“ജനാധിപത്യം അതിന്റെ പൂർണത കൈവരിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ ഇന്ത്യയിലെ ഏറ്റവും വിനീതനും ദരിദ്രനുമായ ആളെ ഏറ്റവും ഉന്നതസ്ഥാനീയന് തുല്യമായി പരിഗണിക്കണം. രാപകൽ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളിയെയും സമ്പന്ന മുതലാളിയെയും ഒരേ രീതിയിൽ കാണണം. തങ്ങളുടെ നെറ്റിയിൽ പൊടിയുന്ന വിയർപ്പ് കൊണ്ട് സത്യസന്ധമായി ജീവിക്കുന്നത് എങ്ങനെയെന്ന് എല്ലാവർക്കും ബോധ്യപ്പെടണം. അവിടെ ശാരീരിക അധ്വാനവും ബൗദ്ധിക ജോലികളും തമ്മിൽ വ്യത്യാസമുണ്ടാകരുത്. അങ്ങനെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും ഓരോ റിപ്പബ്ലിക് ആയി മാറുമ്പോൾ എന്റെ സ്വപ്നം യാഥാർഥ്യമായതായി ഞാൻ അവകാശപ്പെടും. അവിടെ മുന്നിലും പിന്നിലും നിൽക്കുന്നവർ സമൻമാരായിരിക്കും; അഥവാ ജനങ്ങളിൽ അങ്ങനെയൊരു വേർതിരിവ് ഉണ്ടാകില്ല.”
1948 ജനുവരി 13ന് വൈകുന്നേരം നടന്ന പ്രാർഥനായോഗത്തിൽ ഗാന്ധിജി പറഞ്ഞ ഏതാനും വരികളാണ് മുകളിൽ ഉദ്ധരിച്ചത്. ഇന്ത്യ സത്യസന്ധമായ ഒരു ജനാധിപത്യ രാജ്യമായി മാറുന്നതിനെപ്പറ്റി, സ്വതന്ത്ര ഇന്ത്യക്ക് നാലു മാസമായപ്പോൾ ഗാന്ധിജി മനസിൽ കണ്ട സങ്കൽപങ്ങളാണ് ഈ വാക്യങ്ങളിലൂടെ പുറത്തുവന്നത്. ഈ സ്വപ്നസാക്ഷാത്കാരത്തിനുള്ള ഒരു ശ്രമമായിരുന്നു മഹത്തായ നമ്മുടെ ഭരണഘടനയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്ന മഹനീയ കാഴ്ചപ്പാടിൽ അതിലെ “പരമാധികാരം” ഭരണഘടന കൽപിച്ചുനൽകിയത് “നമ്മൾ ജനങ്ങൾ” (We the People) ക്കായിരുന്നു. സമാനമായൊരു സ്വപ്നമായിരുന്നു സ്വാതന്ത്ര്യലബ്ധിയിൽ “വിധിയുമായുള്ള സമാഗമ”ത്തി (Tryst with Destny)ലൂടെ ജവഹർലാൽ നെഹ്റു ഇന്ത്യയുമായി പങ്കുവച്ചത്. നെഹ്റു തുടർന്നു, “നാം പഴയതിൽ നിന്ന് പുതിയതിലേക്ക് ചുവടുവയ്ക്കുമ്പോൾ, കാലങ്ങളായി അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ശബ്ദം കണ്ടെത്തുകയാണ്.” കഷ്ടത നിറഞ്ഞ ഒരു കാലത്തെ അവസാനിപ്പിച്ച് പുതിയൊരു ആത്മാവിനെ കണ്ടെത്താനുള്ള പ്രയാണത്തിനായിരുന്നു രാജ്യം 1947 ഓഗസ്റ്റ് 15നു ശ്രമമാരംഭിച്ചത്. ആ പരിശ്രമത്തിൽ നാം പരാജയപ്പെട്ടിട്ടില്ല. ശ്രമങ്ങളുണ്ടായെങ്കിലും ആ ശ്രമം ഇപ്പൊഴും തുടരുന്നുണ്ടെങ്കിലും “നമ്മൾ ജനങ്ങൾ” അവരുടെ ജനാധിപത്യ സെക്കുലർ വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് കഴിഞ്ഞ എൺപത് വർഷങ്ങൾക്കിടയിലുണ്ടായ പല മാരകമായ ഇടപെടലുകളെയും വലിയ വില കൊടുത്തു വേദനയോടെയാണെങ്കിലും അതിജീവിച്ചിട്ടുണ്ട്; ഇപ്പോഴും ആ അതിജീവനം തുടരുകയാണ്.
ദുരന്തപ്പട്ടിക
സ്വാതന്ത്ര്യം തന്നു പോയത് വിഭജനത്തിന്റെതായ ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദുരന്തമായിരുന്നു. അതിന്റെ മുറിവുണങ്ങും മുമ്പുതന്നെ മഹാത്മജി ഒരു മതഭ്രാന്തന്റെ വെടിയേറ്റ് രക്തസാക്ഷിത്വം വഹിച്ചു. ഏതാനും വർഷങ്ങൾക്കിടയിൽ പാക്കിസ്ഥാനും ചൈനയുമായി ഇന്ത്യക്ക് യുദ്ധങ്ങൾ വേണ്ടിവന്നു. 1964ൽ നെഹ്റുവിന്റെ മരണത്തോടെ ഒരു യുഗം അവസാനിക്കുകയായിരുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോൾ നെഹ്റുവിന്റെ പുത്രി തന്നെ ജനാധിപത്യത്തെ തുറുങ്കിലടച്ചുകൊണ്ട് അടിയന്തരാവസ്ഥ നടപ്പാക്കി. പിന്നീട് പഞ്ചാബിലെ മതതീവ്രവാദത്തിനെതിരെ നിലപാടെടുത്ത ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവൻ വിലയായി നൽകേണ്ടിവന്നു. അതോടൊപ്പം നടന്നത് ഒരു മതത്തിനെതിരായ കലാപമായിരുന്നു. തുടർന്നുവന്ന പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കും തീവ്രവാദികൾക്കു മുന്നിൽ സ്വന്തം ജീവൻ നൽകേണ്ടിവന്നു.
ബിജെപി ശക്തിപ്പെട്ടതോടെ ഒരു മതവിഭാഗത്തെ ഉന്മൂലനം ചെയ്യാനെന്നോണം ഗുജറാത്തിൽ ഒരു വംശഹത്യതന്നെ നടന്നു. ഒരു സെക്കുലർ രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ ആരാധനാലയമായ ബാബരി മസ്ജിദ് മറ്റൊരു വിഭാഗം മതതീവ്രവാദികൾ തകർത്തെറിഞ്ഞു. നെഹ്റു വിഭാവന ചെയ്ത സാമ്പത്തിക നിലപാടിന്റെ തന്നെ അടിവേരറത്തുകൊണ്ട് കോൺഗ്രസ് രാഷ്ട്രജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും നവ ലിബറൽ ആഗോളവത്കരണ നയങ്ങൾ അടിച്ചേൽപ്പിച്ചു. രാജ്യത്തെങ്ങും കൊടിയ അഴിമതി നടമാടി. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെ വളമാക്കി നവ ഫാസിസ്റ്റ് ശക്തികൾ അധികാരത്തിലെത്തി. അവസാനം ഭരണഘടനയെത്തന്നെ നോക്കുകുത്തിയാക്കി എല്ലാ മൂല്യങ്ങളെയും പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെ നാം കടന്നുപോകുകയാണ്.
അതിജീവനം
ഇത്തരം ദുരന്തങ്ങൾ രാജ്യത്ത് പലതരം തിരിച്ചടികൾക്കിടയാക്കിയെങ്കിലും “നമ്മൾ ജനങ്ങൾ” ഇതിലൊന്നും പരാജയപ്പെട്ടില്ല. നാം രാഷ്ട്രപിതാവിനെയും ഭരണഘടനയെയും ഓർക്കുക മാത്രമല്ല ചെയ്തത്. അവർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ സ്വയം ഉൾക്കൊള്ളാനും കഴിയാവുന്നത്ര പ്രാവർത്തികമാക്കാനും ശ്രമിച്ചു. എപ്പോഴൊക്കെ അമിതാധികാരം തലപൊക്കിയോ അപ്പോഴൊക്കെ അതിനെ ജനാധിപത്യ, സെക്കുലർ മൂല്യത്തിൽവച്ചുതന്നെ സംഘടിതമായി പരാജയപ്പെടുത്തിയതാണ് കഴിഞ്ഞ എൺപതു വർഷത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ചരിത്രം. അതിനാൽ ശുഭാപ്തിക്ക് ഇടം നൽകുന്നതാണ് ഇന്ത്യയുടെ വരുംനാളുകൾ.
നമ്മൾ ജനങ്ങൾ
ഭരണഘടനയിൽ പറയുന്ന “നമ്മൾ ജനങ്ങൾ” എന്നാൽ ഏതാനും രാഷ്ട്രീയ നേതാക്കളോ അവരുടെ അനുയായികളോ അല്ല. ഇന്ത്യയുടേതായ തനതായൊരു ജനാധിപത്യ സെക്കുലർ ശക്തിയാണത്. കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ക്രമീകരണവും സംയോജനവുമാണ് അതിന് അതതവസരത്തിൽ രൂപം നൽകുന്നതും ശക്തിപ്പെടുത്തുന്നതും. ഇന്നും മൂന്നിൽ രണ്ടിലധികം ജനങ്ങൾ പോളിംഗ് ബൂത്തിൽ പോയി വോട്ടുചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിൽ നാം ഇന്ത്യൻ ഭരണഘടനയോടും ആദ്യത്തെ തെരഞ്ഞെടുപ്പു കമ്മിഷനോടും അതിന്റെ ചുക്കാൻ പിടിച്ച സുകുമാർ സെന്നിനോടും ഏറെ കടപ്പെട്ടിരിക്കുന്നു.
സ്വാതന്ത്ര്യാനന്തരം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ പിന്തുടർന്ന നയപരിപാടികൾ തന്നെയാണ് “നമ്മൾ ജനങ്ങൾ”ക്ക് ചങ്കുറപ്പുള്ള ശുഭാപ്തി വിശ്വാസത്തിന്റെ അടിത്തറ ഒരുക്കിയത്. ഭരണഘടനാ മൂല്യങ്ങളിലൂടെ, ആസൂത്രണത്തിലൂടെ, പൊതുമേഖലയിലൂടെ, യുക്തിചിന്തയിലൂടെ, ശാസ്ത്രബോധത്തിലൂടെ, ചേരിചേരാപ്രസ്ഥാനത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഇന്ത്യ മുന്നേറ്റങ്ങളുണ്ടാക്കി. ലോകത്തിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് നാം ശക്തി പകർന്നു. സമാധാനത്തിനായി നിലകൊണ്ട രാജ്യങ്ങളെ പിന്തുണച്ചു. പ്രതാപത്തിന്റെ പേരിലുള്ള ചേരികളിൽനിന്ന് വിട്ടുനിന്നു. ഐക്യരാഷ്ട്രസഭയിൽപോലും സ്വതന്ത്രമായ അസ്തിത്വം നിലനിർത്തി.
ഇന്ത്യയുടെ ശക്തി
ഇതിലൂടെയൊക്കെ എന്തായിരുന്നു ഇന്ത്യ കൈവരിച്ച ശക്തി? സി. എഫ്. ആൻഡ്രൂസിനയച്ച ഒരു കത്തിൽ മഹാകവി ടാഗോർ പറഞ്ഞു, “ഇന്ത്യയെന്നാൽ ഒരു ഭൂപടമല്ല; അതൊരു ആശയമാണ്. അതായത് ഇന്ത്യ എന്ന ആശയം.” വൈവിധ്യത്തിന്റെ ഏകോപനമാണ് ശക്തി എന്നതാണ് ഇന്ത്യ എന്ന ആശയത്തിന്റെ സത്ത. “തമ്മിലടിക്കുന്ന” ഇന്ത്യയുടെ ദൗർബല്യമായാണ് ബ്രിട്ടീഷുകാർ വൈവിധ്യത്തെ വിലയിരുത്തിയതെങ്കിൽ വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി എന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് ഭരണഘടന തയാറാക്കിയതും സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് കെട്ടുറപ്പിനായി നെഹ്റുവിന്റെ നേതൃത്വത്തിൽ പദ്ധതികൾ രൂപപ്പെടുത്തിയതും. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആണെന്നു പറഞ്ഞാൽ ശക്തമായ കേന്ദ്രം ദുർബലരായ സംസ്ഥാനങ്ങളെ അടക്കിഭരിക്കുക എന്നല്ല അർഥമാക്കുന്നത്; മറിച്ച്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ പരസ്പര ബഹുമാനവും തുല്യതയുമാണ് വിവക്ഷിക്കുന്നത്. ഈ തുല്യതയാണ് ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയുടെ കരുത്ത്. അത് നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രയോഗരൂപമാണ്. അതിലൂടെയാണ് നാം വളർന്നു ശക്തിപ്പെട്ടത്.
വൈവിധ്യത്തിന്റെ വ്യാപ്തി
ബഹുസ്വരതയിലധിഷ്ഠിതമായ ഈ ജനകീയതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷത. 140 കോടിയിലധികം ജനങ്ങൾ, ആറ് പ്രധാന മതങ്ങൾ, 6400ലധികം ജാതി-ഉപജാതികൾ, 22 പ്രധാന ഭാഷകൾ, 1600ലേറെ പ്രാദേശിക ഭാഷകളും അക്ഷരമാലകളും, 28 സംസ്ഥാനങ്ങൾ, അവയുടെ വൈവിധ്യമാർന്ന ജീവിതരീതി- ഭക്ഷണം, വസ്ത്രധാരണം, ആചാരം, ആഘോഷം എന്നിങ്ങനെ. ഇവയെല്ലാം ചേർന്ന ആകർഷകമായ ഒരു ചിത്രപ്പണിപോലെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വൈവിധ്യം.
പരിമിതികൾ
ഭരണഘടനാ നിർമാണസഭയിൽ ലക്ഷ്യപ്രമാണം അവതരിപ്പിച്ചുകൊണ്ട് നെഹ്റു പറഞ്ഞു, “ഈ സഭയുടെ ലക്ഷ്യംതന്നെ ഒരു ഭരണഘടനയിലൂടെ ഇന്ത്യയെ സ്വതന്ത്രയാക്കുകയാണ്. എന്തിന്?:” നെഹ്റു തുടർന്നു, “പട്ടിണിക്കാർക്ക് ഭക്ഷണം നൽകാൻ, ഉടുതുണിക്ക് മറുതുണി നൽകാൻ, ഓരോരുത്തരിലേയും കഴിവുകളെ രാഷ്ട്ര പുനർനിർമാണത്തിനായി പ്രയോജനപ്പെടുത്താൻ.” ഇന്നും ആ ലക്ഷ്യങ്ങൾ പൂർണമായി കൈവരിക്കാൻ കഴിഞ്ഞില്ലെന്നത് സ്വതന്ത്ര ഇന്ത്യയുടെ പ്രധാന പരിമിതിയായിത്തന്നെ നിലനിൽക്കുന്നു. അവിടെയാണ് കഴിഞ്ഞ എൺപത് വർഷങ്ങളിൽ സാമ്പത്തികരംഗത്തുണ്ടായ മാറ്റങ്ങളെ പരിശോധിക്കേണ്ടതിന്റെ ആവശ്യകത.