സൗന്ദര്യം
തീവ്രമായി ആഗ്രഹിച്ചാലേ എന്തെങ്കിലും നേടാനൊക്കൂ. ഒരു പത്രപ്രവർത്തകനാകണമെന്ന്, ഗായകനാകണമെന്ന്, ചിത്രകാരനാകണമെന്ന്, നടനാകണമെന്ന്, എഴുത്തുകാരനാകണമെന്ന് ആഗ്രഹിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. വെറുതെ ആഗ്രഹിച്ചാൽ പോരാ, തീവ്രമായി പരിശ്രമിക്കണം. അതിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ ഒരു വസ്തുവിനെയും അനുവദിക്കരുത്.
തീവ്രമായ അഭിലാഷമുള്ളപ്പോൾ നമുക്ക് ഒരു പ്രത്യേക മാനസികാവസ്ഥയുണ്ടായിരിക്കും. അതിനുവേണ്ടി സഹിക്കാനും പൊറുക്കാനും തയാറാകും. പലതും നഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടത് കിട്ടാൻ വേണ്ടി മനഃക്ലേശമില്ലാതെ പണിയെടുത്തുകൊണ്ടിരിക്കും. ജീവിതത്തിന് അർഥമില്ലാത്തതു കൊണ്ട്, ഒരർഥം കണ്ടുപിടിക്കാൻ ഒരുങ്ങുന്നവരാണ് എന്തെങ്കിലുമായിത്തീരുന്നത്.
ഒരു പശ്ചാത്തലമുള്ളതുകൊണ്ട് ആർക്കും എന്തും നേടാനൊക്കില്ല. ഓരോരുത്തരുടെയും പ്രയത്നമാണ് പ്രധാനം. ജീവിതത്തിന് അർഥമുണ്ടാക്കാൻ പാടുപെടുന്നവർ കല സൃഷ്ടിക്കുന്നു. ജീവിതത്തിൽ സത്യം കണ്ടെത്താൻ ആഗ്രഹിക്കുന്നവർ ഗലീലിയോയെപോലെ സത്യത്തിനുവേണ്ടി എന്തും ചെയ്യാൻ മനസുള്ളവരായി മാറും. ഇത് ജീവിതപ്രേമമാണ്. ജീവിതത്തോടുള്ള പ്രേമമെന്നാൽ ദുരാഗ്രഹമല്ല, സമ്പത്ത് വാരിക്കൂട്ടലല്ല -ജീവിതത്തിന്റെ അർഥം ഗ്രഹിക്കാനുള്ള ആഗ്രഹമാണ്.
ബ്രിട്ടീഷ് ദൈവശാസ്ത്രജ്ഞനും സാഹിത്യപണ്ഡിതനുമായ സി.എസ്. ലെവിസ് (1898-1963) "ദ് വെയ്റ്റ് ഓഫ് ഗ്ളോറി ആൻഡ് അദർ അഡ്രസസ്' എന്ന കൃതിയിൽ പറയുന്നുണ്ട്, എല്ലാം തികഞ്ഞിട്ട് അർഥവത്തായ എന്തെങ്കിലും ചെയ്യാൻ സമയം കണ്ടെത്താമെന്ന് വിചാരിക്കരുതെന്ന്. അങ്ങനെയൊരു സമയമില്ല.
ജീവിതത്തിൽ താരതമ്യേന മികച്ച രീതിയിൽ പ്രവർത്തിക്കുന്നവരെല്ലാം അസാധാരണ സാഹചര്യങ്ങളെ അനുകൂലമാക്കിയവരാണ്. നമ്മേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നിനുവേണ്ടി കാത്തിരിക്കുന്നതിന് പകരം നമ്മെത്തന്നെ ഉപയോഗിക്കുകയാണ് വേണ്ടത്. നമ്മളാകട്ടെ വളരെ അസംസ്കൃതമാണ്. നാം നിറയെ വൈരുധ്യങ്ങളുള്ള ഒരു ഭൂപ്രദേശമായിരിക്കെ അതിൽനിന്ന് ഒരിടം വൃത്തിയാക്കിയെടുക്കുകയാണ് അഭികാമ്യമായിട്ടുള്ളത്.
ദൈവം എല്ലായിടത്തുമുണ്ട്. ഒരു വിശ്വാസിക്ക് ദൈവത്തെ എവിടെയും കാണാം. പ്രാപഞ്ചികമായ സമയക്രമവും ചലനനിയമവും നോക്കുമ്പോൾ ദൈവത്തിന് എല്ലായിടത്തും അദൃശ്യമായിട്ടാണെങ്കിലും സന്നിഹിതമാകാതെ തരമില്ല. ദൈവം എല്ലായിടത്തുമുണ്ടെങ്കിലും ദയ എവിടെയുമില്ല. അതിനുവേണ്ടി പലരോടും യാചിക്കേണ്ടിവരുന്നു. വളരെ ശ്രമകരമാണ് ദയയെ കണ്ടുപിടിക്കുകയെന്നത്. ഒരിടത്തും അത് പ്രദർശിപ്പിച്ചിട്ടില്ല. അത് തീർത്തും അദൃശ്യമാണ്.
എന്നാൽ മനുഷ്യനിൽ ദയയുണ്ട്. അവൻ വിശക്കുന്ന ഒരു ജീവിക്ക് ഭക്ഷണം കൊടുക്കും, ആശ്രയം കൊടുക്കും. അതൊക്കെ നമുക്ക് കാണാവുന്നതാണ്. പക്ഷേ വ്യക്തികൾക്ക് ദയ അനുഭവപ്പെടുന്നില്ല. സ്നേഹിതർ, ബന്ധുക്കൾ, പ്രണയികൾ, ഉദ്യോഗസ്ഥർ, അധികാരികൾ തുടങ്ങിയവരൊക്കെ ദയ കാണിക്കാതെ ഒളിച്ചിരിക്കുകയാണെന്ന് വിചാരിക്കുന്നവരുണ്ട്. ദയ ഇല്ലാത്തതുകൊണ്ടാണല്ലോ പലരും അനാവശ്യമായി പ്രകോപിതരായി ആക്രമിക്കുന്നത്. ഭക്ഷണത്തോടൊപ്പം വിളമ്പിയ നാരങ്ങയിൽ നീര് കുറഞ്ഞുവെന്നതിന്റെ പേരിൽ ഒരു ഹോട്ടൽ അടിച്ചുതകർക്കുന്നതും സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ബസ് ഡ്രൈവറെ തടഞ്ഞു താഴെയിറക്കി മർദിക്കുന്നതും മനുഷ്യരിൽ ദയ ഇല്ലാത്തതുകൊണ്ടല്ല; അത് അദൃശ്യമായിരിക്കുന്നതുകൊണ്ടാണ്.
ദയ ഉൾവലിഞ്ഞു പോയിരിക്കുന്നു. ദയയെ ഉള്ളിൽചെന്ന് കണ്ടുപിടിക്കണം. ഇത് ഒരു വലിയ ഏണി പ്ലാവിൽ ചാരിവച്ച് ചക്ക പറിക്കുന്നതിനെക്കാൾ പ്രയാസകരമാണെന്നറിയാം. എങ്കിലും നമുക്ക് ശ്രമിക്കാം. അങ്ങനെയാണല്ലോ സ്വന്തം ജീവിതത്തിന് അർഥം കൊടുക്കുന്നത്.
മനുഷ്യർ സത്യത്തെയും സൗന്ദര്യത്തെയും എന്നും ആരാധിച്ചിട്ടുണ്ട്. നല്ലൊരു തുക ബാങ്കിൽ നിക്ഷേപിക്കുന്നതുവരെയോ സൗന്ദര്യമുള്ള പങ്കാളിയെ കിട്ടുന്നതുവരെയോ മനുഷ്യർ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം നിർത്തിവച്ചിട്ടില്ല. എല്ലാം പൂർത്തീകരിച്ചിട്ടല്ല നമ്മൾ ഇതൊക്കെ നേടിയിട്ടുള്ളത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ നാം പ്രാകൃതരായിതന്നെ തുടരുമായിരുന്നു, ഷേക്സ്പിയറുടെ നാടകങ്ങൾ ആസ്വദിക്കാനറിയാതെ, മുഹമ്മദ് ഇഖ്ബാലിന്റെ കവിതകൾ ഉൾക്കൊള്ളാനാകാതെ. താജ്മഹലും ഈഫൽ ടവറും നിർമിച്ചത്, മനുഷ്യർ അപ്പം കൊണ്ട് മാത്രമല്ല സൗന്ദര്യംകൊണ്ടും ജീവിക്കുന്നു എന്നതിനു തെളിവാണ്.
ഏറ്റവും നല്ലത്, ആനന്ദിപ്പിക്കുന്നത് ഭാവന ചെയ്യുന്നത്, നമ്മെ ജീവിപ്പിക്കുന്നു. ജീവിതം അത്ര സാധാരണമല്ല; ലെവിസ് എഴുതുന്നുണ്ട്. യുദ്ധകാലത്തെയാണ് പലപ്പോഴും അസാധാരണഘട്ടമെന്ന് വിലയിരുത്താറുള്ളത്. എന്നാൽ ജീവിതം എപ്പോഴും യുദ്ധസമാനമായ അന്തരീക്ഷത്തെ നേരിടുന്നുണ്ട്. ജീവിതത്തിലെ ആഗ്രഹങ്ങൾക്ക് ഒരു എതിർപക്ഷവുമുണ്ട്. എല്ലാവരും അംഗീകരിക്കണമെന്നില്ല.
ഗുസ്താവ് ഈഫൽ എന്ന എൻജിനിയറുടെ കമ്പനിയാണ് പാരീസിൽ ഈഫൽ ടവർ (1889)നിർമിച്ചത്. മുന്നൂറ് മീറ്റർ ഉയരമുള്ള ടവർ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികം പ്രമാണിച്ചാണ് പണിതത്. പതിനെണ്ണായിരം ഉരുക്കുപാളികൾ വേണ്ടിവന്ന ടവറിന് നാല് നിലയുണ്ട്. ഇതിന്റെ നിർമാണം തുടങ്ങിയപ്പോൾ ഉരുക്കും പ്രയത്നവും പാഴാക്കി കളയുകയാണെന്ന് ആരോപിച്ച് ചിലർ ലഹളയുണ്ടാക്കി. പക്ഷേ അത് ആ എൻജിനിയറുടെ ദീർഘവീക്ഷണമായിരുന്നു. ഇപ്പോൾ അത് ഫ്രഞ്ച് ജനതയുടെ അഭിമാനമാണ്. ജീവിതത്തെ മഹത്തായ സൗന്ദര്യമായി അഭിദർശിക്കുന്നതാണ് നാം കണ്ടത്.
അതുപോലെ നാം എഴുതുകയോ വരയ്ക്കുകയോ ചെയ്യുമ്പോൾ എല്ലാവരും പിന്തുണയ്ക്കുന്നില്ല. നമ്മെ സ്നേഹിച്ചവരോ പഠിപ്പിച്ചവരോ പരിചയപ്പെട്ടവരോ പൂർണമായി അതിനോട് യോജിക്കണമെന്നില്ല. ആ കാരണം പറഞ്ഞ് സർഗാത്മകമായ ലക്ഷ്യം ഉപേക്ഷിക്കാനാവില്ല. എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനുമുന്നേ അത് അവസാനിപ്പിക്കാൻ കാരണം തേടുന്നവരുണ്ട്. ലിവിസ് എഴുതുന്നു: ""അനുകൂലമായ സാഹചര്യങ്ങൾ ഒരിക്കലും വരില്ല.''
പൂർത്തിയാക്കാൻ സമയമില്ല എന്ന് മുൻകൂട്ടി വിചാരിക്കുന്നവരുണ്ട്. അവർ ഭാവിയെ ദൈവത്തിനു വിടുകയാണ് ചെയ്യേണ്ടത്. അങ്ങനെ മനസിന്റെ ശാന്തത നിലനിർത്തുക. നമ്മെ കുഴയ്ക്കുന്ന ചില പ്രശ്നങ്ങളുണ്ടെങ്കിൽ കുറച്ചുസമയത്തേക്ക് സ്വച്ഛമായിരുന്ന് അതിന് പരിഹാരം കാണാൻ കഴിയുമോ എന്ന് ആലോചിക്കുക. നിങ്ങളുടെ കർമമേഖലകൊണ്ട് പരിഹരിക്കാവുന്നതാണെങ്കിൽ പരിശ്രമത്തിന്റെ തോതും സമയവും വർധിപ്പിച്ചു നോക്കുക.
നിങ്ങൾക്കൊരിക്കലും പരിഹരിക്കാനാകാത്ത വിഷയമാണെങ്കിൽ ദൈവത്തിന് വിടുക. വെറുതെ മാനസികമായി പിരിമുറുക്കം ഏറ്റെടുക്കേണ്ടതില്ല. അതേസമയം ഈ വർത്തമാനകാലത്തെ ഉപേക്ഷിക്കരുത്. അത് മാത്രമേ നിങ്ങളുടെ കൈയിലുള്ളൂ. ഈ ലോകത്തെ പ്രതിബന്ധങ്ങൾ നിങ്ങളെ പിന്തിരിപ്പിച്ചേക്കാമെങ്കിലും നിങ്ങൾക്ക് നിങ്ങളെതന്നെ സ്നേഹിക്കാനാകും; കൈവിടാതിരിക്കാനാവും. ലെവിസ് പറയുന്നു, ""കർത്താവിനെ'' പോലെ നിരന്തരം പ്രവർത്തിക്കുക. ഒരു പ്രശ്നത്തെ സ്ഥിരമായ ആധിയായി മനസിൽ കുടിയിരുത്തിയവർക്ക് പുതിയ പ്രശ്നം വരുമ്പോൾ അതിനോട് പ്രതികരിക്കാനാകില്ല; അവർ കല്ലുപോലെ നിസഹായമാകും. എന്തെന്നാൽ, നേരത്തെ അവർ ഒരു തീയുണ്ട മനസിൽ വച്ചിരിക്കുകയാണല്ലോ.
Tags : Deepika DeepikaNewspaper BreakingNews Humans also live by beauty