പ്രതീകാത്മക ചിത്രം
എഴുത്തുകാർ ചെറിയ മോഹങ്ങളുടെ പേരിൽ രാഷ്ട്രീയ നേതാക്കളുടെ പിന്നാലെ നടന്ന് പ്രീതി പിടിച്ചുപറ്റാൻ അനവസരത്തിലും അബദ്ധത്തിലും പക്ഷം പിടിച്ചതിന്റെ ഫലമായി സമൂഹത്തിൽ അവരെക്കുറിച്ച് വലിയ അളവിൽ വെറുപ്പുണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ തുറന്നുനോക്കിയാൽ അതു മനസിലാകും.
പതിറ്റാണ്ടുകൾ എഴുതിയതിനൊന്നും ഒരു വിലയുമില്ല. എഴുത്തുകാരെ ആകെ പുച്ഛിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന തരത്തിലേക്ക് ഈ പ്രവണത മാറിയിരിക്കുന്നു. രാഷ്ട്രീയലാഭത്തിനുവേണ്ടി ഇങ്ങനെ സ്വയം നഗ്നരായ ഈ എഴുത്തുകാർ മറ്റ് എഴുത്തുകാരുടെ അന്തസും ഇടിച്ചുതാഴ്ത്തിയിരിക്കുന്നു. അവസരവാദവും പറ്റിക്കൂടലുമാണ് അവരെ ഈ നിലയിലേക്ക് അധഃപതിപ്പിക്കുന്നത്. സ്വതന്ത്രമായി എഴുതണമെങ്കിൽ സത്യത്തെക്കുറിച്ചുള്ള ആധി ഉണ്ടായിരിക്കണം. സത്യം നമ്മുടെ കൈയിലില്ല. അത് അന്വേഷിച്ചുകൊണ്ടിരിക്കണം. സത്യത്തിനുവേണ്ടി ആത്മാവിൽ നഗ്നമാകണം. അതിന് രാഷ്ട്രീയപക്ഷപാതം തടസമാണ്. അപ്പോഴാണ് ആത്മാവിൽ ദരിദ്രമാകുന്നത്. അപ്പോൾ മാത്രമാണ് ശരിയായ ജ്ഞാനത്തിലേക്ക് നമുക്ക് എത്താനാവുക.
വലിയ പ്രതിഭകൾ സത്യത്തെ ഉൾക്കൊണ്ടത് ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഒരു നദി കണ്ടെത്തുന്നതുപോലെയാണ്. എല്ലായിടത്തും കിണർ കുഴിച്ചാൽ വെള്ളം കിട്ടുകയില്ല. എന്നാൽ വെള്ളം ഭൂമിക്കടിയിൽ ഉറവയായി ഒഴുകുന്നു. അവിടെ എത്തിയാൽ വെള്ളം കിട്ടും. അതുപോലെയാണ് സത്യവും. അത് മണ്ണിനടിയിലുണ്ട്. എന്നാൽ നാം പാറയിൽ കിളച്ചാൽ സത്യം തെളിയുകയില്ല. അതിന് പാറ തുരക്കുകയോ കൂടുതൽ മണ്ണിളക്കുകയോ വേണം. മണ്ണിളക്കി ആഴത്തിലെത്തുമ്പോൾ വെള്ളത്തിന്റെ ചാൽ ദൃശ്യമാകും. സത്യത്തെ സ്പർശിച്ചവരെല്ലാം മണ്ണിളക്കി പാറ തുരന്ന് ഈ പ്രത്യേക നിലയിൽ എത്തിയവരാണ്. അവർ ഒരിടത്ത് ഒന്നിക്കുന്നു. അവരുടെ ഭാഷണങ്ങൾക്കു സമാനത തോന്നുന്നത് അപ്പോഴാണ്.
മഹാനായ ഓസ്ട്രിയൻ കവി റെയ്നർ മരിയ റിൽകെ ഒരു യുവകവിക്ക് എഴുതിയ കത്തിൽ ഇങ്ങനെ സൂചിപ്പിച്ചു: “ഏറ്റവും പ്രധാന കാര്യം ഏകാന്തതയെ അറിയുകയാണ്. അതിനെ ആലിംഗനം ചെയ്യുക. അത് ഉള്ളിലെ മഹത്തായ അവസ്ഥയാണ്. ഇതിനായി മണിക്കൂറുകളോളം അധ്വാനിക്കുക. അതിനു വേണ്ടതായ വേദന സഹിക്കുക. അതിന്റെ ഗാനാത്മകതയിൽ അലിഞ്ഞുചേരുക. നിങ്ങൾക്ക് പരിഹരിക്കാൻ കഴിയാത്ത പല കാര്യങ്ങളുണ്ട് .അതിനെല്ലാംവേണ്ടി ക്ഷമയോടെയിരിക്കുക.ആ പ്രശ്നങ്ങളെത്തന്നെ സ്നേഹിക്കുക - അടച്ചിട്ട മുറി പോലെയോ, നിങ്ങൾക്ക് മനസിലാകാത്ത ഭാഷയിൽ എഴുതിയ പുസ്തകം പോലെയോ കണ്ട്. ഉത്തരങ്ങൾക്കുവേണ്ടി അലയരുത്. നിങ്ങൾക്ക് ആ ഉത്തരങ്ങൾ നൽകാത്തത്, അത് നിങ്ങൾ ജീവിച്ചിട്ടില്ലാത്തതുകൊണ്ടാണ്. അത് എന്തും അനുഭവിക്കുന്നതിനെക്കുറിച്ചുള്ള പ്രശ്നമാണ്. ഇപ്പോൾ നിങ്ങൾ ആ പ്രശ്നത്തോടൊപ്പം ജീവിക്കുകയാണ് പ്രധാനം. ഒരു പക്ഷേ, ക്രമേണ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് നിങ്ങൾപോലും ശ്രദ്ധിക്കാത്ത അവസരത്തിൽ ആ ഉത്തരം നിങ്ങളെ തേടിവരും.”
ഇവിടെ റിൽകെ പറയുന്ന ക്ഷമയും കാത്തിരിപ്പും സ്വന്തം അവസ്ഥയോടുള്ള മമതയും പല എഴുത്തുകാർക്കും തിരിച്ചറിയാനാകാത്തവിധം അകലെയാണെന്നതാണ് യാഥാർഥ്യം. ഇപ്പോൾ സ്വന്തം പ്രമോഷനും പ്രശസ്തിയും മാത്രമാണ് ഭൂരിപക്ഷവും നോക്കുന്നത്. മറ്റുള്ളവരെ വായിക്കുകയില്ല, അതിനെക്കുറിച്ച് എഴുതുകയുമില്ല. റിവ്യൂ എഴുതുന്ന എഴുത്തുകാരില്ലാത്ത ഭാഷയാണ് മലയാളം. സൽമാൻ റുഷ്ദി, മാർഗരറ്റ് അറ്റ്വുഡ്, വെർജിനിയ വുൾഫ് തുടങ്ങിയ വലിയ എഴുത്തുകാർ മറ്റ് എഴുത്തുകാരുടെ രചനകളെക്കുറിച്ച് ആവേശത്തോടെ എഴുതിയിട്ടുണ്ട്.
റുഷ്ദി എത്രയോ പുസ്തകനിരൂപണങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഓർക്കണം. നമ്മൾ മാത്രമായിട്ട് ഒരു നിലനില്പില്ല. ഒരു എഴുത്തുകാരനും അങ്ങനെ ചിന്തിക്കരുത്. നാം ഒരു ചരിത്രത്തിലാണ്. നമുക്ക് ഒരു പാരമ്പര്യമുണ്ട്. ജോസഫ് മുണ്ടശേരിയും സി.ജെ. തോമസും ഇല്ലാതെ കെ.പി. അപ്പനോ എം.എൻ. വിജയനോ ഇല്ല. ആശാനും വള്ളത്തോളും ഇല്ലാതെ ഒരു ചങ്ങമ്പുഴയോ എ. അയ്യപ്പനോ ഇല്ല. ഈ നൈരന്തര്യം പ്രധാനമാണ്. എഴുത്തുകാർ പൂർവകാല എഴുത്തുകാരെ വായിക്കുകയും എഴുതുകയും വേണം. നമ്മുടെ ഭാഷയിൽ നടക്കുന്ന സാഹിത്യ ക്യാമ്പുകളിൽ പോലും ബഷീർ അല്ലെങ്കിൽ പൊൻകുന്നം വർക്കി പരാമർശിക്കപ്പെടുന്നില്ല. ചില കഥാകൃത്തുക്കൾ വന്ന് അവരവരെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഓരോ പ്രസംഗവും സ്വന്തം പ്രശസ്തിക്കുവേണ്ടിയാണ്. ഇത് നല്ലതല്ല.

റിൽകെ പറഞ്ഞ താദാത്മ്യം മനുഷ്യന്റെ അസ്തിത്വപരമായ അറിവാണ്. ചിലപ്പോൾ നമ്മെക്കുറിച്ചുതന്നെ ഓർത്ത് അസ്വസ്ഥനാകേണ്ടിവരും. അത് സൃഷ്ടിപരമായ ആവശ്യമാണ്. ഉത്തരങ്ങൾ നമ്മെ തേടിവരികതന്നെ ചെയ്യും. നമ്മുടെ മനസ് നാം തേടുന്ന ഉന്നതമായ അവസ്ഥയിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്നതിൽ സർഗാത്മകത അന്തർഭവിച്ചിരിക്കുന്നു. പ്രമുഖ ഇംഗ്ലീഷ് സംഗീതകാരനും ഗീതികാരനുമായിരുന്ന ജോൺ ലെന്നൻ പറഞ്ഞു: “എപ്പോഴും പ്രചോദിപ്പിക്കുന്ന രണ്ട് ശക്തികളുണ്ട് - ഭയവും സ്നേഹവും. ഭയപ്പെട്ടാൽ നാം ജീവിതത്തിൽനിന്ന് പിന്തള്ളപ്പെടും.
നമ്മൾ സ്നേഹത്തിലാണെങ്കിൽ ജീവിതം നല്കുന്ന അഭിനിവേശത്തിലേക്കും അതിശയത്തിലേക്കും സ്വീകാര്യതയിലേക്കും എത്തിച്ചേരും. പ്രാഥമികമായി, നാം നമ്മെതന്നെ സ്നേഹിക്കണം. നമ്മുടെ നേട്ടങ്ങളിലും പരിമിതികളിലും ഒരുപോലെ നമുക്ക് സ്വയം സ്നേഹിക്കാനാകുന്നില്ലെങ്കിൽ, മറ്റുള്ളവരെ സ്നേഹിക്കാനുള്ള പൂർണസിദ്ധിയിലേക്കോ സൃഷ്ടിപരമായ ഔന്നത്യത്തിലേക്കോ എത്തിച്ചേരാനാകില്ല. ജീവിതത്തിന്റെ ഉന്നതിയും പ്രതീക്ഷയുമായിരിക്കുന്നത് എല്ലാറ്റിനെയും ആലിംഗനം ചെയ്യാൻ പാകത്തിലുള്ള ഭയരാഹിത്യത്തിലും തുറന്ന മനസിലുമാണ്.”
ലെന്നൻ അറിയിക്കുന്ന തുറന്ന സ്നേഹവും റിൽകെ ചൂണ്ടിക്കാണിച്ച പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്കുള്ള ഉത്തരവും എത്തിച്ചേരുന്നത് ഒരേ സത്യത്തിലാണ്. രണ്ടു വലിയ മനസുകൾ സത്യത്തിന്റെ നീരൊഴുക്കിൽ യാദൃച്ഛികമായി ഒത്തുചേരുന്നു. വലിയ സിദ്ധിയുടെ അടയാളമാണത്. അവർ സാധാരണ ജീവിതത്തിന്റെ ഭൂമിക്കടിയിൽ ശുദ്ധമായി ഒഴുകുന്ന നീർച്ചാലിൽ വന്നു നിൽക്കുന്നു.
ദൈവം അവരെ അവിടെ എത്തിച്ചതാണ്. ലെന്നൻ സർവാശ്ലേഷിയായ മനസിനെ വാഴ്ത്തുന്നു. റിൽകെ ഉത്തരങ്ങൾ തേടിപ്പോകുന്നതിനു പകരം അലട്ടുന്ന പ്രശ്നത്തെ ഏകാന്തതയിൽ സ്നേഹിക്കാൻ പറയുന്നു. ഈ സർവമമത, ഗാനാത്മകത, ലയം, സത്യത്തോടുള്ള പ്രതിബദ്ധത മഹത്തായ സർഗാത്മകതയിൽ ഉണർവായി വർത്തിക്കുന്നു.
Tags : Flow Truth Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash