പ്രതീകാത്മക ചിത്രം
വിദ്യാഭ്യാസ നിലവാരം, സമൂഹ്യാവബോധം, പൗരാവകാശ ബോധം, സജീവമായ മാധ്യമ ഇടപെടൽ തുടങ്ങി ജനാധിപത്യ മൂല്യങ്ങൾ ഏറെ ശക്തിപ്രാപിച്ച നാടാണ് നമ്മുടേത്. അക്കാര്യത്തിൽ നൂറ്റാണ്ടുകളുടെ ആധുനിക ജനാധിപത്യ പാരമ്പര്യമുള്ള രാജ്യങ്ങളേക്കാൾ ഒട്ടും പിന്നിലല്ല കേരളം.
കടുത്ത മത്സര പരീക്ഷയിലൂടെ കേരള പോലീസിൽ അംഗമാകുന്ന സിവിൽ പോലീസ് ഓഫീസർമാർ മുതലുള്ളവരുടെ നിലവാരവും മികച്ചതാണ് എന്നതാണ് എന്റെ ബോദ്ധ്യം. കേരളാ പോലീസിന് അഭിമാനകരമായ ഏറെ നേട്ടങ്ങളുണ്ടെങ്കിലും, നൂറ്റാണ്ടുകളുടെ ജനാധിപത്യ ഭരണാനുഭവമുള്ള യൂറോപ്യൻ രാജ്യങ്ങളുമായും മറ്റും താരതമ്യം ചെയ്യുമ്പോൾ നമുക്കിനിയും മുന്നേറാനാകും. അവിടെയാണ് പോലീസ് പരിഷ്കരണം പ്രസക്തമാകുന്നത്.
സാധാരണ പൗരൻ തന്റെ പ്രശ്നങ്ങൾക്ക്, പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തുന്ന പോലീസ് സ്റ്റേഷനുകളാകണം പോലീസ് പരിഷ്്കരണത്തിന്റെ കേന്ദ്രബിന്ദു. ഓരോ പൗരന്റെയും അന്തസിനെ മാനിച്ച് പ്രഫഷണലിസത്തിന്റെ പാതയിൽ, സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി, സേവന മനോഭാവത്തോടെ പ്രവർത്തിച്ച് ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ഉത്തമ മാതൃകയായി ഓരോ പോലീസ് സ്റ്റേഷനും മാറണം. ഈ ലക്ഷ്യത്തോടെ സർക്കാർ നാളെ മുതല്‍ നടപ്പാക്കുന്ന പരിഷ്കരണമാണ് "എന്റെ പോലീസ് സ്റ്റേഷൻ'. ഈ പരിഷ്കരണ പദ്ധതി, നമ്മുടെ രാജ്യത്ത്, ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ ഉതകുന്ന, ജനാധിപത്യ പോലീസിംഗിലെ ഒരു നിർണായക ചുവടുവയ്പാണ്.
പൗരന്റെ അന്തസിനെ മാനിക്കുന്ന മികച്ച പ്രഫഷണലുകളായി ഉയർന്ന് മെച്ചപ്പെട്ട പ്രവർത്തനങ്ങളിലൂടെ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി എങ്ങനെ ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാം എന്നതാണ് പോലീസ് പരിഷ്്കരണത്തിന്റെ പ്രധാന അജൻഡ. മുഖ്യമായും ഒരു വ്യക്തി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുന്നത് പരാതി നൽകുന്നതിനോ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിനോ വിവിധ സർട്ടിഫിക്കറ്റുകൾക്കോ ആണ്. പരിഷ്കരണ അജണ്ടയുടെ അന്തഃസത്ത ഉൾക്കൊണ്ട് പോലീസ് സ്റ്റേഷൻ പ്രവർത്തനം മുന്നോട്ടുപോകുമ്പോൾ സ്വാഭാവികമായും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങിയവർക്ക് മെച്ചപ്പെട്ട, അർഹമായ പരിഗണന ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
പോലീസിന്റെ എല്ലാ നേട്ടങ്ങൾക്കും മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് കസ്റ്റഡി മർദനം, കസ്റ്റഡി കൊലപാതകം, നിയമവിരുദ്ധ കസ്റ്റഡി, പരുക്കൻ പെരുമാറ്റം (സഭ്യേതരമായ ഭാഷ) തുടങ്ങിയ കസ്റ്റോഡിയൽ കുറ്റങ്ങള്‍.കേരളം പോലെയുള്ള പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് അപമാനമാണ് പോലീസ് കസ്റ്റഡിയില്‍ ഒരു പൗരന് നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍. കുറ്റാന്വേഷണത്തിലും മറ്റും പ്രഫഷണലിസത്തിന്റെയും ശാസ്ത്രീയ രീതികളുടെയും പാത സ്വീകരിക്കുന്നതിന് പകരം മൂന്നാംമുറ പോലുള്ള അപരിഷ്കൃതവും നിയമ വിരുദ്ധവുമായ വഴി സ്വീകരിക്കാൻ പാടില്ല.
ജനാധിപത്യ സമൂഹത്തിൽ കുറ്റകൃത്യം തെളിയിക്കുന്നതുപോലെ പ്രധാനമാണ് അതിനു പോലീസ് സ്വീകരിക്കുന്ന വഴികളും. നമ്മുടേതിനേക്കാൾ ദീർഘമായ ജനാധിപത്യ ഭരണാനുഭവമുള്ള പല സമൂഹങ്ങളിലും സാധ്യമായതുപോലെ പോലീസ് കസ്റ്റഡിയിലെ അതിക്രമങ്ങള്‍ ഇല്ലാതാക്കാൻ കഴിഞ്ഞാൽ കേരള പോലീസിന്റെ പ്രതിച്ഛായ മറ്റൊരു തലത്തിലേക്ക് ഉയരും.
ജനവിശ്വാസം വർധിക്കും; പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിലൂടെ പോലീസിന്റെ കാര്യക്ഷമതയും വർധിക്കും. കസ്റ്റോഡിയൽ ക്രൈമുകള്‍ ഇല്ലായ്മ ചെയ്യുക എന്നതാണ് പോലീസ് പരിഷ്കരണത്തിന്റെ അടുത്ത പ്രധാന അജൻഡ.
പദ്ധതിയുടെ അജൻഡ നടപ്പാക്കുന്നതിനുള്ള കർമപരിപാടിക്ക് രൂപം നൽകി അതിന്റെ തുടക്കം കുറിച്ച് കഴിഞ്ഞു. പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും പുതിയ ദിശാബോധം നൽകുന്നതിനുള്ള പരിശീലനത്തിന് ഏറെ പ്രധാന്യമുണ്ട്.
പോലീസ് സ്റ്റേഷനുകളിൽ ഗുണകരമായ മാറ്റം കൊണ്ടുവരുന്നതിന് സർക്കിൾ ഇൻസ്പെക്ടർ മുതൽ മുകളിലോട്ടുള്ള സൂപ്പർവൈസറി ഉദ്യോഗസ്ഥർക്കും കൃത്യമായ പരിശീലനം നൽകും. പോലീസ് സ്റ്റേഷനിൽ പൗരന്മാരോട് സൗഹാർദമായ സമീപനം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, പൊലീസ് സർവീസിനുള്ളിൽ കീഴുദ്യോഗസ്ഥരോട് ആരോഗ്യകരമായ നല്ല ബന്ധം പുലർത്താൻ സൂപ്പർവൈസറി ഉദ്യോഗസ്ഥർക്ക് കഴിയണം.
അനാവശ്യ സമ്മർദം ആത്മഹത്യയിലേക്ക് നയിയ്ക്കുന്നതുപോലുള്ള അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. സ്റ്റേഷൻ സ്റ്റാഫുമായി നിരന്തര സമ്പർക്കത്തിലൂടെ അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും അനാവശ്യ സമ്മർദങ്ങൾ ഒഴിവാക്കുകയും ജോലിയുടെ അന്തരീക്ഷം മെച്ചപ്പെട്ടതാക്കുകയും വേണം. സൂപ്പർവൈസറി ഉദ്യോഗസ്ഥർ, മാറിവരുന്ന സാങ്കേതിക വിദ്യ കുറ്റാന്വേഷണ രംഗത്തുണ്ടാക്കുന്ന മാറ്റങ്ങൾ സ്വയം പഠിക്കുകയും കീഴുദ്യോഗസ്ഥരെ പഠിപ്പിക്കുകയും ചെയ്യും.
പദ്ധതിയുടെ ഒരു പ്രധാന ഘടകമാണ് പോലീസ് സേവനത്തിനായി സ്റ്റേഷനിൽ വരുന്ന വ്യക്തികളിൽനിന്നു ശേഖരിക്കുന്ന അഭിപ്രായം. റേഞ്ച് ഡിഐജിമാർ തങ്ങളുടെ കീഴിലുള്ള പോലീസ് സ്റ്റേഷനുകളിൽനിന്ന് ഇത്തരം വിവരങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ കൂടി പ്രയോജനപ്പെടുത്തി ശേഖരിക്കും. ഇങ്ങനെ ലഭിക്കുന്ന വിലപ്പെട്ട അഭിപ്രായങ്ങൾകൂടി കണക്കിലെടുത്ത് പോലീസ് സ്റ്റേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള തുടർ നടപടികൾ ആവിഷ്കരിക്കും.
സംസ്ഥാനത്ത് കഴിഞ്ഞ 20 വർഷത്തോളമായി നിലനിൽക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതി കാലാനുസൃതമായി നവീകരിച്ച് പോലീസ് പരിഷ്കരണ സംരംഭത്തിന് മുതൽക്കൂട്ടാക്കി മാറ്റും. ഉദാഹരണത്തിന് മയക്കുമരുന്ന് വ്യാപനത്തിനെതിരായ സാമൂഹ്യ പ്രതിരോധം സൃഷ്ടിക്കുന്നതിന് അതിലൂടെ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ആ അർഥത്തിൽ കേരളമാകെ മയക്കുമരുന്നിനെതിരേ ആഞ്ഞടിക്കുന്ന തൂഫാന് ശക്തിപകരുന്നതായി മാറും "എന്റെ പോലീസ് സ്റ്റേഷൻ'. സംസ്ഥാനത്തെ 555 പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള സമഗ്രമായ ഈ പോലീസ് പരിഷ്കരണം നമ്മുടെ പോലീസ് സംവിധാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി, ജനവിശ്വാസം ആർജിച്ച് കേരളത്തിന്റെ സുരക്ഷാ അന്തരീക്ഷം മെച്ചപ്പെടുത്താൻ ഉതകും.
Tags : MyPoliceStation NewModel Experiment RemeshChennithala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash