട്ടനാട്ടിലോ സമീപ പ്രദേശത്തോ സംഭരിച്ച് അരിയാക്കി വിപണിയിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഉണ്ടാവേണ്ടിയിരിക്കുന്നു. അതോടൊപ്പം വിദേശവിപണിയിലും ഇടം നേടിയെടുക്കണം. തനത് കുട്ടനാടൻ പുഞ്ച അരിയുടെ വിവിധ ഉത്പന്നങ്ങളും അവ തയാറാക്കാനുള്ള യൂണിറ്റുകളും ആരംഭിക്കണം. അങ്ങനെയുള്ള യൂണിറ്റുകൾക്ക് അതിനു ധനസഹായം നല്കുന്നതിനുള്ള നടപടികളും ഉണ്ടാവണം. അതോടൊപ്പം തനത് കുട്ടനാടൻ താറാവിനങ്ങൾതന്നെ എന്ന് ഉറപ്പ് വരുത്തി കാർഷകർക്കും ഉപഭോക്താക്കൾക്കും യഥാക്രമം മികച്ച വിലയും നല്ല ഉത്പന്നവും ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ സാധിക്കണം. എങ്കിൽ മാത്രമേ കുട്ടനാടൻ പുഞ്ച അരിയും കുട്ടനാടൻ തനത് താറാവുംകൊണ്ട് കുട്ടനാടിന് ഗുണം ചെയ്യൂ.
കുടിവെള്ളവും അടിസ്ഥാന വികസനവും
വീട്, വഴി, കുടിവെള്ളം ഇവയെല്ലാം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണെങ്കിലും കുട്ടനാടൻ ജനതയ്ക്ക് ഇവ പലപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. എല്ലായിടത്തും കുടിവെള്ളം എത്തിക്കാൻ പ്രാദേശിക കുടിവെള്ള പദ്ധതികൾ വളരെ വേഗം നടപ്പിൽ വരുത്തണം. റോഡുകൾ കുട്ടനാടൻ ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം രൂപകല്പന നടത്തുകയും ഭൂപ്രകൃതിക്കും റോഡിനും താങ്ങാവുന്ന തരം വാഹനങ്ങൾമാത്രം കുട്ടനാട്ടിലെ റോഡുകളിൽ സഞ്ചരിക്കുന്നതിന് അനുമതി നല്കുകയും ചെയ്യണം.
വിനോദസഞ്ചാരനേട്ടം ലഭ്യമാകണം
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കുട്ടനാടെങ്കിലും കുട്ടനാട്ടുകാർ ഇവിടെ വെറും കാഴ്ചക്കാർ മാത്രമായി മാറുന്നു. കുട്ടനാടിന്റെ കായൽ പശ്ചാത്തലങ്ങളും കൃഷിയിടങ്ങളും നല്ല വിനോദ സഞ്ചാര ലക്ഷ്യങ്ങളും ഫാം ടൂറിസ കേന്ദ്രങ്ങളും ആക്കിത്തീർക്കുന്നതിനുള്ള പദ്ധതികൾ കൂടി രൂപകല്പന ചെയ്യണം. പ്രഖ്യാപിച്ച് നടപ്പിലാക്കണം.
വെള്ളക്കെട്ട് ഒഴിവാക്കണം
മഴ പെയ്താൽ വെള്ളം പൊങ്ങും എന്നത് പ്രകൃതി നിയമമാണ്. ഇത് അംഗീകരിക്കാനും അതിനോട് പൊരുത്തപ്പെടാനും കുട്ടനാടൻ ജനത തയാറാണ്. എന്നാൽ ഉത്തരവാദിത്വപ്പെട്ടവരുടെ പിടിപ്പുകേടിന്റെ തിക്തഫലം അനുഭവിക്കാനാണ് ഇന്ന് കുട്ടനാട്ടുകാർ നിർബന്ധിതരായിരിക്കുന്നത്. കായലിലെയും നദികളിലെയും മണലും ചെളിയും നീക്കം ചെയ്ത് 1990 കളിലെ ആഴത്തിലേക്ക് ഇവയെ കൊണ്ടുവന്നാൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരീതം ലഘുകരിക്കാൻ സാധിക്കും. അതോടൊപ്പം ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് യഥാസമയം ഒഴുക്കിക്കളയാനുള്ള സൗകര്യവും ഒരുക്കണം.
പത്തനംതിട്ടയിലും കോട്ടയത്തും മഴ പെയ്താൽ വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാട്ടിൽ, മേൽ പറഞ്ഞ സ്ഥലങ്ങളിൽനിന്ന് ഒഴുകിയെത്താവുന്ന വെള്ളത്തിന്റെ കണക്ക് അവിടെത്തന്നെ കണക്കാക്കി എത്ര വേഗത്തിൽ ഒഴുക്കി കളഞ്ഞാൽ കുട്ടനാട്ടിൽ ദുരിതം വിതയ്ക്കാതെ കടന്നുപോകും എന്ന് കണക്കാക്കാനുള്ള ആധുനിക സൗകര്യങ്ങൾ ഇന്ന് നിലവിലുണ്ട്. അവ ഉപയോഗിക്കാനാവണം. എങ്കിൽ മാത്രമേ കുട്ടനാട് വെള്ളപ്പൊക്ക ദുരിതത്തിൽനിന്നു കരകയറൂ.
Tags : Kuttanad budget hope Kerala budget