പുതിയ ലോകക്രമത്തില്‍ പുതിയ വെല്ലുവിളികളെ പുതിയ അവസരങ്ങളാക്കി മാറ്റുകയാണു പ്രധാനം. ഡല്‍ഹിയിലെ ബ്രിക്സ് ഉച്ചകോടി ഇതിനുള്ള അവസരമാണ്. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കി വളര്‍ത്തുന്നതിനു വലിയ തോതിലുള്ള മാറ്റങ്ങളും പരിഷ്കാരങ്ങളും ഗൗരവപൂര്‍ണമായ നടപടികളും അനിവാര്യമാണ്.
ലോകയുദ്ധങ്ങളും ആഗോള രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളും മലയാളികളെയും നേരിട്ടു ബാധിച്ചു. യുക്രെയ്നില്‍ റഷ്യയും ഇറാനില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്കിലെ എണ്ണ നീക്കം തടസപ്പെട്ടതും മൂലമുള്ള പ്രതിസന്ധി വ്യക്തമായ പരിഹാരമില്ലാതെ നീളുകയാണ്. ഗാസ യുദ്ധം മുതല്‍ ഹൂതികളുടെ ആക്രമണം വരെ നിരവധിയായ പ്രതിസന്ധികളും പ്രശ്നം വഷളാക്കുന്നു. ആഗോള പ്രതിസന്ധികള്‍ക്കും പ്രശ്നങ്ങള്‍ക്കുമിടയില്‍ ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുകയാണ്.
2012ല്‍ ഡോ. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഡല്‍ഹിയില്‍ നടത്തിയ ബ്രിക്സ് ഉച്ചകോടിക്കു ശേഷം രണ്ടാമത്തെ ഉച്ചകോടിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയൊരുക്കുന്നത്. ഡല്‍ഹിയില്‍ ഇന്നും നാളെയുമായി നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഇന്ത്യക്കും ലോകത്തിനാകെയും സുപ്രധാനമാണ്.
◄ലോകം ഡല്‍ഹിയിലേക്ക്
ആഗോള ജിഡിപിയുടെ മൂന്നിലൊന്നിലേറെ ബ്രിക്സ് രാജ്യങ്ങളുടേതാണ്. ലോക ജനസംഖ്യയുടെ ഏതാണ്ടു പകുതിയോളം വരുന്ന (49.5%) നാനൂറ് കോടിയോളം പേരെ ബ്രിക്സ് പ്രതിനിധീകരിക്കുന്നു. അമേരിക്കയുടെ വ്യാപാര ചുങ്കവും ഡോളറിന്റെ മേല്‍ക്കോയ്മയും രൂക്ഷമാകുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കമുള്ളവ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ ബ്രിക്സ് രാഷ്ട്രങ്ങളുടെ സംഘടിത ശക്തിക്കു പലതും ചെയ്യാനാകും. ചൈനയും ഇന്ത്യയും റഷ്യയും കൂടുതല്‍ സഹകരിക്കുന്നതു തടയാനായി അമേരിക്കയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിണഞ്ഞു ശ്രമിക്കുന്നതിനു കാരണം വ്യക്തം.
ഡോളറിനു പകരം ബദല്‍ കറന്‍സി അവതരിപ്പിക്കാനുള്ള ബ്രിക്സ് നീക്കം തടയാന്‍ ട്രംപ് ആവുന്നതെല്ലാം ചെയ്യും. ഡോളറിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചാല്‍ കൂടിയ തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെ മറികടക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കു യോജിച്ചു നില്ക്കാനാകുമോയെന്നതു ചോദ്യമായി ശേഷിക്കുന്നു.
◄അമേരിക്കന്‍ പൊലിസിനു താക്കീത്
അമേരിക്ക ഉയര്‍ത്തുന്ന വ്യാപാര ഉപരോധവും ഉയര്‍ന്ന തീരുവയും നേരിടാന്‍ ഇന്ത്യക്ക് ബ്രിക്സ് രാജ്യങ്ങളുടെ പിന്തുണ ആവശ്യമാകും. അമേരിക്കന്‍ വെല്ലുവിളിയെ കാനഡ പ്രതിരോധിക്കുന്നതില്‍നിന്ന് ഇന്ത്യക്കും പാഠം ഉള്‍ക്കൊള്ളാനുണ്ട്. അയല്‍രാജ്യവും സഖ്യകക്ഷിയും ദീര്‍ഘകാല വ്യാപാര പങ്കാളിയുമായ കാനഡയോടു വ്യാപാര യുദ്ധത്തിനു തയാറായ ട്രംപ്, ഇന്ത്യക്കെതിരേയും എന്തു ചെയ്യാനും മടിക്കില്ല. 2026 ഫെബ്രുവരിയില്‍ ഒപ്പുവച്ച ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം അധിക തീരുവ ഏകപക്ഷീയമായി. കരാര്‍ നടപ്പാക്കിയാലും ഇല്ലെങ്കിലും ഇന്ത്യയെ ഒതുക്കാന്‍ ട്രംപ് ഇനിയും കരുക്കള്‍ നീക്കുമെന്നതില്‍ സംശയിക്കാനില്ല.
◄ബ്രിക്സ് ബാങ്കും കറന്‍സിയും
അമേരിക്കയ്ക്കു വെല്ലുവിളിയാകേണ്ട ചൈനയെ അടുത്ത വ്യാപാര പങ്കാളിയാക്കുന്നതില്‍ ട്രംപ് വിജയിച്ചതും കാണാതെ പോകില്ല. ചൈനയും പാക്കിസ്ഥാനും കൂടുതല്‍ അടുക്കുകയും ചെയ്തു. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും യുക്രെയ്ന് യുദ്ധത്തിനുശേഷവും റഷ്യയുടെ സ്ഥിതി കൂടുതല്‍ പിന്നാക്കം പോയി. പഴയതുപോലെ ഇതരരാജ്യങ്ങളെ നിയന്ത്രിക്കാന്‍ റഷ്യക്കാകില്ല. ഇന്ത്യക്കും പ്രതീക്ഷകളോടൊപ്പം ആശങ്കകളുമേറി. ആഗോള സാമ്പത്തിക ശക്തിയായി വളരുമ്പോഴും അമേരിക്ക, ചൈന എന്നീ വമ്പന്മാരുടെ മുന്നില്‍ ഇന്ത്യക്കു വെല്ലുവിളികളും സമ്മര്‍ദങ്ങളും കൂടുകയാണ്. ആഗോള രാഷ്ട്രീയത്തില്‍, ജിയോ പൊളിറ്റിക്സില്‍ ഉണ്ടായ മാറ്റം പലപ്പോഴും വികസ്വര രാഷ്ട്രങ്ങള്‍ക്കു പുതിയ വെല്ലുവിളിയും പരീക്ഷണവുമാണ്.
ഡല്‍ഹിയില്‍ ഇന്നു തുടങ്ങുന്ന ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയുടെ ഓരോ തീരുമാനവും ലോകത്തിനാകെ പ്രധാനമാണ്. രാഷ്ട്രീയ, സുരക്ഷാ സഹകരണം, സാമ്പത്തിക, വാണിജ്യ സഹകരണം, ജനങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവയാണു ബ്രിക്സിന്റെ ലക്ഷ്യങ്ങളില്‍ മുഖ്യം. ഭീകരത, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ- ഊര്‍ജ സുരക്ഷ, ആഗോള സാമ്പത്തിക സ്ഥിതി, ടെലികമ്യൂണിക്കേഷന്‍സ്, കൃഷി, തൊഴില്‍, വാണിജ്യം, ആരോഗ്യം, ദുരന്തനിവാരണം, വിതരണ ശൃംഖലകള്‍ തുടങ്ങിയവ അടക്കമുള്ള ഒട്ടേറെ കാര്യങ്ങളിലും ബ്രിക്സ് രാഷ്ട്രങ്ങള്‍ സഹകരണത്തിനു ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഫലപ്രദവും പ്രായോഗികവുമായ നടപടികളാണു പ്രധാനം. 2012ല്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ് നിര്‍ദേശിച്ച ബ്രിക്സ് വികസന ബാങ്കും ഏകീകൃത കറന്‍സിയും അടക്കം പലതും ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നതാണു കഷ്ടം.
◄അനിശ്ചിതാവസ്ഥ, സങ്കീര്‍ണത
2023 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടത്തിയ ജി20 ഉച്ചകോടിയുടെ പുറംമോടിക്ക് അപ്പുറം എന്തൊക്കെ നേടിയെന്നതു കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം. ബ്രിക്സ് ഉച്ചകോടിയുടെ കാര്യത്തിലും പുറംമോടിയും പ്രചാരണ കോലാഹലവും മാത്രം പോരാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ മികവെന്നതിലേറെ, ഇന്ത്യയുടെ ഭാവി കുതിപ്പിനുള്ള വേദിയാകേണ്ടതുണ്ട്. കൃത്യമായ പദ്ധതികളും പരിപാടികളുമായി ഇന്ത്യയെ വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കു നയിക്കാനാകുകയാണു പ്രധാനം. പാശ്ചാത്യ വായ്പാ സംവിധാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ബദല്‍ വികസന ബാങ്ക് എന്നത് ഇത്തരത്തിലൊന്നാണ്.
ലോകത്തുള്ള അനിശ്ചിതാവസ്ഥയും സങ്കീര്ണതയുമാണു ബ്രിക്സ് ഉച്ചകോടിക്കു മുന്നിലുള്ളതെന്ന കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ഇന്ത്യയിലെ യുപിഐ പോലുള്ള പെയ്മെന്റ് സംവിധാനങ്ങളെ സംയോജിപ്പിക്കണമെന്ന വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ ആഹ്വാനവും പ്രസക്തമാണ്. നിര്‍മിത ബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകളുടെയും ഡിജിറ്റൈസേഷന്റെയും ഗുണം നേടാന്‍ കൃത്യവും വ്യക്തവുമായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കേണ്ടതുണ്ട്. ബ്രിക്സ് രാജ്യങ്ങളുടെ നിക്ഷേപ തലസ്ഥാനമായി ഇന്ത്യയെ മാറ്റുകയെന്നതാകും മുഖ്യം.
◄വെല്ലുവിളികളെ അവസരമാക്കൂ
ആഗോള രാഷ്ട്രീയവും നയതന്ത്രവും വാണിജ്യ, വ്യാപാര, സാമ്പത്തിക, സൈനിക സഹകരണത്തിനുള്ള പരമ്പരാഗത രീതികളും അപ്പാടെ മാറി. പുതിയ ലോകക്രമത്തില്‍ പുതിയ വെല്ലുവിളികളെ പുതിയ അവസരങ്ങളാക്കി മാറ്റുകയാണു പ്രധാനം. അതിനു പഴയ സമീപനങ്ങളും തന്ത്രങ്ങളും മതിയാകില്ല. ഡല്‍ഹിയിലെ ബ്രിക്സ് ഉച്ചകോടി ഇതിനുള്ള അവസരമാണ്. ഏഴു വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിംഗുമായി പഴയ ഉറ്റ സൗഹൃദം ഉപയോഗപ്പെടുത്താന്‍ മോദിക്കു കഴിയുമെന്നു പ്രതീക്ഷിക്കാം.
2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കി വളര്‍ത്തുന്നതിനു വലിയ തോതിലുള്ള മാറ്റങ്ങളും പരിഷ്കാരങ്ങളും ഗൗരവപൂര്‍ണമായ നടപടികളും അനിവാര്യമാണ്. ഇന്ത്യയുടെ വികസനത്തിനാവശ്യമായ ആഗോള സഹകരണവും സാമ്പത്തിക, സാങ്കേതിക പങ്കാളിത്തവും യാഥാര്‍ഥ്യമാക്കുന്നതില്‍ പ്രധാനമന്ത്രി മോദിക്കു നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയണം. ബ്രിക്സ് ഉച്ചകോടി വിജയകരമാകട്ടെയെന്ന് ആശംസിക്കാം. ജെന്‍സിയുടെയും ജെന്‍ ആല്‍ഫയുടെയും പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ ഇന്ത്യയുടെയും ഇതര ലോകരാഷ്ട്രങ്ങളുടെയും അവസരമായി ബ്രിക്സ് ഉച്ചകോടി മാറുമെന്നു പ്രത്യാശിക്കാം.
Tags : BRICSSummit Offers Hope Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash