പ്രതീകാത്മക ചിത്രം
“ജനാധിപത്യം അതിന്റെ പൂർണത കൈവരിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ ഇന്ത്യയിലെ ഏറ്റവും വിനീതനും ദരിദ്രനുമായ ആളെ ഏറ്റവും ഉന്നതസ്ഥാനീയന് തുല്യമായി പരിഗണിക്കണം. രാപകൽ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളിയെയും സമ്പന്ന മുതലാളിയെയും ഒരേ രീതിയിൽ കാണണം. തങ്ങളുടെ നെറ്റിയിൽ പൊടിയുന്ന വിയർപ്പ് കൊണ്ട് സത്യസന്ധമായി ജീവിക്കുന്നത് എങ്ങനെയെന്ന് എല്ലാവർക്കും ബോധ്യപ്പെടണം. അവിടെ ശാരീരിക അധ്വാനവും ബൗദ്ധിക ജോലികളും തമ്മിൽ വ്യത്യാസമുണ്ടാകരുത്. അങ്ങനെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും ഓരോ റിപ്പബ്ലിക് ആയി മാറുമ്പോൾ എന്റെ സ്വപ്നം യാഥാർഥ്യമായതായി ഞാൻ അവകാശപ്പെടും. അവിടെ മുന്നിലും പിന്നിലും നിൽക്കുന്നവർ സമൻമാരായിരിക്കും; അഥവാ ജനങ്ങളിൽ അങ്ങനെയൊരു വേർതിരിവ് ഉണ്ടാകില്ല.”
1948 ജനുവരി 13ന് വൈകുന്നേരം നടന്ന പ്രാർഥനായോഗത്തിൽ ഗാന്ധിജി പറഞ്ഞ ഏതാനും വരികളാണ് മുകളിൽ ഉദ്ധരിച്ചത്. ഇന്ത്യ സത്യസന്ധമായ ഒരു ജനാധിപത്യ രാജ്യമായി മാറുന്നതിനെപ്പറ്റി, സ്വതന്ത്ര ഇന്ത്യക്ക് നാലു മാസമായപ്പോൾ ഗാന്ധിജി മനസിൽ കണ്ട സങ്കൽപങ്ങളാണ് ഈ വാക്യങ്ങളിലൂടെ പുറത്തുവന്നത്. ഈ സ്വപ്നസാക്ഷാത്കാരത്തിനുള്ള ഒരു ശ്രമമായിരുന്നു മഹത്തായ നമ്മുടെ ഭരണഘടനയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്ന മഹനീയ കാഴ്ചപ്പാടിൽ അതിലെ “പരമാധികാരം” ഭരണഘടന കൽപിച്ചുനൽകിയത് “നമ്മൾ ജനങ്ങൾ” (We the People) ക്കായിരുന്നു. സമാനമായൊരു സ്വപ്നമായിരുന്നു സ്വാതന്ത്ര്യലബ്ധിയിൽ “വിധിയുമായുള്ള സമാഗമ”ത്തി (Tryst with Destny)ലൂടെ ജവഹർലാൽ നെഹ്റു ഇന്ത്യയുമായി പങ്കുവച്ചത്. നെഹ്റു തുടർന്നു, “നാം പഴയതിൽ നിന്ന് പുതിയതിലേക്ക് ചുവടുവയ്ക്കുമ്പോൾ, കാലങ്ങളായി അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ശബ്ദം കണ്ടെത്തുകയാണ്.” കഷ്ടത നിറഞ്ഞ ഒരു കാലത്തെ അവസാനിപ്പിച്ച് പുതിയൊരു ആത്മാവിനെ കണ്ടെത്താനുള്ള പ്രയാണത്തിനായിരുന്നു രാജ്യം 1947 ഓഗസ്റ്റ് 15നു ശ്രമമാരംഭിച്ചത്. ആ പരിശ്രമത്തിൽ നാം പരാജയപ്പെട്ടിട്ടില്ല. ശ്രമങ്ങളുണ്ടായെങ്കിലും ആ ശ്രമം ഇപ്പൊഴും തുടരുന്നുണ്ടെങ്കിലും “നമ്മൾ ജനങ്ങൾ” അവരുടെ ജനാധിപത്യ സെക്കുലർ വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് കഴിഞ്ഞ എൺപത് വർഷങ്ങൾക്കിടയിലുണ്ടായ പല മാരകമായ ഇടപെടലുകളെയും വലിയ വില കൊടുത്തു വേദനയോടെയാണെങ്കിലും അതിജീവിച്ചിട്ടുണ്ട്; ഇപ്പോഴും ആ അതിജീവനം തുടരുകയാണ്.
ദുരന്തപ്പട്ടിക
സ്വാതന്ത്ര്യം തന്നു പോയത് വിഭജനത്തിന്റെതായ ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദുരന്തമായിരുന്നു. അതിന്റെ മുറിവുണങ്ങും മുമ്പുതന്നെ മഹാത്മജി ഒരു മതഭ്രാന്തന്റെ വെടിയേറ്റ് രക്തസാക്ഷിത്വം വഹിച്ചു. ഏതാനും വർഷങ്ങൾക്കിടയിൽ പാക്കിസ്ഥാനും ചൈനയുമായി ഇന്ത്യക്ക് യുദ്ധങ്ങൾ വേണ്ടിവന്നു. 1964ൽ നെഹ്റുവിന്റെ മരണത്തോടെ ഒരു യുഗം അവസാനിക്കുകയായിരുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോൾ നെഹ്റുവിന്റെ പുത്രി തന്നെ ജനാധിപത്യത്തെ തുറുങ്കിലടച്ചുകൊണ്ട് അടിയന്തരാവസ്ഥ നടപ്പാക്കി. പിന്നീട് പഞ്ചാബിലെ മതതീവ്രവാദത്തിനെതിരെ നിലപാടെടുത്ത ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവൻ വിലയായി നൽകേണ്ടിവന്നു. അതോടൊപ്പം നടന്നത് ഒരു മതത്തിനെതിരായ കലാപമായിരുന്നു. തുടർന്നുവന്ന പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കും തീവ്രവാദികൾക്കു മുന്നിൽ സ്വന്തം ജീവൻ നൽകേണ്ടിവന്നു.
ബിജെപി ശക്തിപ്പെട്ടതോടെ ഒരു മതവിഭാഗത്തെ ഉന്മൂലനം ചെയ്യാനെന്നോണം ഗുജറാത്തിൽ ഒരു വംശഹത്യതന്നെ നടന്നു. ഒരു സെക്കുലർ രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ ആരാധനാലയമായ ബാബരി മസ്ജിദ് മറ്റൊരു വിഭാഗം മതതീവ്രവാദികൾ തകർത്തെറിഞ്ഞു. നെഹ്റു വിഭാവന ചെയ്ത സാമ്പത്തിക നിലപാടിന്റെ തന്നെ അടിവേരറത്തുകൊണ്ട് കോൺഗ്രസ് രാഷ്ട്രജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും നവ ലിബറൽ ആഗോളവത്കരണ നയങ്ങൾ അടിച്ചേൽപ്പിച്ചു. രാജ്യത്തെങ്ങും കൊടിയ അഴിമതി നടമാടി. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെ വളമാക്കി നവ ഫാസിസ്റ്റ് ശക്തികൾ അധികാരത്തിലെത്തി. അവസാനം ഭരണഘടനയെത്തന്നെ നോക്കുകുത്തിയാക്കി എല്ലാ മൂല്യങ്ങളെയും പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെ നാം കടന്നുപോകുകയാണ്.
അതിജീവനം
ഇത്തരം ദുരന്തങ്ങൾ രാജ്യത്ത് പലതരം തിരിച്ചടികൾക്കിടയാക്കിയെങ്കിലും “നമ്മൾ ജനങ്ങൾ” ഇതിലൊന്നും പരാജയപ്പെട്ടില്ല. നാം രാഷ്ട്രപിതാവിനെയും ഭരണഘടനയെയും ഓർക്കുക മാത്രമല്ല ചെയ്തത്. അവർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ സ്വയം ഉൾക്കൊള്ളാനും കഴിയാവുന്നത്ര പ്രാവർത്തികമാക്കാനും ശ്രമിച്ചു. എപ്പോഴൊക്കെ അമിതാധികാരം തലപൊക്കിയോ അപ്പോഴൊക്കെ അതിനെ ജനാധിപത്യ, സെക്കുലർ മൂല്യത്തിൽവച്ചുതന്നെ സംഘടിതമായി പരാജയപ്പെടുത്തിയതാണ് കഴിഞ്ഞ എൺപതു വർഷത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ചരിത്രം. അതിനാൽ ശുഭാപ്തിക്ക് ഇടം നൽകുന്നതാണ് ഇന്ത്യയുടെ വരുംനാളുകൾ.
നമ്മൾ ജനങ്ങൾ
ഭരണഘടനയിൽ പറയുന്ന “നമ്മൾ ജനങ്ങൾ” എന്നാൽ ഏതാനും രാഷ്ട്രീയ നേതാക്കളോ അവരുടെ അനുയായികളോ അല്ല. ഇന്ത്യയുടേതായ തനതായൊരു ജനാധിപത്യ സെക്കുലർ ശക്തിയാണത്. കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ക്രമീകരണവും സംയോജനവുമാണ് അതിന് അതതവസരത്തിൽ രൂപം നൽകുന്നതും ശക്തിപ്പെടുത്തുന്നതും. ഇന്നും മൂന്നിൽ രണ്ടിലധികം ജനങ്ങൾ പോളിംഗ് ബൂത്തിൽ പോയി വോട്ടുചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിൽ നാം ഇന്ത്യൻ ഭരണഘടനയോടും ആദ്യത്തെ തെരഞ്ഞെടുപ്പു കമ്മിഷനോടും അതിന്റെ ചുക്കാൻ പിടിച്ച സുകുമാർ സെന്നിനോടും ഏറെ കടപ്പെട്ടിരിക്കുന്നു.
സ്വാതന്ത്ര്യാനന്തരം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ പിന്തുടർന്ന നയപരിപാടികൾ തന്നെയാണ് “നമ്മൾ ജനങ്ങൾ”ക്ക് ചങ്കുറപ്പുള്ള ശുഭാപ്തി വിശ്വാസത്തിന്റെ അടിത്തറ ഒരുക്കിയത്. ഭരണഘടനാ മൂല്യങ്ങളിലൂടെ, ആസൂത്രണത്തിലൂടെ, പൊതുമേഖലയിലൂടെ, യുക്തിചിന്തയിലൂടെ, ശാസ്ത്രബോധത്തിലൂടെ, ചേരിചേരാപ്രസ്ഥാനത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഇന്ത്യ മുന്നേറ്റങ്ങളുണ്ടാക്കി. ലോകത്തിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് നാം ശക്തി പകർന്നു. സമാധാനത്തിനായി നിലകൊണ്ട രാജ്യങ്ങളെ പിന്തുണച്ചു. പ്രതാപത്തിന്റെ പേരിലുള്ള ചേരികളിൽനിന്ന് വിട്ടുനിന്നു. ഐക്യരാഷ്ട്രസഭയിൽപോലും സ്വതന്ത്രമായ അസ്തിത്വം നിലനിർത്തി.
ഇന്ത്യയുടെ ശക്തി
ഇതിലൂടെയൊക്കെ എന്തായിരുന്നു ഇന്ത്യ കൈവരിച്ച ശക്തി? സി. എഫ്. ആൻഡ്രൂസിനയച്ച ഒരു കത്തിൽ മഹാകവി ടാഗോർ പറഞ്ഞു, “ഇന്ത്യയെന്നാൽ ഒരു ഭൂപടമല്ല; അതൊരു ആശയമാണ്. അതായത് ഇന്ത്യ എന്ന ആശയം.” വൈവിധ്യത്തിന്റെ ഏകോപനമാണ് ശക്തി എന്നതാണ് ഇന്ത്യ എന്ന ആശയത്തിന്റെ സത്ത. “തമ്മിലടിക്കുന്ന” ഇന്ത്യയുടെ ദൗർബല്യമായാണ് ബ്രിട്ടീഷുകാർ വൈവിധ്യത്തെ വിലയിരുത്തിയതെങ്കിൽ വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി എന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് ഭരണഘടന തയാറാക്കിയതും സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് കെട്ടുറപ്പിനായി നെഹ്റുവിന്റെ നേതൃത്വത്തിൽ പദ്ധതികൾ രൂപപ്പെടുത്തിയതും. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആണെന്നു പറഞ്ഞാൽ ശക്തമായ കേന്ദ്രം ദുർബലരായ സംസ്ഥാനങ്ങളെ അടക്കിഭരിക്കുക എന്നല്ല അർഥമാക്കുന്നത്; മറിച്ച്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ പരസ്പര ബഹുമാനവും തുല്യതയുമാണ് വിവക്ഷിക്കുന്നത്. ഈ തുല്യതയാണ് ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയുടെ കരുത്ത്. അത് നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രയോഗരൂപമാണ്. അതിലൂടെയാണ് നാം വളർന്നു ശക്തിപ്പെട്ടത്.
വൈവിധ്യത്തിന്റെ വ്യാപ്തി
ബഹുസ്വരതയിലധിഷ്ഠിതമായ ഈ ജനകീയതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷത. 140 കോടിയിലധികം ജനങ്ങൾ, ആറ് പ്രധാന മതങ്ങൾ, 6400ലധികം ജാതി-ഉപജാതികൾ, 22 പ്രധാന ഭാഷകൾ, 1600ലേറെ പ്രാദേശിക ഭാഷകളും അക്ഷരമാലകളും, 28 സംസ്ഥാനങ്ങൾ, അവയുടെ വൈവിധ്യമാർന്ന ജീവിതരീതി- ഭക്ഷണം, വസ്ത്രധാരണം, ആചാരം, ആഘോഷം എന്നിങ്ങനെ. ഇവയെല്ലാം ചേർന്ന ആകർഷകമായ ഒരു ചിത്രപ്പണിപോലെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വൈവിധ്യം.
പരിമിതികൾ
ഭരണഘടനാ നിർമാണസഭയിൽ ലക്ഷ്യപ്രമാണം അവതരിപ്പിച്ചുകൊണ്ട് നെഹ്റു പറഞ്ഞു, “ഈ സഭയുടെ ലക്ഷ്യംതന്നെ ഒരു ഭരണഘടനയിലൂടെ ഇന്ത്യയെ സ്വതന്ത്രയാക്കുകയാണ്. എന്തിന്?:” നെഹ്റു തുടർന്നു, “പട്ടിണിക്കാർക്ക് ഭക്ഷണം നൽകാൻ, ഉടുതുണിക്ക് മറുതുണി നൽകാൻ, ഓരോരുത്തരിലേയും കഴിവുകളെ രാഷ്ട്ര പുനർനിർമാണത്തിനായി പ്രയോജനപ്പെടുത്താൻ.” ഇന്നും ആ ലക്ഷ്യങ്ങൾ പൂർണമായി കൈവരിക്കാൻ കഴിഞ്ഞില്ലെന്നത് സ്വതന്ത്ര ഇന്ത്യയുടെ പ്രധാന പരിമിതിയായിത്തന്നെ നിലനിൽക്കുന്നു. അവിടെയാണ് കഴിഞ്ഞ എൺപത് വർഷങ്ങളിൽ സാമ്പത്തികരംഗത്തുണ്ടായ മാറ്റങ്ങളെ പരിശോധിക്കേണ്ടതിന്റെ ആവശ്യകത.
സാമ്പത്തികരംഗം
സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ഗതിവിഗതികളെ നാല് വിശാല ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. 1964 വരെയുള്ള ഒന്നാംഘട്ടം നെഹ്റൂവിയൻ കാലമായിരുന്നു. ഇറക്കുമതി ബദൽ നയത്തിൽ ഊന്നിയ ആസൂത്രണം, തദ്ദേശീയ ഗവേഷണ-വികസന പ്രവർത്തനങ്ങൾ, പൊതുമേഖല എന്നിവയെല്ലാം ചേർന്ന് ഇന്ത്യക്ക് ഒരു അടിത്തറ പാകിയ കാലം.
1964 മുതൽ 1990 വരെയുള്ള കാലം നെഹ്റുവിന്റെ പിൻമുറക്കാരുടെതായിരുന്നു. ബാങ്ക് ദേശസാത്കരണംപോലെ ചില സുപ്രധാന തീരുമാനങ്ങളുണ്ടായെങ്കിലും ജീവിതപ്രശ്നങ്ങൾ ഏതാണ്ടൊക്കെ സമാനമായി തുടരുകയായിരുന്നു. 1990നു ശേഷമാകട്ടെ പുതിയ ഉദാരീകരണ നിലപാടുകളുടെ കുത്തൊഴുക്കായിരുന്നു. രാജ്യത്തെ ഏതാണ്ടെല്ലാ രംഗങ്ങളും സ്വതന്ത്ര കമ്പോളത്തിന്റെ യുക്തിയിലേക്കു വന്നു.
2014ൽ ബിജെപി അധികാരത്തിൽ വന്നതോടെ പുതിയൊരു യുഗം തന്നെ ആരംഭിക്കുകയായിരുന്നു. മുൻ സർക്കാരുകൾ തുടങ്ങിവച്ച ആഗോളീകരണ, നവ ഉദാരീകരണ നടപടികൾ ഫാസിസ്റ്റ് ശക്തിയോടെതന്നെ അടിച്ചേൽപിക്കാൻ തുടങ്ങി. ആ നീക്കങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഒരു ഭാഷ, ഒരു മതം, ഒരു പാർട്ടി, ഒരു നേതാവ്, ഒരു തെരഞ്ഞെടുപ്പ്, അവസാനം ഒറ്റ എൻട്രൻസ് പരീക്ഷ എന്നതിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു.
തീരാപ്രശ്നങ്ങൾ
സാധാരണ ജനങ്ങൾക്കിടയിലെ ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, രോഗാവസ്ഥ, നിരക്ഷരത, പരിസരമലിനീകരണം, ലിംഗ അനീതി എന്നിവയൊക്കെ രാജ്യത്തെ പ്രധാന പ്രശ്നങ്ങളായിത്തന്നെ തുടരുകയാണ്. ദേശീയ വരുമാനത്തിലേക്ക് അഞ്ചിലൊന്ന് (20ശതമാനം) മാത്രം സംഭാവന ചെയ്യുന്ന പ്രാഥമിക മേഖലയെത്തന്നെ തൊഴിലിനും ഉപജീവനത്തിനുമായി ജനസംഖ്യയിൽ ഏതാണ്ട് പകുതിയും (46 ശതമാനം) ഇന്നും ആശ്രയിക്കുന്നു എന്ന ഒരൊറ്റ കണക്ക് മതി നമ്മുടെ ദാരിദ്ര്യത്തിന്റെ തീവ്രത മനസിലാക്കാൻ.
കേന്ദ്രീകരണം
സ്വതന്ത്ര ഇന്ത്യയിൽ സാമ്പത്തിക മുന്നേറ്റം ഉണ്ടായില്ല എന്നല്ല. നമ്മുടെ കാർഷികോത്പാദനം പതിന്മടങ്ങ് വർധിച്ചു. വ്യവസായങ്ങൾ ഏറെയുണ്ടായി. ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ വളരെ മെച്ചപ്പെട്ടു. പക്ഷേ, ഒപ്പംതന്നെ ഇല്ലാതാകേണ്ടിയിരുന്ന ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, നിരക്ഷരത, അനാരോഗ്യം ഇവയൊന്നും പരിഹരിക്കപ്പെട്ടില്ല. എന്താണോ പരിഹാരമാർഗങ്ങൾ അതൊക്കെ മെച്ചപ്പെട്ടു. എന്നാൽ, ഗുണകരമായ ആ മാറ്റത്തെ ഉപയോഗിച്ച് നിത്യജീവിതപ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രാപ്തി സാധാരണ ജനങ്ങൾക്ക് ഉണ്ടായിവന്നില്ല. അതായത് ഉത്പാദനം വർധിച്ചു; പക്ഷേ അതിന്റെ നേട്ടങ്ങൾ ഏതാനും പേരിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി.
വികസിത് ഭാരത്
ഇന്നത്തെ ഇന്ത്യ ഒരു കെട്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. അന്തരീക്ഷത്തിൽ അകാരണമായ ഭയം തളംകെട്ടി നിൽക്കുന്നതായി അനുഭവപ്പെടുന്നു. നട്ടുച്ചയ്ക്കുപോലും കൂരിരുട്ടിന്റെ പ്രതീതിയാണുള്ളത്. മുകുളങ്ങളിൽ പലതും കരിഞ്ഞുപോകുന്നു. രാജ്യത്തിനകത്ത് ശത്രുക്കളെയും പുറത്ത് മിത്രങ്ങളെയും തിരഞ്ഞുകൊണ്ടിരിക്കുന്ന സർക്കാർ, ഭൂതകാലത്തെ വർത്തമാനത്തെ ന്യായീകരിക്കാനുള്ള ബദ്ധപ്പാടിലാണ്.
സർക്കാരിനെ നയിക്കുന്നത് ഒരു സൈനിക-രാഷ്ട്രീയ യുക്തി (Military-political Logic) ആണ്. അതു വിഭാവന ചെയ്യുന്നത് 2047ൽ, അതായത് 20 വർഷം കഴിഞ്ഞ് നാം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ ഇന്ത്യ ഒരു “വികസിത് ഭാരത്” (വിബി) ആകണമെന്നാണ്. അതിനായി ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന വിബിഎസ്എ മുതൽ തൊഴിലുറപ്പ് രംഗത്ത് നടപ്പാക്കുന്ന വിബി ജി റാം ജി വരെ രാജ്യത്തേയും ജനങ്ങളേയും വിവിധ രീതിയിൽ ഈ വികസിത് ഭാരതത്തിനായി പരുവപ്പെടുത്തുകയാണ്.
ഈ വി ബി പദ്ധതികൾക്കു പിന്നിൽ സർക്കാരിന് ഒരു രാഷ്ട്രീയലക്ഷ്യവും ഒരു സൈനിക/സാമ്പത്തിക ലക്ഷ്യവുമുണ്ട്. ആർഎസ്എസ് പ്രതിനിധാനം ചെയ്യുന്ന ബ്രാഹ്മണിക ഹിന്ദുത്വശക്തികളുടെ ഭാവിയിലെ വാഴ്ചയാണ് രാഷ്ട്രീയലക്ഷ്യം.
2025ൽ നടക്കാതെ പോയത് 2047ൽ നടക്കുമോ എന്ന പരിശോധനയാണ്. രണ്ടാമത്തേത്, ലോകത്തിലെ പ്രധാന സൈനിക-സാമ്പത്തിക ശക്തിയാകാനുള്ള ലക്ഷ്യമാണ്. ഈ ദിശയിലുള്ള രാഷ്ട്രീയ ഒരുക്കങ്ങൾ നേരത്തെതന്നെ തുടങ്ങിക്കഴിഞ്ഞു. പൗരത്വ നിയമ ഭേദഗതി, എസ്ഐആർ, എൻഇപി, എഫ്സിആർഎ ഭേദഗതി, മണ്ഡല പുനർവിഭജനം എന്നിവയൊക്കെ ഈ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി നടക്കുന്നു.
മറുഭാഗത്ത്, സൈനിക-സാമ്പത്തിക ശക്തിയാകാനുള്ള പദ്ധതികൾ വിശ്വസ്തരായ കോർപറേറ്റ് അധിപന്മാരെത്തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവർ പ്രധാനമായും പശ്ചാത്തല വികസനത്തിലും യുദ്ധോപകരണ നിർമാണത്തിലും വ്യാപൃതരാണ്.
ഈ വി ബി പദ്ധതികൾ സാധാരണ ജനങ്ങൾക്ക് ഗുണകരമല്ലെന്നതും കോർപറേറ്റ് താത്പര്യങ്ങൾക്ക് സഹായകരമാണെന്നതും വേഗത്തിൽ ബോധ്യപ്പെടും. ആത്യന്തികമായി അതൊരു രാഷ്ട്രീയപദ്ധതിയാണ്.
ഇന്ത്യയുടെ ഭാവി
“നമ്മൾ ജനങ്ങൾ” എന്ന വിശാലമായ ജനാധിപത്യ-സെക്കുലർ മൂല്യബോധം ഓരോ പ്രതിസന്ധിഘട്ടത്തിലും ഇന്ത്യയിൽ ഉണർന്നു പ്രവർത്തിക്കാറുണ്ട്. സ്വാതന്ത്ര്യത്തിന്റെ എൺപതാം വർഷത്തിൽ ഇന്ത്യ അത്തരമൊരു പ്രതിസന്ധിയിലാണുള്ളത്. മാത്രമല്ല, ഇക്കാലത്തെ പ്രതിസന്ധികൾക്ക് മറ്റുചില പ്രത്യേകതകൾ കൂടിയുണ്ട്. മുൻകാല സർക്കാരുകൾ ഭരണഘടനാമൂല്യങ്ങളെ പ്രത്യക്ഷത്തിൽ നിരാകരിക്കുകയോ ഔദ്യോഗിക പിൻബലം നൽകുകയോ ചെയ്തിരുന്നില്ല.
ഈ പ്രതിസന്ധിയും പ്രതീക്ഷയും “നമ്മൾ ജനങ്ങളോ”ട് അവരുടെ ചിന്തയിലും പ്രവൃത്തിയിലും കൂടുതൽ സജ്ജരാകാൻ നിർബന്ധിതരാക്കുകയും ആവേശംകൊള്ളിക്കുകയും ചെയ്യുന്നു. ഭാരിച്ച ഈ ഉത്തരവാദിത്വമാണ് സ്വതന്ത്ര ഇന്ത്യയുടെ എൺപതാം പിറന്നാൾ രാജ്യത്തെ സെക്കുലർ-ജനാധിപത്യ വിശ്വാസികളെ ഓർമിപ്പിക്കുന്നത്.
Tags : Anniversary Crisis Hope Responsibility Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash IndependenceDay