Kerala
കൊച്ചി: യുദ്ധങ്ങളാലും സംഘര്ഷങ്ങളാലും ലോകം കലുഷിതമാകുമ്പോഴും നാം വെല്ലുവിളികളും അനിശ്ചിതത്വങ്ങളും അഭിമുഖീകരിക്കുമ്പോഴും ഈസ്റ്ററിന്റെ സന്ദേശം ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും മുന്നോട്ട് നയിക്കുന്നുവെന്ന് കെസിബിസി.
മരണത്തെ ജയിച്ച് ഉയിര്ത്തെഴുന്നേറ്റ ക്രിസ്തു ലോകത്തിന് പ്രത്യാശയും സമാധാനവും പുതുജീവനും പകരുന്ന അനുഭവമാണ് ഈസ്റ്റര്. ഇരുട്ടിനെ മറികടന്ന് പ്രകാശത്തില് വ്യാപരിക്കുന്ന ജീവിതത്തിന്റെ സന്ദേശമാണ് ഈസ്റ്റര് നമുക്ക് സമ്മാനിക്കുന്നത്.
പരസ്പരസ്നേഹവും സഹാനുഭൂതിയും പങ്കുവച്ച് ഒരു നല്ല സമൂഹം സൃഷ്ടിക്കാന് ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ. ജീവിതത്തില് സമാധാനപൂരിതമായ പുതിയ പ്രഭാതത്തിനായി പ്രത്യാശിക്കാൻ നമുക്കു സാധിക്കണമെന്നും കെസിബിസി ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.
Leader Page
ലോകമെങ്ങുമുള്ള ക്രൈസ്തവർ മിശിഹായുടെ തിരുവുത്ഥാനത്തിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണ്. വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ ഈ സത്യം അടിവരയിട്ടു പറയുന്നു: ""മിശിഹാ ഉയിർപ്പിക്കപ്പെട്ടില്ലങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കോറിന്തോസ് 15:14). ക്രൂശിന്റെ വേദനയും കല്ലറയുടെ നിശബ്ദതയും പിന്നിട്ട് ഉയിർത്തെഴുന്നേറ്റ ഈശോ നമ്മോട് പറയുന്നു: “ഭയപ്പെടേണ്ട, ഞാൻ ജീവിക്കുന്നു.” ഈ വാക്കുകൾ ഇന്നും നമ്മുടെ ജീവിതത്തിന്റെ അന്ധകാരങ്ങളിൽ പ്രത്യാശയുടെ വെളിച്ചം പകരുന്നതിനാൽ, ഈസ്റ്റർ നമുക്ക് വെറുമൊരു ആഘോഷമല്ല, മറിച്ച് പ്രതിസന്ധികളിൽ തളരാത്ത ക്രിസ്തീയ പ്രത്യാശയുടെ വിളംബരമാണ്.
ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഇവിടെ വളരെ പ്രസക്തമാണ്: ""മിശിഹായുടെ ഉത്ഥാനം ചരിത്രത്തിലെ ഒരു സാധാരണ സംഭവമല്ല, മറിച്ച് മാനവചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം (Quantum Leap) ആണ്. അക്രമംകൊണ്ട് ലോകത്തെ മാറ്റാമെന്ന വ്യാമോഹത്തിനു മുകളിൽ സ്നേഹം നേടിയ വിജയമാണത്'' (2006ലെ ഈസ്റ്റർ വിജിൽ പ്രഭാഷണത്തിൽ നിന്ന്). മിശിഹായുടെ ഉത്ഥാനം എന്നത് പഴയ ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്രയല്ല മറിച്ച് മരണമില്ലാത്ത ഒരു പുതിയ അവസ്ഥയിലേക്കുള്ള പ്രവേശനമാണ്. ഉത്ഥാനത്തിലൂടെ മരണം എന്നത് ഒരു അവസാനമല്ലെന്നും, മറിച്ച് ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള വാതിലാണെന്നും തെളിയിക്കപ്പെട്ടു. ഉത്ഥാനം ചെയ്ത മിശിഹായുടെ ശരീരം മഹത്വീകരിക്കപ്പെട്ടതാണ്. അവിടത്തേക്ക് അടഞ്ഞ വാതിലുകളിലൂടെ കടന്നുപോകാനും അതേസമയം തന്നെ ശിഷ്യന്മാരോടൊപ്പം ഭക്ഷണം കഴിക്കാനും സാധിച്ചു. ഇത് കേവലം ഒരു അത്ഭുതമല്ല, മറിച്ച് ഇശോയുടെ മനുഷ്യാസ്തിത്വത്തിൽ സംഭവിച്ച വിപ്ലവകരമായ പരിവർത്തനമാണ്.
« സമകാലിക പ്രസക്തി «
ഉത്ഥാനത്തിരുനാൾ വെറുമൊരു ഗതകാല സംഭവത്തിന്റെ ആവർത്തനമല്ല, മറിച്ച് മനുഷ്യപ്രകൃതിയുടെതന്നെ നവീകരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലിക പ്രസക്തമായ അനുസ്മരണമാണ്. സഭാപിതാവായ വിശുദ്ധ അത്തനാസിയൂസ് പഠിപ്പിക്കുന്നതുപോലെ, ""നാം ദൈവത്തെപ്പോലെ ആകേണ്ടതിന് ദൈവം മനുഷ്യനായി, മിശിഹായുടെ ഉത്ഥാനത്തിലൂടെ മരണം അതിന്റെ അധികാരം എന്നെന്നേക്കുമായി കൈവെടിഞ്ഞു” (‘De Incarnatione’). വിശുദ്ധ ജോൺ ക്രിസോസ്തം തന്റെ പ്രശസ്തമായ ഈസ്റ്റർ പ്രഭാഷണത്തിൽ ഉദ്ഘോഷിക്കുന്നു: ""മരണമേ, നിന്റെ വിജയം എവിടെ? പാതാളമേ, നിന്റെ ദംശനം എവിടെ? മിശിഹാ ഉയിർത്തെഴുന്നേറ്റു, മരണം പരാജയപ്പെട്ടിരിക്കുന്നു. ആദത്തിലൂടെ മരണം ലോകത്തിലേക്ക് പ്രവേശിച്ചുവെങ്കിൽ, പുതിയ ആദമായ മിശിഹായിലൂടെ നിത്യജീവൻ നമ്മിലേക്ക് സന്നിവേശിച്ചിരിക്കുന്നു (Paschal Homily of St. John Chrysostom).'' മിശിഹായുടെ ഉത്ഥാനം വഴി പാപത്തിന്റെ അടിമത്തത്തിൽനിന്ന് നാം വിമോചിതരാക്കപ്പെടുകയും ദൈവപുത്രസ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു. ശൂന്യമായ കല്ലറ മിശിഹായുടെ അഭാവത്തെയല്ല, മറിച്ച് അവിടന്ന് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നു എന്ന സത്യത്തെയാണ് വെളിപ്പെടുത്തുന്നത്.
ഭൗതികമായ ഒരു പരിമിതിക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന സാന്നിധ്യത്തിൽനിന്നു കാലാതീതവും സർവവ്യാപിയുമായ ദൈവികതയിലേക്കുള്ള പരിവർത്തനമാണത്. മിശിഹായുടെ ശൂന്യമായ കല്ലറയെ ധ്യാനിക്കുമ്പോൾ അവിടുന്ന് ഏതെങ്കിലും ഒരു പ്രത്യേക ദേശത്തോ കാലത്തോ മാത്രം തളയ്ക്കപ്പെട്ടവനല്ലെന്നും മറിച്ച്, അവിടത്തെ ഉത്ഥാനചൈതന്യം ലോകത്തിന്റെ നാനാകോണുകളിലും പടർന്നിരിക്കുന്നുവെന്നും നാം തിരിച്ചറിയുന്നു. ദുരിതമനുഭവിക്കുന്നവന്റെ വിലാപത്തിലും യുദ്ധക്കളങ്ങളിലെ നിസഹായതയിലും വേട്ടയാടപ്പെടുന്നവന്റെ പലായനത്തിലും പ്രത്യാശയുടെ പ്രകാശമായി മിശിഹാ കൂടെയുണ്ടെന്ന വലിയ സത്യം ശൂന്യമായ കല്ലറ നമ്മെ ഓർമിപ്പിക്കുന്നു.
നമ്മുടെ കാലഘട്ടം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുദ്ധവാർത്തകളും നിഷ്കളങ്കരായ മനുഷ്യരുടെ നിലവിളികളും നമ്മുടെ ഹൃദയങ്ങളെ വേദനിപ്പിക്കുന്നുണ്ട്. അതിക്രമങ്ങളും അധികാരമോഹങ്ങളും മനുഷ്യജീവന്റെ മഹത്വത്തെ വിസ്മരിക്കുമ്പോൾ, ഈസ്റ്റർ നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണ്. കുരിശിലെ ബലിയർപ്പണം പരാജയമായിരുന്നില്ല, മറിച്ച് ലോകത്തെ വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ കരുണയുടെ അടയാളമായിരുന്നു. ""ലോകത്തിൽ നിങ്ങൾക്ക് കഷ്ടതയുണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹന്നാൻ 16: 33) എന്ന മിശിഹായുടെ വചനം ഇന്നത്തെ യുദ്ധക്കെടുതികളിൽ ഉഴലുന്ന ജനതയ്ക്ക് വലിയൊരു ആശ്വാസമാണ്. അക്രമംകൊണ്ട് ആർക്കും ശാശ്വതമായ വിജയം നേടാനാവില്ലെന്നും സ്നേഹംകൊണ്ടുള്ള കീഴടങ്ങലിലാണ് യഥാർഥ വിജയമെന്നും ഉത്ഥാനരഹസ്യം നമ്മെ ഓർമിപ്പിക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നതുപോലെ; ""മനുഷ്യരാശിയുടെ ഭാവി യുദ്ധങ്ങളിലോ അക്രമങ്ങളിലോ അല്ല, മറിച്ച് ജീവനിലും സമാധാനത്തിലുമാണ്. കുരിശ് പരാജയമായിരുന്നെങ്കിൽ ഉത്ഥാനം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് അക്രമത്തിന് നമ്മുടെ ഭാവിയുടെ അവസാന വാക്ക് പറയാനാകില്ല’’ (ലോക സമാധാനദിന സന്ദേശം, 2005).
« സമാധാനം, ഉത്ഥിതന്റെ സമ്മാനം «
ഇന്നു നാം കാണുന്ന യുദ്ധങ്ങളും ക്രൂരതകളും നമ്മുടെ ഹൃദയങ്ങളിലെ പ്രത്യാശയെ കെടുത്തിക്കളയാൻ ശ്രമിക്കുമ്പോൾ, മിശിഹായുടെ കല്ലറ അടച്ചുവച്ചിരുന്ന വലിയ കല്ലുകൾ ദൈവികശക്തിയാൽ ഉരുട്ടിമാറ്റപ്പെട്ടത് നാം ഓർമിക്കണം . അനീതിയുടെയും മരണത്തിന്റെയും കല്ലറകൾക്കുമേൽ അവയെത്ര ബലമുള്ളതെന്നു തോന്നിയാലും പ്രത്യാശയുടെ സൂര്യൻ ഉദിക്കുകതന്നെ ചെയ്യും. ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യന്മാർക്ക് നൽകിയ ആദ്യത്തെ സമ്മാനം സമാധാനമായിരുന്നു. ഭയത്തിന്റെയും ആശങ്കയുടെയും നിഴലിൽ കഴിഞ്ഞിരുന്ന ആ മനുഷ്യരിലേക്ക് ""നിങ്ങൾക്ക് സമാധാനം’’ എന്ന് ആശംസിച്ചുകൊണ്ട് കടന്നുവന്ന മിശിഹാ, സമാധാനം എന്നത് കേവലം സങ്കർഷങ്ങളുടെ അഭാവമല്ല മറിച്ച് ദൈവസാന്നിധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. മിശിഹാ നൽകിയ ഈ സമാധാനം ഹൃദയങ്ങളിൽ ആഴത്തിൽ സ്വീകരിച്ചുകൊണ്ട്, സഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പുതിയൊരു ലോകം പടുത്തുയർത്താനാണു നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. നമുക്കിടയിലുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ തകർക്കാനും അപരനെ ശത്രുവായി കാണാതെ ദൈവത്തിന്റെ പ്രതിരൂപമായി സ്നേഹിക്കാനും ഈ ഉയിർപ്പുകാലം നമുക്ക് പ്രചോദനമാകട്ടെ. മിശിഹായുടെ സമാധാനം നമ്മിലൂടെ കുടുംബത്തിലേക്കും സമൂഹത്തിലേക്കും പങ്കുവയ്ക്കപ്പെടുമ്പോഴാണ് ഉത്ഥാനത്തിന്റെ യഥാർഥ മനോഹാരിത ലോകം തിരിച്ചറിയുന്നത്.
« പ്രത്യാശിക്കാൻ ധൈര്യം തരുന്ന ഉത്ഥാനം «
മിശിഹായുടെ ഉത്ഥാനം മനുഷ്യരാശിക്ക് പകർന്നുതരുന്ന ഒരു ആത്മീയ ഔഷധമാണ് പ്രത്യാശ. വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ, ""പ്രത്യാശ നമ്മെ ലജ്ജിപ്പിക്കുന്നില്ല; കാരണം, നമുക്ക് നൽകപ്പെട്ടിട്ടുള്ള പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു’’ (റോമ 5:5). പ്രത്യാശ എന്നത് വെറുമൊരു ആഗ്രഹമല്ല, മറിച്ച് ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള ഉറച്ച വിശ്വാസമാണ്. നിരാശയുടെ അന്ധകാരത്തിൽ കഴിയുന്നവരെ വിശുദ്ധ അഗസ്തിനോസ് ഇങ്ങനെ ഓർമിപ്പിക്കുന്നു; ""വിശ്വാസം എന്നത് നാം കാണാത്ത കാര്യങ്ങൾ വിശ്വസിക്കലാണ്; ആ വിശ്വാസത്തിന്റെ പ്രതിഫലം നാം വിശ്വസിക്കുന്നത് നേരിട്ടു കാണുക എന്നതാണ്.’’ പ്രത്യാശയുള്ള ഹൃദയം പരാജയത്തെ അറിയുന്നില്ല. പ്രത്യാശയാണ് ഈ ലോകത്തെ മാറ്റിമറിക്കാൻ നമുക്ക് നൽകപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ആയുധം. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പപ്പാ നമ്മെ ഓർമിപ്പിക്കുന്നു; ""ക്രിസ്തീയ പ്രത്യാശ എന്നത് വെറുമൊരു ദുർബലമായ സ്വപ്നമല്ല, മറിച്ച് ഉത്ഥിതനായ മിശിഹായുടെ ഹൃദയത്തിലേക്ക് എറിയപ്പെട്ട കരുത്തുറ്റ ഒരു നങ്കൂരമാണ്. കഠിനമായ ഇരുളിലും പ്രഭാതത്തിന്റെ വെളിച്ചം കാണാൻ നമ്മെ സഹായിക്കുന്ന ശാന്തമായ കരുത്താണത്. ദൈവത്തോടൊപ്പമാണെങ്കിൽ ഒരു ശൈത്യകാലവും ശാശ്വതമല്ലെന്നും ഒരു പരാജയവും അന്തിമമല്ലെന്നും അത് നമ്മെ ഓർമിപ്പിക്കുന്നു’’ (63-ാമത് ലോക ദൈവവിളി പ്രാർഥനാദിനത്തിൽ നൽകിയ സന്ദേശത്തിൽനിന്ന്).
മിശിഹായുടെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നത് മരണത്തിൽ അവസാനിക്കാത്ത ഒരു ജീവിതമുണ്ടെന്നും, അന്ധകാരത്തിന് പ്രകാശത്തെ കീഴടക്കാൻ കഴിയില്ലെന്നുമാണ്. ""കുരിശില്ലാതെ ഈസ്റ്റർ സാധ്യമല്ല. മരിക്കാൻ തയാറുള്ളവർക്കേ ജീവിക്കാൻ അവകാശമുള്ളൂ. ക്രിസ്തുവിന്റെ ഉത്ഥാനം നമുക്ക് നൽകുന്ന സന്ദേശം ഇതാണ്: സ്നേഹത്തിന് മരണത്തേക്കാൾ ശക്തിയുണ്ട്. അന്ധകാരത്തിന് വെളിച്ചത്തെ കീഴടക്കാൻ കഴിയില്ലെന്ന് ശൂന്യമായ കല്ലറ നമ്മെ പഠിപ്പിക്കുന്നു’’ എന്നു ബിഷപ് ഫുൾട്ടൺ ജെ. ഷീൻ പറഞ്ഞ വാക്കുകൾ (ലൈഫ് ഓഫ് ക്രൈസ്റ്റ്) പുതിയൊരു പ്രകാശത്തിൽ ഉയിർപ്പുതിരുനാൾ ആഘോഷിക്കാൻ നമുക്ക് പ്രചോദനം നൽകുന്നുണ്ട്. ഉത്ഥിതനായ മിശിഹായോടൊപ്പം നമുക്കും പ്രത്യാശയുടെ പുതിയ ജീവിതത്തിലേക്ക് ഉയർത്തെഴുന്നേൽക്കാം. നമുക്ക് പ്രത്യാശയുടെ വിത്തുകൾ വിതയ്ക്കുന്നവരാകാം. കാരണം, കല്ലറ ഒഴിഞ്ഞുകിടക്കുന്നു; മിശിഹാ ഉയിർത്തെഴുന്നേറ്റു, അവിടന്ന് ഇന്നും നമ്മോടൊപ്പമുണ്ട്. ഉയിർപ്പുതിരുനാളിന്റെ ദൈവാനുഗ്രഹങ്ങൾ എല്ലാവർക്കും ആശംസിക്കുന്നു.
Kerala
കൊച്ചി: യുഡിഎഫിന്റെ സ്ഥാനാർപ്പട്ടികയിൽ വനിതകൾ 12 പേർ. മുസ്ലിം ലീഗിലെ രണ്ടു പേരുൾപ്പടെ ഇക്കുറി യുഡിഎഫ് നിരയിൽ വനിതാ പങ്കാളിത്തം വലിയ പ്രതീക്ഷ നൽകുന്നതാണെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും രാജ്യസഭാംഗവുമായ ജെബി മേത്തർ.
ഇന്ദിരാ ഗാരന്റി ഉൾപ്പടെ സ്ത്രീപക്ഷ പദ്ധതികളുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫിന്റെ പ്രതീക്ഷകൾ, ഇന്ദിരാ ഗാരന്റിയിലെ പ്രായോഗികത, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ഇടതുഭരണത്തിന്റെ സ്ഥിതി..... നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ജെബി മേത്തർ എംപി സംസാരിക്കുന്നു.
കേരളത്തിന്റെ പെണ്മുന്നേറ്റത്തിന് യുഡിഎഫ് തെരഞ്ഞെടുപ്പു ഘട്ടത്തില് മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷകള്, പദ്ധതികള്?
സ്ത്രീ സുരക്ഷയാണ് യുഡിഎഫ് പ്രധാനമായും ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാരിന്റെ ദുർഭരണത്തിൽ കേരളം സ്ത്രീ പീഡനങ്ങളുടെ നാടായി മാറി. വിവിധ സ്വഭാവത്തിലുള്ള ഒന്നര ലക്ഷത്തോളം സ്ത്രീ പീഡനക്കേസുകളാണ് ഈ കാലയളവിൽ ഉണ്ടായത്. ഒരു സ്ത്രീയുടെ കണ്ണീരുപോലും വീഴരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.
എല്ലാ സ്ത്രീപീഡനങ്ങളുടെയും ഒരറ്റത്തു സഖാക്കളാണ് എന്നതാണ് മറ്റൊരു വസ്തുത. ലഹരി മരുന്നുകളുടെ താണ്ഡവമാണിവിടെ. വീട്ടമ്മമാരുടെ ഉറക്കം കെടുത്തുന്ന തരത്തിലാണ് ലഹരി വ്യാപനം. കേരളത്തെ വീണ്ടെടുക്കാനാണ് ഈ പോരാട്ടം അതാണ് തിരഞ്ഞെടുപ്പിലെ പ്രധാന അജണ്ട.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗാരന്റിയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന സ്ത്രീപക്ഷ പദ്ധതികൾ. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം, സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ 3000 രൂപ, യുവജനങ്ങൾക്ക് ബിസിനസുകൾ ആരംഭിക്കുന്നതിന് അഞ്ചു ലക്ഷം രൂപ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാർക്കു ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് ഇതെല്ലാം നാടിന്റെ ഉന്നമനത്തിനായി യുഡിഎഫ് ഉയർത്തിപ്പിടിക്കുന്ന വികസന ക്ഷേമ പദ്ധതികളാണ്.
സ്ത്രീകളുടെ കണ്ണീരിൽ ഈ പിണറായി സർക്കാർ ഒലിച്ചു പോകും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ത്രീകൾക്കാണ് വൻവിജയം കൊയ്യാൻ സാധിച്ചത്.
കെഎസ്ആര്ടിസിയില് സ്ത്രീകള്ക്കു സൗജന്യയാത്ര പോലുള്ള പദ്ധതികള് പ്രായോഗികമാണോ?
പ്രായോഗികമാവുന്നതും പ്രാവർത്തികമാക്കാൻ കഴിയുന്നതുമായ വാഗ്ദാനങ്ങളാണ് ഇന്ദിരാ ഗാരന്റിയിലൂടെ രാഹുൽ ഗാന്ധി മുന്നോട്ട് വച്ചിട്ടുള്ളത്. കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ ഇതിനകം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
കെഎസ്ആർടിസി പുനക്രമീകരിക്കുന്നതിലൂടെ വലിയ ബാധ്യതകൾ ഇല്ലാതെ ഇത് നടപ്പാക്കാൻ കഴിയും. തുച്ഛമായ വേതനത്തിന് ജോലിയെടുക്കുന്ന യുവതികൾക്കും വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും ഏറ്റവും ഗുണകരമാകുന്ന പദ്ധതിയാണിത്. ബസ് ചാർജ് ഇനത്തിൽ ചെലവഴിക്കേണ്ടി വരുന്ന വൻ തുക അവരുടെ വീട്ടാവശ്യങ്ങൾക്കും മറ്റും വിനിയോഗിക്കാനാവും.
പാലക്കാട് മികച്ച എംഎല്എ ആരോപണത്തില് ഉള്പ്പെട്ടു മാറി നില്ക്കേണ്ടിവന്നു. പെരുമ്പാവൂരില് സിറ്റിംഗ് എംഎല്എയ്ക്കു സീറ്റ് നിഷേധിക്കപ്പെട്ടതും സമാനമായ ആരോപണത്തിന്റെ പശ്ചാത്തലത്തില്. മഹിളാ കോണ്ഗ്രസ് ഇതിനെ എങ്ങനെ കാണുന്നു?
ഒരു ആരോപണം ഇമെയിൽ വഴി ഉന്നയിച്ചപ്പോൾ തന്നെ പോലീസിന് കൈമാറി അതിന്റെ നിജസ്ഥിതി അന്വേഷിക്കണം എന്ന സമീപനമാണ് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചത്. അത്രകണ്ട് ഉയർന്ന പരിഗണനയാണ് സ്ത്രീസംബന്ധമായ പ്രശ്നങ്ങളിൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. സ്ത്രീ സുരക്ഷയ്ക്ക് പ്രധാന പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്.
വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില് മുന്നണികളുടെ സ്ഥാനാര്ഥി പട്ടിക നല്കുന്ന സന്ദേശം ?
പിണറായി വിജയൻ സർക്കാരിനെ പിഴുതെറിയാനുള്ള ഉത്തരവാദിത്വം കേരളത്തിലെ സ്ത്രീജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അതിനാണ് മുൻഗണനയും പ്രാധാന്യവും. മഹിളാ സ്ഥാനാർഥികൾ യുഡിഎഫിനായി രംഗത്തുണ്ട്. ഓരോ മണ്ഡലത്തിലെയും വിജയസാധ്യതകൾ കൂടി പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം നടത്തിയിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച മൂന്ന് കോർപറേഷൻ മേയറും വനിതകളാണ്. മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റാണ് കൊച്ചി മേയർ.
തദ്ദേശ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസിന് ഉയർന്ന പരിഗണനയാണ് ലഭിച്ചത്. രണ്ടായിരത്തിലേറെ മഹിളാ കോൺഗ്രസ് നേതാക്കളാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
മഹിളാ ശക്തി
രാജീവ് ഗാന്ധിയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് തദ്ദേശ തെരെഞ്ഞെടുപ്പിൽ കാണുന്ന സ്ത്രീകളുടെ വലിയ മുന്നേറ്റം. പാർലമെന്റിലേക്കും നിയമസഭയിലേക്കും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കോൺഗ്രസ് പ്രതിജ്ഞബദ്ധമാണ്.
പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കുന്ന വേളയിൽ കോൺഗ്രസ് മുന്നോട്ട് വെച്ച പ്രധാനപ്പെട്ട കാര്യം ഡീലിമിറ്റേഷൻ സെൻസസ് നിബന്ധനകൾ വനിത സംവരണം വൈകിപ്പിക്കുമെന്നതുകൊണ്ട് ആ നിബന്ധനകൾ ഒഴിവാക്കുകയും എത്രയും പെട്ടെന്ന് വനിത സംവരണം നടപ്പാക്കണം എന്നതാണ്. പക്ഷേ കേന്ദ്ര സർക്കാർ അത് അംഗീകരിച്ചില്ല.
കോൺഗ്രസിന് കേരളത്തിൽ നിന്നും ഒരു രാജ്യസഭാംഗം മാത്രമാണ് ഉള്ളത്. അത് ഒരു വനിതയാണ്. യുഡിഎഫിന്റെ 12 വനിതകൾ സ്ഥാനാർഥികളാണ്.
മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ ഇക്കുറി രണ്ടു വനിതകൾ വന്നിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷത്തെ ഏറ്റവും ശക്തയായ സ്ത്രീ സാന്നിധ്യം കെ.കെ. രമ വീണ്ടും മത്സരിക്കുന്നു എന്നതും മഹിളാശക്തിയെയാണ് ചൂണ്ടിക്കാണിക്കുന്നത്.
District News
കല്യാശേരി: 2008-ലെ മണ്ഡല പുനർനിർണയത്തോടെയാണ് കല്യാശേരി നിയമസഭാ മണ്ഡലം നിലവിൽ വന്നത്. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ മണ്ഡലത്തിൽ ഉൾപ്പെടുന്നു.
കാസർഗോഡ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗവും മുൻ മുഖ്യമന്ത്രി നായനാരുടെ ജന്മദേശവുമാണ് കല്യാശേരി നിയമസഭാമണ്ഡലം. 10 പഞ്ചായത്തുകളിൽ എട്ട് പഞ്ചായത്തുകളും എൽഡിഎഫാണ് ഭരിക്കുന്നത്. തീരദേശ പഞ്ചായത്തുകളായ മാടായിയും മാട്ടൂലും മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. 2011 മുതൽ മൂന്ന് തവണയും സിപിഎം മാത്രം ജയിച്ച മണ്ഡലമാണിത്. യുവമുഖങ്ങൾ മാത്രമിറങ്ങുന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറിയ രണ്ടുപേരും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിമാരുമാണ്. ടി.വി. രാജേഷും എം. വിജിനും കല്യാശേരിയിൽ നിന്ന് വിജയിച്ച് കയറിയവരാണ്.
രണ്ടാം അങ്കത്തിന് വിജിൻ
ആദ്യ മത്സരത്തിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് എം. വിജിന്റെ ജയം. ഇക്കുറിയും വിജിൻ തന്നെയാണ് മത്സരിക്കുന്നത്. എന്നാൽ, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച ഭൂരിപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ താഴോട്ട് പോകുന്നതാണ് കണ്ടത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 13,694 വോട്ടിന്റെ ലീഡ് എൽഡിഎഫിന് നൽകിയ കല്യാശേരി 2024 ൽ നൽകിയത് 1058 മാത്രം. ലോക്സഭയിലുണ്ടായ ഈ അടിയൊഴുക്കുകളിലാണ് യുഡിഎഫ് പ്രതീക്ഷ. കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് എന്നിവരുടെ പേരുകൾ മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്. ഒരു തെരഞ്ഞെടുപ്പിലും ഇടതിനെ കൈവിടാത്ത മണ്ഡലം ആഞ്ഞുപിടിച്ചാൽ ആരെയും തുണയ്ക്കുമെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നത്. മണ്ഡലത്തിൽ പരിചിതരായവരെ രംഗത്തിറക്കാനാണ് എൻഡിഎയുടെ ശ്രമം.
National
ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് ഞായറാഴ്ച. ഫെബ്രുവരി ഒന്നിനു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒന്പതാമത്തെ കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കുന്നത്.
ലോകത്തെ അനിശ്ചിതമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ സാന്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുന്നതാകും പൊതുബജറ്റ് എന്നാണു പ്രതീക്ഷ.
നികുതിഘടനയിൽ ഉൾപ്പെടെ നിരവധി പരിഷ്കരണ നടപടികളുംപ്രതീക്ഷിക്കുന്നു. ആദായനികുതി റിട്ടേണുകളിലെ പഴയ സന്പ്രദായം നിർത്തലാക്കുമെന്നു സൂചനയുണ്ട്.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ചില പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. എയിംസ്, അതിവേഗ റെയിൽ അടക്കം കേരളം കാത്തിരിക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമോയെന്നതിൽ ഇപ്പോഴും ഉറപ്പില്ല.
അമേരിക്കയിലെ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 50 ശതമാനം തീരുവ, അവസാനിക്കാത്ത യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം, ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണി, ഇറാനിലെ അസ്വസ്ഥത, പാക്കിസ്ഥാൻ ഉയർത്തുന്ന ഭീകരാക്രമണ ഭീഷണി എന്നിവ മുതൽ 27 യൂറോപ്യൻ രാജ്യങ്ങളുടെ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാർ എന്നിവയുടെ കൂടി പശ്ചാത്തലത്തിലാകും പുതിയ ബജറ്റ്.
Agriculture
സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ കാർഷിക മേഖലയിൽ പ്രതീക്ഷയേറുന്നു. മഴയുടെ ലഭ്യത നെൽകൃഷിക്കും മറ്റ് പ്രധാന വിളകൾക്കും അനുഗ്രഹമാവുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷങ്ങളിലെ വരൾച്ചയും അപ്രതീക്ഷിത മഴയും ഉണ്ടാക്കിയ നഷ്ടങ്ങളിൽ നിന്ന് കരകയറാൻ ഈ വർഷത്തെ നല്ല മഴ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കാർഷിക സമൂഹം.
എന്നിരുന്നാലും, തീവ്ര മഴയും വെള്ളപ്പൊക്ക സാധ്യതയും കർഷകരിൽ ആശങ്കയുണർത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിള ഇൻഷുറൻസ് പദ്ധതികൾ ശക്തിപ്പെടുത്തുന്നതും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതും കർഷകർക്ക് ഏറെ സഹായകമാകും.
കാർഷിക വകുപ്പ് മഴക്കാല കൃഷിക്കുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മണ്ണ് സംരക്ഷണം, നീർവാർച്ച ഉറപ്പാക്കൽ, രോഗകീട നിയന്ത്രണം എന്നിവയിൽ കർഷകർ ശ്രദ്ധിക്കണമെന്ന് കൃഷി മന്ത്രി അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും പരമ്പരാഗത അറിവുകൾ ഉപയോഗിച്ചും ഈ വർഷത്തെ കാർഷിക വിളവ് വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.