പ്രതീകാത്മക ചിത്രം
ധാതുമണൽ സംബന്ധിച്ച് വലിയ വിവാദങ്ങൾ സംസ്ഥാനത്ത് ഉയർന്നുവരാറുണ്ട്. എന്നാൽ, ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ ധാതുഖനനം നടന്നാൽ വിവാദങ്ങൾക്കു പ്രസക്തയില്ലാതാകും. ഇതിനായി വിവിധ ഘട്ടങ്ങളിൽ വ്യക്തമായ ആസൂത്രണമുണ്ടാകണം.
ഘട്ടം 1: ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ ധാതുഖനനം
പരമ്പരാഗത ഖനനരീതികൾക്കു പകരമായി, ചവറ-കായംകുളം തീരദേശ ധാതുനിക്ഷേപത്തിൽ ഉയർന്ന കൃത്യതയോടെയും ശാസ്ത്രീയമായ ആസൂത്രണത്തോടെയും പരിസ്ഥിതി സൗഹൃദ രീതിയിലുമുള്ള, കുറഞ്ഞ കാർബൺ പുറംതള്ളൽ ഉറപ്പാക്കുന്ന ഖനനമാണ് ഈ ഇടനാഴി വിഭാവനം ചെയ്യേണ്ടത്. ജിപിഎസ് അധിഷ്ഠിത ഖനന സാങ്കേതികവിദ്യ, തത്സമയ നിരീക്ഷണ സംവിധാനം, ഖനനാനന്തര ബീച്ച് പുനഃനിക്ഷേപ പദ്ധതികൾ എന്നിവ ഇതിന്റെ പ്രധാന ഘടകങ്ങളായിരിക്കണം.
ഘട്ടം 2: ധാതുക്കളുടെ വേർതിരിക്കലും ശുദ്ധീകരണവും
ഈ ഇടനാഴി പദ്ധതിയിലൂടെ നിലവിലുള്ള സംസ്കരണ ശേഷി ഗണ്യമായി വർധിപ്പിക്കുകയും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ശുദ്ധീകരണ സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്യണം. ഇതുവഴി ഉയർന്ന നിലവാരമുള്ള ധാതു ഉത്പന്നങ്ങളുടെ ഉത്പാദനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും.
ഘട്ടം 3: മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം
ചവറയിലെ നിർണായക ധാതുക്കൾ ബഹിരാകാശ ഗവേഷണം, ഊർജമേഖല, പ്രതിരോധം, വ്യോമയാനം, ഇലക്ട്രോണിക്സ്, ആരോഗ്യസാങ്കേതികവിദ്യ തുടങ്ങി നിരവധി അത്യാധുനിക മേഖലകളുടെ അടിസ്ഥാന അസംസ്കൃത വസ്തുക്കളാണ്. ഈ കോറിഡോറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്, വൈദ്യുത വാഹനങ്ങളുടെ മോട്ടോറുകളിലും കാറ്റാടി വൈദ്യുതോത്പാദന ടർബൈനുകളിലും അനിവാര്യമായ നിയോഡിമിയം-പ്രസിയോഡിമിയം സ്ഥിരകാന്തങ്ങൾ ഇവിടെ നിർമിക്കാനാവും.
ഘട്ടം 4: ഗവേഷണവും നവീകരണവും
ഈ ദൗത്യം മേൽവിവരിച്ച വ്യവസായശാലകളും കേരളത്തിലെ വിവിധ സർവകലാശാലകൾ, ഗവേഷണ-സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നു ചെയ്യാവുന്നതാണ്. ധാതു സംസ്കരണം, പുതിയ സാങ്കേതികവിദ്യകൾ, ഉത്പന്ന വികസനം, മനുഷ്യവിഭവശേഷി വികസനം എന്നിവയ്ക്ക് ഈ പങ്കാളിത്തം ശക്തമായ അടിത്തറയൊരുക്കും.
ഘട്ടം 5: മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി
വിവിധ വ്യവസായങ്ങളിൽ നിർമിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ തീരദേശ ഹൈവേ, റെയിൽപാത, അല്ലെങ്കിൽ ഉൾനാടൻ ജലഗതാഗത സംവിധാനം വഴി വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളിലേക്ക് എത്തിക്കുകയും അവിടെനിന്ന് അന്താരാഷ്ട്ര വിപണികളിലേക്കു കയറ്റുമതി ചെയ്യുകയും ചെയ്യുക. നിലവിലെ കയറ്റുമതി ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ഉയർന്ന മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിയും ഈ കോറിഡോറിന്റെ ഭാഗമായി ഗണ്യമായി വിപുലീകരിക്കണം.
ധാതുവിൽനിന്ന് ധനസുസ്ഥിരതയിലേക്ക്
പദ്ധതിയുടെ അടിസ്ഥാന ദർശനം പൂർണമായും പ്രായോഗികമാണ്. കേരളത്തെ വെറും അസംസ്കൃത ധാതുക്കൾ ഖനനം ചെയ്യുന്ന സംസ്ഥാനമെന്ന നിലയിൽനിന്ന് മൂല്യവർധിത അപൂർവ മൂലക-നിർണായക ധാതു സമ്പദ്വ്യവസ്ഥയായി ഉയർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതായത്, ഖനനവും ധാതു വേർതിരിക്കലും മാത്രമല്ല; സ്ഥിരകാന്തങ്ങൾ, ഹൈടെക് ഘടകങ്ങൾ, നൂതന വ്യാവസായിക ഉത്പന്നങ്ങൾ എന്നിവയുടെ നിർമാണം വരെ ഉൾക്കൊള്ളുന്ന സമ്പൂർണ മൂല്യശൃംഖല കേരളത്തിൽതന്നെ വികസിപ്പിക്കുക എന്നതാകണം ഇതിന്റെ ദർശനം. ഇതിനാവശ്യമായ ധാതുസമ്പത്ത് കേരളത്തിനുണ്ട്. ഇതുവരെ അഭാവമായിരുന്നത്, ഈ പ്രകൃതിവിഭവങ്ങളെ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ ആവശ്യമായ ദീർഘവീക്ഷണമുള്ള നയരൂപീകരണവും വ്യവസായ നിക്ഷേപവുമായിരുന്നു. ആ വിടവ് നികത്തുകയാണ് ഈ ധാതു ഇടനാഴിയുടെ ലക്ഷ്യം.
മിഷൻ സമുദ്ര: ഇടനാഴിയുടെ സമുദ്രാധിഷ്ഠിത അടിത്തറ
ഈ ധാതു ഇടനാഴിയെ ‘മിഷൻ സമുദ്ര’ എന്ന പദ്ധതിയിൽനിന്നു വേർതിരിച്ച് കാണാനാവില്ല. സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനമായ മിഷൻ സമുദ്രയുടെ ലക്ഷ്യം, കേരളത്തെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ നിർണായക സ്ഥാനത്തേക്ക് ഉയർത്തുകയാണ്. കേരളത്തിന്റെ 560 കിലോമീറ്റർ നീളമുള്ള തീരപ്രദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ, 17 ചെറുതുറമുഖങ്ങൾ, ഉൾനാടൻ ജലപാതകൾ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടാണ് ഈ സമഗ്ര സമുദ്ര വികസന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെയും കൊച്ചി തുറമുഖത്തെയും ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക്സ് ശൃംഖലയുമായി ഈ ധാതു ഇടനാഴിയെ സംയോജിപ്പിക്കാൻ കഴിഞ്ഞാൽ, കേരളത്തെ ഇന്ത്യയുടെ സുപ്രധാന സമുദ്ര-വ്യവസായ കേന്ദ്രമായി മാറ്റാൻ സാധിക്കും.
പൊതു-സ്വകാര്യ പങ്കാളിത്ത മോഡൽ
സർക്കാർ നിക്ഷേപം മാത്രം ആശ്രയിച്ച് ഈ ഇടനാഴി യാഥാർഥ്യമാക്കാനാകില്ല. ബജറ്റിൽ പ്രഖ്യാപിച്ച 100 കോടി രൂപയുടെ പ്രാരംഭ വിഹിതം പദ്ധതിക്ക് തുടക്കമിടാനുള്ള ധനസഹായം മാത്രമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള അപൂർവ മൂലക വേർതിരിക്കൽ യൂണിറ്റുകൾ, ശുദ്ധീകരണ കേന്ദ്രങ്ങൾ, മൂല്യവർധിത ഉത്പന്ന നിർമാണശാലകൾ എന്നിവ സ്ഥാപിക്കാൻ ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. അതിനാൽ സർക്കാർ പങ്കാളികളായ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്ത മാതൃക സ്വീകരിച്ചുകൊണ്ട് ആഭ്യന്തരവും അന്തർദേശീയവുമായ നിക്ഷേപകരെ ആകർഷിക്കേണ്ടതുണ്ട്.
വരുമാന മാർഗങ്ങൾ
ധാതു ഇടനാഴി സംസ്ഥാനത്തിനു വിവിധ വഴികളിലൂടെ വരുമാനം സൃഷ്ടിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രധാനമായും ധാതുഖനനത്തിൽനിന്നുള്ള റോയൽറ്റി, വ്യവസായ സംരംഭങ്ങളിൽനിന്നുള്ള ലാഭവിഹിതം, മൂല്യവർധിത ഉത്പന്ന നിർമാണത്തിൽനിന്നുള്ള ജിഎസ്ടിയും കോർപറേറ്റ് നികുതിയും, വ്യാപകമായ തൊഴിൽസൃഷ്ടി, ശുദ്ധീകരിച്ച അപൂർവ മൂലകങ്ങളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും കയറ്റുമതി വരുമാനം, ഇടനാഴിയോടു ചേർന്ന വ്യവസായ മേഖലകളിൽനിന്നുള്ള ഭൂമിപാട്ടം എന്നിവ.
പ്രത്യക്ഷ സാമ്പത്തികനേട്ടങ്ങൾക്കപ്പുറം, ഇന്ത്യയുടെ ഹരിത സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിൽ കേരളത്തിനു തന്ത്രപ്രധാനമായ സ്ഥാനം ഈ പദ്ധതി ഉറപ്പാക്കും. പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഗവേഷണ-നവീകരണശേഷി വർധിപ്പിക്കാനും ഇന്ത്യയെ ആഗോള നൂതന വസ്തു മൂല്യശൃംഖലയിൽ കൂടുതൽ ശക്തമായി ബന്ധിപ്പിക്കാനും ഈ സംരംഭം സഹായിക്കും. അതിന്റെ കേന്ദ്രബിന്ദുവായി കേരളം മാറുകയും ചെയ്യും.
വെല്ലുവിളികളും മുന്നോട്ടുള്ള പ്രയാണവും
ഇപ്പോൾ ഈ ധാതു ഇടനാഴി ഒരു തന്ത്രപരമായ പ്രഖ്യാപനവും ആശയഘട്ടത്തിലുള്ള പദ്ധതിയും മാത്രമാണ്. അതിനാൽ അടുത്തഘട്ടത്തിൽ നിർണായകമായി ചെയ്യേണ്ടത്: അനുയോജ്യമായ വ്യവസായ പങ്കാളികളെ കണ്ടെത്തുക, ആണവോർജ നിയമം അനുസരിച്ചുള്ള നിയന്ത്രണ നടപടികൾ ലളിതമാക്കുക, വികസിത ഖനന പ്രവർത്തനങ്ങൾക്കായി സമഗ്രമായ പരിസ്ഥിതി പ്രത്യാഘാത പഠനം നടത്തുക, ചരിത്രപരമായി ഖനനവും മത്സ്യത്തൊഴിലാളി സമൂഹവും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്ന ആലപ്പാട്-ചവറ തീരപ്രദേശങ്ങളിലെ ജനങ്ങളുമായി വിശ്വാസപൂർണമായ സാമൂഹിക ഇടപെടലും സഹകരണവും ഉറപ്പാക്കുക. സാമ്പത്തിക ഘടന എത്രത്തോളം ശക്തമാണോ, അതുപോലെതന്നെ പരിസ്ഥിതി സംരക്ഷണവും സാമൂഹിക നീതിയും ഉറപ്പാക്കുന്നതും ഈ പദ്ധതിയുടെ വിജയത്തിനു നിർണായകമായിരിക്കും.
ഭാവിദർശനം
ശാസ്ത്രീയ കൃത്യതയോടെയും ദീർഘവീക്ഷണത്തോടെയും പരിസ്ഥിതി ഉത്തരവാദിത്വത്തോടെയും ഈ പദ്ധതി നടപ്പാക്കിയാൽ, 1990കളിൽ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ വിവരസാങ്കേതികവിദ്യ സൃഷ്ടിച്ച വിപ്ലവത്തിനു സമാനമായ ഘടനാപരമായ സാമ്പത്തിക പരിവർത്തനം 2030കളിൽ ഈ ധാതു ഇടനാഴിയിലൂടെ സാധ്യമാകും. അറിവും നവീകരണവും വ്യവസായ സംരംഭകത്വവും അടിസ്ഥാനമാക്കിയുള്ള പുതിയ വളർച്ചാമാതൃകയിലേക്ക് കേരളത്തെ നയിക്കുന്നതോടൊപ്പം, ഇന്ത്യയുടെ ഭാവി വ്യവസായ വികസനത്തിന്റെ മുൻനിരയിൽ കേരളത്തെ പ്രതിഷ്ഠിക്കുന്ന ചരിത്രപരമായ സംരംഭമായി ഈ ഇടനാഴിയെ മാറ്റാൻ കഴിയും.
(അവസാനിച്ചു)
Tags : Minerals Chain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash