ടവറുകൾ തകർന്നുവീണ് മൂടിയ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിരക്ഷാ സേനാംഗങ്
ഒരു ബേസ്ബോൾ കളിയിലെ ഒരൊറ്റ ഇന്നിംഗ്സ് കണ്ടുതീർക്കാനുള്ള
സമയം... അല്ലെങ്കിൽ വിശ്രുത അമേരിക്കൻ ഗായകൻ ബ്രൂസ് സ്പ്രിംഗ് സ്റ്റീന്റെ പ്രശസ്തമായ ഒരു ഗാനം കേട്ടുതീർക്കാനുള്ള ദൈർഘ്യം...
വെറും 17 മിനിറ്റ് (കൃത്യമായി പറഞ്ഞാൽ 16 മിനിറ്റും 31 സെക്കൻഡും).
എന്നാൽ 2001 സെപ്റ്റംബർ 11ന്, ഈ 17 മിനിറ്റുകൾ കേവലം സമയത്തിന്റെ ദൈർഘ്യം മാത്രമായിരുന്നില്ല. ഒരുകാലത്ത് ലോകം അനുഭവിച്ച
നിഷ്കളങ്കമായ ഒരു യുഗത്തിന്റെ അന്ത്യവും ഭയത്തിന്റെ പുതിയൊരു
ലോകത്തിന്റെ ജനനവും കുറിച്ച നിർണായക ഘട്ടമായിരുന്നു അത്.
രാവിലെ 8.46ന് വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് അമേരിക്കൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 11 ഇടിച്ചുകയറുമ്പോൾ, ന്യൂയോർക്ക് നഗരവാസികളും ടിവി കാണുന്ന കോടിക്കണക്കിന് ആളുകളും ഒരുപോലെ ചിന്തിച്ചത് ഒന്നുമാത്രമാണ്: ""ഹാ, എത്ര വിചിത്രമായ ഒരു വിമാനാപകടം!''
നഗരത്തിലെ അഗ്നിരക്ഷാവിഭാഗം ഉദ്യോഗസ്ഥരും ടിവി ആങ്കർമാരും വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരും വരെ ഇതിനെ ഒരു ചെറിയ പൈലറ്റ് പിഴവായോ സാങ്കേതിക തകരാറായോ കണ്ടു. കാരണം, അന്നുവരെ വിമാനങ്ങളെ കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറ്റുന്ന ‘ജീവനുള്ള മിസൈലുകൾ’ആയി ഉപയോഗിക്കുമെന്ന ഭീകരതയുടെ മുഖം ലോകത്തിന് പരിചയമില്ലായിരുന്നു.
മറുവശത്ത്, തൊട്ടടുത്ത സൗത്ത് ടവറിലെ അനൗൺസ്മെന്റ് ബോക്സിലൂടെ ഒരു ശബ്ദമുയർന്നു: "കെട്ടിടം സുരക്ഷിതമാണ്, ആരും പരിഭ്രാന്തരായി ഇറങ്ങിപ്പോകേണ്ടതില്ല...'ഇതുകേട്ട് പലരും ആശ്വാസത്തോടെ സ്വന്തം ജോലിയിലേക്കു മടങ്ങി.
►അജ്ഞാത നിമിഷങ്ങളിലെ അവസാന സന്ദേശങ്ങൾ
ആ സമയത്ത്, യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് 175ൽനിന്ന് പീറ്റർ ഹാൻസൺ എന്ന യാത്രക്കാരൻ തന്റെ പിതാവിനെ സാറ്റലൈറ്റ് ഫോണിൽ വിളിച്ചു പറഞ്ഞ വാക്കുകൾ ആ നിമിഷത്തിന്റെ ഭീകരത വ്യക്തമാക്കുന്നു:
"കാര്യങ്ങൾ കൈവിട്ടുപോകുകയാണ് ഡാഡി. വിമാനത്തിലുണ്ടായിരുന്നവർക്ക് കുത്തേറ്റു. അവർ ഇത് ഏതെങ്കിലും കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റാൻ പോകുകയാണ്. പേടിക്കേണ്ട ഡാഡി, ഇത് സംഭവിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് കഴിയും... ദൈവമേ! ദൈവമേ!''
►പരിഭ്രാന്തിയിൽനിന്ന് യാഥാർഥ്യത്തിലേക്ക്
രാവിലെ 9.02ന്, ന്യൂയോർക്കിലെ ബാറ്ററി പാർക്കിൽനിന്ന് ഫെറിയിൽ യാത്ര ചെയ്യുകയായിരുന്ന ഇയാൻ ഓൾഡാക്കർ ടവറിൽനിന്ന് പുക ഉയരുന്നത് നോക്കിനിൽക്കുകയായിരുന്നു. കൃത്യം 9.03ന് തൊട്ടടുത്തുനിന്ന യാത്രക്കാരൻ നിലവിളിയോടെ പറഞ്ഞു: ""അതാ രണ്ടാമതൊന്നു കൂടെ...!''
സിബിഎസ് ന്യൂസിന്റെ തത്സമയ സംപ്രേഷണത്തിനിടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യർ നോക്കിനിൽക്കെ, രണ്ടാമത്തെ വിമാനം സൗത്ത് ടവറിലേക്ക് ഇടിച്ചുകയറി!
ആ ഒരൊറ്റ സെക്കൻഡിൽ, ആ 17 മിനിറ്റ് നീണ്ടുനിന്ന ആശയക്കുഴപ്പവും അങ്കലാപ്പും മാറി, ലോകം ഒരു വലിയ സത്യം തിരിച്ചറിഞ്ഞു: ""ഇതൊരു അപകടമല്ല, ലോകത്തെ നടുക്കിയ ഭീകരാക്രമണമാണ്!''
►ലോകം മാറിയ വഴി
ആ 17 മിനിറ്റുകൾക്കുശേഷം ലോകം പഴയതുപോലെയായില്ല. വിമാനത്താവളങ്ങളിൽ ഷൂസും ബോട്ടിലുകളും വരെ പരിശോധിക്കുന്ന കടുപ്പമേറിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നു. സ്വകാര്യതയേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഡിജിറ്റൽ നിരീക്ഷണയുഗത്തിന് തുടക്കമായി.
ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും പതിറ്റാണ്ടുകൾ നീണ്ട യുദ്ധങ്ങൾ പിറവിയെടുത്തു.
ആക്രമണം തുടങ്ങിയത് 8.46നാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്നതു തത്സമയം അനുഭവിച്ച മനുഷ്യർക്ക് ആക്രമണം തുടങ്ങിയത് 8.46നല്ല; മറിച്ച് കടുത്ത ആശയക്കുഴപ്പങ്ങൾക്കൊടുവിൽ സത്യം തിരിച്ചറിഞ്ഞ ആ 9.03നാണ്!
ലോക ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഭീകരാക്രമണങ്ങളിലൊന്നായ 2001 സെപ്റ്റംബർ 11ലെ സംഭവവികാസങ്ങളിൽ 90ലേറെ രാജ്യങ്ങളിൽനിന്നുള്ള 2,977 നിരപരാധികൾക്കാണു ജീവൻ നഷ്ടപ്പെട്ടത്. ഭീകരർ തട്ടിയെടുത്ത നാലു വിമാനങ്ങളിലുമുണ്ടായിരുന്ന 246 യാത്രക്കാരും ജീവനക്കാരും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരും രക്ഷാപ്രവർത്തകരും ഇതിലുൾപ്പെടുന്നു. ആക്രമണം നടത്തിയ 19 ഭീകരരെ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
►ദുരന്തവ്യാപ്തി
വേൾഡ് ട്രേഡ് സെന്റർ (ന്യൂയോർക്ക്): ടവറുകളിൽ ജോലി ചെയ്തിരുന്നവർ, വിമാന യാത്രക്കാർ, താഴെ റോഡിലുണ്ടായിരുന്നവർ എന്നിവരുൾപ്പെടെ ആകെ 2,753 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ടു വയസുകാരി ക്രിസ്റ്റിൻ ലീ ഹാൻസൺ ആണ് ആക്രമണത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇര.
പെന്റഗൺ (വിർജീനിയ): ബോയിംഗ് വിമാനത്തിലുണ്ടായിരുന്ന 59 യാത്രക്കാർക്കുപുറമെ സൈനിക ആസ്ഥാന മന്ദിരത്തിലുണ്ടായിരുന്ന 125 സൈനിക-സിവിലിയൻ ജീവനക്കാരും കൊല്ലപ്പെട്ടു.
ഷാങ്ക്സ്വിൽ (പെൻസിൽവാനിയ): ഭീകരർ തട്ടിയെടുത്ത നാലാമത്തെ വിമാനം (ഫ്ലൈറ്റ് 93) വയലിൽ തകർന്നുവീണ് അതിലുണ്ടായിരുന്ന 40 യാത്രക്കാരും ജീവനക്കാരും മരിച്ചു.
►രക്ഷാകരങ്ങൾ
അമേരിക്കൻ ചരിത്രത്തിൽ ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ അടിയന്തര രക്ഷാപ്രവർത്തകർ വീരമൃത്യു വരിച്ച ദുരന്തമാണിത്. ആകെ 442 രക്ഷാപ്രവർത്തകരാണ് അന്നു ജീവൻ വെടിഞ്ഞത്. ഇതിൽ 343 പേർ ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ അഗ്നിരക്ഷ സേനാംഗങ്ങളും 23 പേർ ന്യൂയോർക്ക് പൊലിസിലെയും 37 പേർ പോർട്ട് അഥോറിറ്റി പൊലിസിലെയും ഉദ്യോഗസ്ഥരായിരുന്നു.
►പതിനായിരങ്ങളെ കാത്ത രക്ഷാപ്രവർത്തനം
വൻ നാശനഷ്ടങ്ങൾക്കിടയിലും സമയബന്ധിതമായ ഇടപടലുകളിലൂടെ പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു. വേൾഡ് ട്രേഡ് സെന്ററിൽനിന്ന് 14,000ത്തിലധികം ആളുകളെയാണ് രക്ഷപ്പെടുത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് പെന്റഗണിൽ ഉണ്ടായിരുന്ന 18000ത്തോളം ആളുകളിൽ ഭൂരിഭാഗം പേരെയും കെട്ടിടം തകരുന്നതിന് മുന്പുതന്നെ രക്ഷപ്പെടുത്തി.
►വിഷപ്പുക
കെട്ടിടങ്ങൾ നിലംപതിച്ചപ്പോൾ ഉയർന്ന വിഷപ്പുകയും ആസ്ബസ്റ്റോസ് ഉൾപ്പടെയുള്ള മാരക രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും ശ്വസിച്ച് വർഷങ്ങൾക്കിപ്പുറവും ആയിരക്കണക്കിന് ആളുകളാണ് മരണത്തിനു കീഴടങ്ങുന്നത്. വേൾഡ് ട്രേഡ് സെന്റർ ഹെൽത്ത് പ്രോഗ്രാമിന്റെ കണക്കനുസരിച്ച്, ഈ ദുരന്തത്തിനുശേഷം കാൻസറും ശ്വാസകോശ രോഗങ്ങളും ബാധിച്ച് 5,000ത്തിലധികം ആളുകൾ മരിച്ചിട്ടുണ്ട്. ഇന്നും നിരവധി രക്ഷാപ്രവർത്തകരും പ്രദേശവാസികളും ഇതിന്റെ ദുരിതം അനുഭവിക്കുന്നു.
Tags : WorldTradeCentre WorldUpside Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash