പ്രേംനസീറിനെക്കുറിച്ചുളള ഡോക്യുമെന്ററി ചിത്രീകരണവേളയിൽ ആർ. ശരത്
ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ആർ. ശരത്, തന്റെ കരിയറിന്റെ തുടക്കത്തിൽതന്നെ അന്തർദേശീയതലത്തിൽ ആദരിക്കപ്പെട്ട പ്രതിഭയായിരുന്നു. ഒമ്പത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല് കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിരവധി അന്താരാഷ്ട്ര വേദികളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. 2000ൽ പുറത്തിറങ്ങിയ ‘സായാഹ്നം’ എന്ന ചിത്രത്തിലൂടെയാണ് ശരത് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റചിത്രമായിരുന്നു ഇത്. ഈ ചിത്രം ഏഴ് സംസ്ഥാന പുരസ്കാരങ്ങളും നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരവും സ്വന്തമാക്കി. 2001ലെ മ്യൂണിക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും മറ്റ് നിരവധി പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ പരിസ്ഥിതി, ആണവ വിഷയങ്ങളെ കേന്ദ്രീകരിച്ചുളള സിനിമയാണിത്.
തന്റെ അടുത്ത ഫീച്ചർ ചിത്രമായ ‘സ്ഥിതി’യിൽ, വിധിയുടെ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന ഒരു മധ്യവർത്തി ദന്പതികളുടെ പിരിമുറുക്കം നിറഞ്ഞ കഥയാണ് ശരത് അവതരിപ്പിച്ചത്. പിന്നണി ഗായകൻ ഉണ്ണിമേനോൻ ഈ ചിത്രത്തിൽ നവാഗതനടനായി അഭിനയിച്ചിരുന്നു. അദ്ദേഹം സംഗീതസവിധായകനായും പ്രവർത്തിച്ചു. ‘ഒരു ചെന്പനീർ പൂവിറുത്തു ഞാനോമലേ’ എന്ന മനോഹരഗാനം ഈ ചിത്രത്തിലാണ്.
2003ലെ ബാങ്കോക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്ത ഈ ചിത്രം, പ്രദർശിപ്പിച്ച വിവിധ അന്താരാഷ്ട്ര മേളകളിൽ മികച്ച പരാമർശങ്ങൾ നേടി. ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള ഹൃദയസ്പർശിയായ നാടകീയ ചിത്രമായ ‘ശീലാബതി’ (2006) ആയിരുന്നു അടുത്ത ചിത്രം. ഗ്രാമത്തിന് പുറത്തുനിന്നെത്തിയ രണ്ട് യുവാക്കളുടെ അനുഭവങ്ങളിലൂടെയാണ് കഥ വികസിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടുകയും നിരൂപകരിൽനിന്ന് അനുകൂലമായ പരാമർശങ്ങൾ സ്വന്തമാക്കുകയും ചെയ്തു. തായ്വാനിലെ ഏഷ്യ പസഫിക് ചലച്ചിത്രമേളയിൽ ചിത്രം പ്രീമിയർ ചെയ്യപ്പെട്ടു.
ഇന്തോ-ചൈനീസ് സംയുക്ത സംരംഭമായ ‘ദ ഡിസയർ-എ ജേർണി ഓഫ് എ വുമണ്’ (2010) എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ രചനയും സംവിധാനവും ശരത് നിർവഹിച്ചിട്ടുണ്ട്. ഈ അതുല്യ ചിത്രം വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി ബഹുമതികൾ നേടുകയും ചെയ്തു. ജനീവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ഇതിൽ ഏറ്റവും പ്രധാനം.
ന്യൂജഴ്സി, ന്യൂയോർക്ക്, ബോസ്റ്റണ്, ലണ്ട ൻ ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഈ ചിത്രം പുരസ്കാരങ്ങൾ നേടി. ഒരു ഇന്ത്യൻ ശാസ്ത്രീയ നർത്തകിയുടെയും യാത്രാമധ്യേ അവൾ പരിചയപ്പെടുന്ന ഒരു ചൈനീസ് കലാകാരനോടുള്ള അവളുടെ പ്രണയത്തിന്റെയും സംഭവബഹുലമായ യാത്രയാണ് ഈ ചിത്രം. ഇന്ത്യൻ നടിയായ ശിൽപാ ഷെട്ടിയും ചൈനീസ് സൂപ്പർതാരം സിയായുവും അഭിനയിച്ച ഈ ചിത്രം അതിരുകൾക്കതീതമായ സ്നേഹത്തിന്റെ പ്രമേയത്തെ ആഘോഷിക്കുന്നു.
മതത്തിന്റെ യാഥാസ്ഥിതികവും യാഥാസ്ഥിതികമല്ലാത്തതുമായ വഴികൾ തമ്മിലുള്ള എന്നെന്നേക്കുമുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചു പുതിയ ചിന്താചക്രവാളങ്ങൾ ‘പറുദീസ’യിലൂടെ (2012) ശരത് അവതരിപ്പിച്ചു. മെക്സിക്കൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ആംസ്റ്റർഡാം ചലച്ചിത്രമേളയിലും പറുദീസ പുരസ്കാരങ്ങൾ നേടി. ഈ ജനപ്രിയ ചിത്രം ഇന്നും അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. വിനു ഏബ്രഹാം ആണ് ഇതിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത്.
തന്റെ കരിയറിലൂടെ എക്കാലവും വിസ്മയിപ്പിക്കുന്ന പ്രതിഭയായ ചാർളി ചാപ്ലിന് ആദരവ് അർപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ‘ബുദ്ധൻ ചിരിക്കുന്നു’ എന്ന ചിത്രം. ചാപ്ലിന്റെ അഭിനയജീവിതത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ഈ ചിത്രം ആഘോഷമാക്കിരുന്നു. ചാപ്ലിനെ ആരാധിക്കുന്ന ഒരു ഇന്ത്യൻ ഹാസ്യനടനാണ് ചിത്രത്തിലുള്ളത്. ഓട്ടിസവുമായി ബന്ധപ്പെട്ട മറഞ്ഞിരിക്കുന്ന സാമൂഹിക കളങ്കങ്ങളെയാണ് ശരത്തിന്റെ ‘സ്വയം’ (2017)ചിത്രീകരിക്കുന്നത്. ഓട്ടിസമുള്ള ഒരു കുട്ടിയെ ഉൾക്കൊള്ളാത്ത സമൂഹത്തിൽ അതിജീവനത്തിനായി ഒരു കുട്ടിയും അമ്മയും എങ്ങനെയാണ് പ്രതിസന്ധികളെ തരണം ചെയ്യുന്നതെന്ന് ചിത്രം കാണിക്കുന്നു.
അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ തന്റെ ഡോക്യുമെന്ററിയായ ‘ദ പെയിന്റഡ് എപിക്സ്’ ചിത്രീകരിക്കുന്നതിനിടയിൽ, കിലുനൂർ ക്ഷേത്രത്തിൽനിന്ന് രാജാ രവിവർമയുടെ അപൂർവമായ ചില ചുവർചിത്രങ്ങൾ ശരത് കണ്ടെത്തി. യാദൃച്ഛികമായ ഈ കണ്ടെത്തൽ ചുവർ ചിത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് വലിയ പ്രചോദനമായി മാറി.
ചുവർചിത്രങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ശരത്തിന്, മ്യൂറൽ ഗവേഷണത്തിനായി 1996ൽ കേന്ദ്രസാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു. 10 ഡോക്യുമെന്ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും ശരത്തിന്റെ പേരിലുണ്ട്. ഒ.എൻ.വി. കുറുപ്പിന്റെ ‘ഭൂമിക്ക് ഒരു ചരമഗീതം’ അതേ പേരിൽ തയാറാക്കിയ ഡോക്യുമെന്ററി-ഫിക്ഷൻ ഹ്രസ്വചിത്രം അതിന്റെ ശൈലിയുടെ പേരിൽ ഏറെ പ്രശംസിക്കപ്പെട്ടു.
കേരള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം അടുത്തിടെയാണ് വിരമിച്ചത്. സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ എംപിസിസി ഡയറക്ടറായും ഭാരത് ഭവൻ സെക്രട്ടറിയായും അദ്ദേഹം മുന്പ് സേവനമനുഷ്ഠിച്ചിരുന്നു.
2011ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി അംഗവും 2012ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന്റെ ജൂറി ചെയർമാനും ആയിരു ന്നു അദ്ദേഹം. വി.കെ. കൃഷ്ണമനോനെക്കുറിച്ചുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ്-ഹിന്ദി ഫീച്ചർ ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരിക്കുന്പോഴാണ് അകാല വിയോഗം.
Tags : Images Sarat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Documentary