പ്രതീകാത്മക ചിത്രം
“എനിക്ക് ഇനി വയ്യ…” നമ്മുടെ വീട്ടിലോ സൗഹൃദവലയത്തിലോ ജോലിസ്ഥലത്തോ ഒരാൾ ഇങ്ങനെ പറഞ്ഞാൽ നമ്മൾ എന്തു ചെയ്യും? “അതൊക്കെ വിട്ടുകള…”, “ധൈര്യമായിരിക്ക്…”, “ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്നതല്ലേ…”, “നിനക്ക് എന്തിന്റെ കുറവാണ്?” എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചേക്കാം. ചിലപ്പോൾ തമാശയാക്കി വിഷയം മാറ്റുകയും ചെയ്യും. പക്ഷേ, ആ വാക്കുകൾക്കു പിന്നിൽ നമുക്ക് കാണാൻ കഴിയാത്ത ഒരു വലിയ വേദനയുണ്ടെങ്കിലോ?
ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഒരാൾ എല്ലായ്പോഴും മരിക്കണമെന്നല്ല ആഗ്രഹിക്കുന്നത്. പലപ്പോഴും താങ്ങാനാവാതെ വരുന്ന മാനസികവേദന എങ്ങനെയെങ്കിലും അവസാനിച്ചാൽ മതിയെന്നാണ് ആ വ്യക്തിക്ക് തോന്നുന്നത്. പ്രതീക്ഷയിലേക്കുള്ള മറ്റൊരു വഴി ആ നിമിഷത്തിൽ കാണാൻ കഴിയാതെപോകുന്നു. ആ വേദനയുടെ ഭാഷ തിരിച്ചറിയുകയും ഒരാളെ വീണ്ടും പ്രതീക്ഷയിലേക്കു കൈപിടിക്കുകയും ചെയ്യുന്നിടത്താണ് ആത്മഹത്യാ പ്രതിരോധം ആരംഭിക്കുന്നത്.
◄കണക്കുകൾ പറയുന്ന കേരളത്തിന്റെ യാഥാർഥ്യം
ആത്മഹത്യ ഇന്ന് ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ മാത്രം പ്രശ്നമല്ല; ഗൗരവമായി കാണേണ്ട ഒരു പൊതുജനാരോഗ്യ വിഷയമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് പ്രതിവർഷം 7.2 ലക്ഷത്തിലധികം ആളുകൾ ആത്മഹത്യ ചെയ്യുന്നു. 15-29 വയസുകാരിലെ മരണകാരണങ്ങളിൽ ആത്മഹത്യ ലോകതലത്തിൽ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയിലെ കണക്കുകളിലേക്ക് വരുമ്പോൾ ആശങ്ക കൂടുതൽ അടുത്തെത്തുന്നു. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ 2023 കണക്കു പ്രകാരം ഇന്ത്യയിലെ ആത്മഹത്യാനിരക്ക് ഒരുലക്ഷം ജനങ്ങളിൽ 12.3 ആയിരിക്കുമ്പോൾ കേരളത്തിൽ അത് 30.6 ആയിരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ആത്മഹത്യാനിരക്കുകളിലൊന്നാണിത്.
ഇവ വെറും അക്കങ്ങളല്ല. ഓരോ അക്കത്തിനും പിന്നിൽ ഒരാളുടെ ജീവിതമുണ്ട്. ഒരു കുടുംബത്തിന്റെ നഷ്ടമുണ്ട്. ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങളുണ്ട്. ചിലപ്പോൾ ജീവിതകാലം മുഴുവൻ കൂടെ നടക്കുന്ന ദുഃഖവുമുണ്ട്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സാമൂഹിക വികസനത്തിലും മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ ഈ കണക്കുകൾ നമ്മെ ചിന്തിപ്പിക്കണം.
◄എന്തുകൊണ്ടാണ് ഒരാൾ ആ അവസ്ഥയിലേക്ക് എത്തുന്നത്
“പരീക്ഷയിൽ തോറ്റതുകൊണ്ട് ആത്മഹത്യ ചെയ്തു”, “പ്രണയം തകർന്നതുകൊണ്ട്…”, “കടബാധ്യത കൊണ്ട്…” എന്നിങ്ങനെ ഒരൊറ്റ സംഭവത്തെ ആത്മഹത്യയുടെ കാരണമായി അവതരിപ്പിക്കുന്നത് പലപ്പോഴും യാഥാർഥ്യത്തെ ലളിതവത്കരിക്കുകയാണ്. ആത്മഹത്യക്ക് സാധാരണയായി ഒറ്റക്കാരണം മാത്രമല്ല. വിഷാദരോഗം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ, ലഹരി ഉപയോഗം, കുടുംബ-ദാമ്പത്യ സംഘർഷങ്ങൾ, സാമ്പത്തിക പ്രതിസന്ധി, ജോലി സംബന്ധമായ സമ്മർദം, ബന്ധങ്ങളിലെ തകർച്ച, ഏകാന്തത, ദീർഘകാല ശാരീരിക രോഗങ്ങളും വേദനയും, നഷ്ടങ്ങൾ, സാമൂഹിക ഒറ്റപ്പെടൽ തുടങ്ങി പല ഘടകങ്ങളും ഒരാളുടെ പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കാം.
നമ്മുടെ കുട്ടികളുടെയും യുവാക്കളുടെയും ലോകവും മാറിയിരിക്കുന്നു. പരീക്ഷയും മാർക്കും മാത്രമല്ല ഇന്നത്തെ സമ്മർദം. കൂട്ടുകാരുമായുള്ള താരതമ്യം, സോഷ്യൽ മീഡിയയിലെ അംഗീകാരത്തിനായുള്ള കാത്തിരിപ്പ്, സൈബർ ബുള്ളിംഗ്, പ്രണയബന്ധങ്ങളിലെ വിഷയങ്ങൾ, പരാജയത്തെ ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ചിലരിൽ മാനസിക സമ്മർദം വർധിപ്പിക്കാം. അതുകൊണ്ടുതന്നെ ആത്മഹത്യയെ ‘മനോബലം കുറഞ്ഞവരുടെ പ്രവൃത്തി’ എന്ന് വിശേഷിപ്പിക്കുന്നത് ശാസ്ത്രീയമായും മാനുഷികമായും തെറ്റാണ്.
◄മൗനത്തിനും ഒരു ഭാഷയുണ്ട്
ആത്മഹത്യാ പ്രതിസന്ധിയിലുള്ള എല്ലാവരും അത് തുറന്നുപറയണമെന്നില്ല. എന്നാൽ ചില മാറ്റങ്ങൾ നമുക്ക് ശ്രദ്ധിക്കാം.“ഇനി ജീവിച്ചിട്ട് കാര്യമില്ല…” “ഞാൻ എല്ലാവർക്കും ഒരു ഭാരമാണ്…” “ഞാനില്ലെങ്കിൽ നിങ്ങൾക്ക് സമാധാനമായിരിക്കും…” “എല്ലാം അവസാനിപ്പിച്ചാൽ മതി…” ഇത്തരം വാക്കുകളെ തമാശയായി തള്ളിക്കളയരുത്.
പെട്ടെന്ന് മറ്റുള്ളവരിൽനിന്ന് അകന്നുനിൽക്കുക, പതിവുകളിൽ വലിയ മാറ്റം വരുക, ഉറക്കത്തിലും ഭക്ഷണത്തിലും മാറ്റങ്ങൾ, കടുത്ത നിരാശ, മരണത്തെക്കുറിച്ച് ആവർത്തിച്ച് സംസാരിക്കൽ, പ്രിയപ്പെട്ട വസ്തുക്കൾ മറ്റുള്ളവർക്ക് നൽകൽ തുടങ്ങിയവ ചില സാഹചര്യങ്ങളിൽ സഹായം ആവശ്യമുണ്ടെന്നതിന്റെ സൂചനകളാകാം. പ്രത്യേകിച്ച് മുമ്പ് ആത്മഹത്യാശ്രമം നടത്തിയിട്ടുള്ള ഒരാളുടെ പുതിയ ആത്മഹത്യാചിന്തകൾ കൂടുതൽ ഗൗരവത്തോടെ കാണണം.
◄പ്രതിസന്ധിയുടെ നിമിഷം ജീവിതത്തിന്റെ വിധിയല്ല
കടുത്ത മാനസികവേദനയിലായിരിക്കുമ്പോൾ നമ്മുടെ ചിന്താശേഷിയും പ്രശ്നപരിഹാരശേഷിയും ചുരുങ്ങാം. “ഇനി ഒരു വഴിയുമില്ല” എന്ന തോന്നൽ ശക്തമാകാം. പക്ഷേ ആ നിമിഷത്തിൽ മനസ് പറയുന്നത് ജീവിതത്തിന്റെ അന്തിമസത്യമല്ല. ഇന്ന് അസഹനീയമായി തോന്നുന്ന ഒരു സാഹചര്യം നാളെ അതേ തീവ്രതയിൽ അനുഭവപ്പെടണമെന്നില്ല. വിഷാദരോഗം, ഉത്കണ്ഠ, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി പല മാനസികാരോഗ്യ അവസ്ഥകൾക്കും ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
മരുന്നുകൾ ആവശ്യമുള്ളവർക്ക് ചികിത്സ, കൗൺസലിംഗ്, ലഹരിവിമുക്ത ചികിത്സ, കുടുംബത്തിന്റെ പിന്തുണ, തുടർച്ചയായ ഫോളോഅപ് ഇവയെല്ലാം വ്യക്തിയെ പ്രതിസന്ധിയിൽനിന്ന് പുറത്തേക്കു കൊണ്ടുവരാൻ സഹായിക്കും. സഹായം തേടുന്നത് ദൗർബല്യമല്ല. ജീവിക്കാൻവേണ്ടി എടുക്കുന്ന ധീരമായ തീരുമാനമാണ്.
◄ഒരു ജീവൻ രക്ഷിക്കാൻ നമുക്ക് ചെയ്യാവുന്നത്
ശ്രദ്ധിക്കുക, ചോദിക്കുക, കേൾക്കുക, കൂടെയിരിക്കുക, സഹായവുമായി ബന്ധിപ്പിക്കുക.
ആരെങ്കിലും ആത്മഹത്യയെക്കുറിച്ച് സംസാരിക്കുകയോ അടിയന്തര അപകടസാധ്യതയുണ്ടെന്ന് തോന്നുകയോ ചെയ്താൽ അവരെ ഒറ്റയ്ക്കാക്കരുത്. ലഭ്യമായ അപകടകരമായ മാർഗങ്ങളിലേക്കുള്ള പ്രവേശനം സുരക്ഷിതമായി കുറയ്ക്കുക. “ആരോടും പറയില്ല” എന്ന രഹസ്യവാഗ്ദാനം നൽകരുത്. വിശ്വസിക്കാവുന്ന കുടുംബാംഗത്തെയും മാനസികാരോഗ്യ വിദഗ്ധനെയും ഉടൻ ബന്ധപ്പെടുക. അടിയന്തര അപകടസാധ്യതയുണ്ടെങ്കിൽ അടുത്തുള്ള ആശുപത്രിയിലെത്തിക്കുക.
ആത്മഹത്യാ പ്രതിരോധം ഒരു സൈക്യാട്രിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ ആശുപത്രിയുടെയോ മാത്രം ഉത്തരവാദിത്വമല്ല. കുട്ടിയുടെ മൗനം ശ്രദ്ധിക്കുന്ന അമ്മയും അച്ഛനും കൂട്ടുകാരന്റെ മാറ്റം തിരിച്ചറിയുന്ന സുഹൃത്തും വിദ്യാർഥിയുടെ മുഖത്തെ വിഷമം ശ്രദ്ധിക്കുന്ന അധ്യാപകനും സഹപ്രവർത്തകനോട് “നിനക്ക് ശരിക്കും സുഖമാണോ?” എന്ന് ചോദിക്കുന്നവരും ഒറ്റപ്പെട്ടുപോയ അയൽക്കാരനെ അന്വേഷിക്കുന്നയാളും ഒരു ജീവനെ ജീവിതത്തോട് ചേർത്തുനിർത്തുന്ന കണ്ണിയാകാം.
◄മൗനത്തിന്റെ കഥ മാറ്റാം
2026ലെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ സന്ദേശം ‘സംസാരിക്കാൻ തുടങ്ങാം’ എന്നതാണ്. ആത്മഹത്യയെക്കുറിച്ചുള്ള മൗനവും നാണക്കേടും തെറ്റിദ്ധാരണകളും മാറ്റേണ്ട സമയമാണിത്. മാനസികവേദനയെക്കുറിച്ച് സംസാരിക്കാൻ നമ്മുടെ വീടുകൾ സുരക്ഷിതമായ ഇടങ്ങളാകട്ടെ. കരയാൻ കുട്ടികൾക്ക് അനുവാദമുള്ള വീടുകൾ, പരാജയപ്പെട്ടാലും തിരിച്ചുവരാൻ ഇടമുള്ള കുടുംബങ്ങൾ, മാനസികാരോഗ്യ ചികിത്സയെ നാണക്കേടായി കാണാത്ത സമൂഹം, “എനിക്ക് സഹായം വേണം” എന്ന് ഒരാൾക്ക് ഭയമില്ലാതെ പറയാൻ കഴിയുന്ന അന്തരീക്ഷം - അതായിരിക്കട്ടെ നമ്മുടെ ആത്മഹത്യാ പ്രതിരോധം.
സഹായത്തിന്: DISHA Kerala- 1056/ 0471-2552056 എന്ന നമ്പറിൽ ബന്ധപ്പെടാം.
(കിടങ്ങൂർ ലിറ്റിൽ ലൂർദ് ഹോസ്പിറ്റലിൽ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖിക)
Tags : World Suicide Prevention Day Listen SaveLife Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash