ലോകമെങ്ങുമുള്ള ക്രൈസ്തവർ മിശിഹായുടെ തിരുവുത്ഥാനത്തിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണ്. വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ ഈ സത്യം അടിവരയിട്ടു പറയുന്നു: ""മിശിഹാ ഉയിർപ്പിക്കപ്പെട്ടില്ലങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കോറിന്തോസ് 15:14). ക്രൂശിന്റെ വേദനയും കല്ലറയുടെ നിശബ്ദതയും പിന്നിട്ട് ഉയിർത്തെഴുന്നേറ്റ ഈശോ നമ്മോട് പറയുന്നു: “ഭയപ്പെടേണ്ട, ഞാൻ ജീവിക്കുന്നു.” ഈ വാക്കുകൾ ഇന്നും നമ്മുടെ ജീവിതത്തിന്റെ അന്ധകാരങ്ങളിൽ പ്രത്യാശയുടെ വെളിച്ചം പകരുന്നതിനാൽ, ഈസ്റ്റർ നമുക്ക് വെറുമൊരു ആഘോഷമല്ല, മറിച്ച് പ്രതിസന്ധികളിൽ തളരാത്ത ക്രിസ്തീയ പ്രത്യാശയുടെ വിളംബരമാണ്.
ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഇവിടെ വളരെ പ്രസക്തമാണ്: ""മിശിഹായുടെ ഉത്ഥാനം ചരിത്രത്തിലെ ഒരു സാധാരണ സംഭവമല്ല, മറിച്ച് മാനവചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം (Quantum Leap) ആണ്. അക്രമംകൊണ്ട് ലോകത്തെ മാറ്റാമെന്ന വ്യാമോഹത്തിനു മുകളിൽ സ്നേഹം നേടിയ വിജയമാണത്'' (2006ലെ ഈസ്റ്റർ വിജിൽ പ്രഭാഷണത്തിൽ നിന്ന്). മിശിഹായുടെ ഉത്ഥാനം എന്നത് പഴയ ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്രയല്ല മറിച്ച് മരണമില്ലാത്ത ഒരു പുതിയ അവസ്ഥയിലേക്കുള്ള പ്രവേശനമാണ്. ഉത്ഥാനത്തിലൂടെ മരണം എന്നത് ഒരു അവസാനമല്ലെന്നും, മറിച്ച് ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള വാതിലാണെന്നും തെളിയിക്കപ്പെട്ടു. ഉത്ഥാനം ചെയ്ത മിശിഹായുടെ ശരീരം മഹത്വീകരിക്കപ്പെട്ടതാണ്. അവിടത്തേക്ക് അടഞ്ഞ വാതിലുകളിലൂടെ കടന്നുപോകാനും അതേസമയം തന്നെ ശിഷ്യന്മാരോടൊപ്പം ഭക്ഷണം കഴിക്കാനും സാധിച്ചു. ഇത് കേവലം ഒരു അത്ഭുതമല്ല, മറിച്ച് ഇശോയുടെ മനുഷ്യാസ്തിത്വത്തിൽ സംഭവിച്ച വിപ്ലവകരമായ പരിവർത്തനമാണ്.
« സമകാലിക പ്രസക്തി «
ഉത്ഥാനത്തിരുനാൾ വെറുമൊരു ഗതകാല സംഭവത്തിന്റെ ആവർത്തനമല്ല, മറിച്ച് മനുഷ്യപ്രകൃതിയുടെതന്നെ നവീകരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലിക പ്രസക്തമായ അനുസ്മരണമാണ്. സഭാപിതാവായ വിശുദ്ധ അത്തനാസിയൂസ് പഠിപ്പിക്കുന്നതുപോലെ, ""നാം ദൈവത്തെപ്പോലെ ആകേണ്ടതിന് ദൈവം മനുഷ്യനായി, മിശിഹായുടെ ഉത്ഥാനത്തിലൂടെ മരണം അതിന്റെ അധികാരം എന്നെന്നേക്കുമായി കൈവെടിഞ്ഞു” (‘De Incarnatione’). വിശുദ്ധ ജോൺ ക്രിസോസ്തം തന്റെ പ്രശസ്തമായ ഈസ്റ്റർ പ്രഭാഷണത്തിൽ ഉദ്ഘോഷിക്കുന്നു: ""മരണമേ, നിന്റെ വിജയം എവിടെ? പാതാളമേ, നിന്റെ ദംശനം എവിടെ? മിശിഹാ ഉയിർത്തെഴുന്നേറ്റു, മരണം പരാജയപ്പെട്ടിരിക്കുന്നു. ആദത്തിലൂടെ മരണം ലോകത്തിലേക്ക് പ്രവേശിച്ചുവെങ്കിൽ, പുതിയ ആദമായ മിശിഹായിലൂടെ നിത്യജീവൻ നമ്മിലേക്ക് സന്നിവേശിച്ചിരിക്കുന്നു (Paschal Homily of St. John Chrysostom).'' മിശിഹായുടെ ഉത്ഥാനം വഴി പാപത്തിന്റെ അടിമത്തത്തിൽനിന്ന് നാം വിമോചിതരാക്കപ്പെടുകയും ദൈവപുത്രസ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു. ശൂന്യമായ കല്ലറ മിശിഹായുടെ അഭാവത്തെയല്ല, മറിച്ച് അവിടന്ന് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നു എന്ന സത്യത്തെയാണ് വെളിപ്പെടുത്തുന്നത്.
ഭൗതികമായ ഒരു പരിമിതിക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന സാന്നിധ്യത്തിൽനിന്നു കാലാതീതവും സർവവ്യാപിയുമായ ദൈവികതയിലേക്കുള്ള പരിവർത്തനമാണത്. മിശിഹായുടെ ശൂന്യമായ കല്ലറയെ ധ്യാനിക്കുമ്പോൾ അവിടുന്ന് ഏതെങ്കിലും ഒരു പ്രത്യേക ദേശത്തോ കാലത്തോ മാത്രം തളയ്ക്കപ്പെട്ടവനല്ലെന്നും മറിച്ച്, അവിടത്തെ ഉത്ഥാനചൈതന്യം ലോകത്തിന്റെ നാനാകോണുകളിലും പടർന്നിരിക്കുന്നുവെന്നും നാം തിരിച്ചറിയുന്നു. ദുരിതമനുഭവിക്കുന്നവന്റെ വിലാപത്തിലും യുദ്ധക്കളങ്ങളിലെ നിസഹായതയിലും വേട്ടയാടപ്പെടുന്നവന്റെ പലായനത്തിലും പ്രത്യാശയുടെ പ്രകാശമായി മിശിഹാ കൂടെയുണ്ടെന്ന വലിയ സത്യം ശൂന്യമായ കല്ലറ നമ്മെ ഓർമിപ്പിക്കുന്നു.
നമ്മുടെ കാലഘട്ടം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുദ്ധവാർത്തകളും നിഷ്കളങ്കരായ മനുഷ്യരുടെ നിലവിളികളും നമ്മുടെ ഹൃദയങ്ങളെ വേദനിപ്പിക്കുന്നുണ്ട്. അതിക്രമങ്ങളും അധികാരമോഹങ്ങളും മനുഷ്യജീവന്റെ മഹത്വത്തെ വിസ്മരിക്കുമ്പോൾ, ഈസ്റ്റർ നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണ്. കുരിശിലെ ബലിയർപ്പണം പരാജയമായിരുന്നില്ല, മറിച്ച് ലോകത്തെ വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ കരുണയുടെ അടയാളമായിരുന്നു. ""ലോകത്തിൽ നിങ്ങൾക്ക് കഷ്ടതയുണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹന്നാൻ 16: 33) എന്ന മിശിഹായുടെ വചനം ഇന്നത്തെ യുദ്ധക്കെടുതികളിൽ ഉഴലുന്ന ജനതയ്ക്ക് വലിയൊരു ആശ്വാസമാണ്. അക്രമംകൊണ്ട് ആർക്കും ശാശ്വതമായ വിജയം നേടാനാവില്ലെന്നും സ്നേഹംകൊണ്ടുള്ള കീഴടങ്ങലിലാണ് യഥാർഥ വിജയമെന്നും ഉത്ഥാനരഹസ്യം നമ്മെ ഓർമിപ്പിക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നതുപോലെ; ""മനുഷ്യരാശിയുടെ ഭാവി യുദ്ധങ്ങളിലോ അക്രമങ്ങളിലോ അല്ല, മറിച്ച് ജീവനിലും സമാധാനത്തിലുമാണ്. കുരിശ് പരാജയമായിരുന്നെങ്കിൽ ഉത്ഥാനം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് അക്രമത്തിന് നമ്മുടെ ഭാവിയുടെ അവസാന വാക്ക് പറയാനാകില്ല’’ (ലോക സമാധാനദിന സന്ദേശം, 2005).
« സമാധാനം, ഉത്ഥിതന്റെ സമ്മാനം «
ഇന്നു നാം കാണുന്ന യുദ്ധങ്ങളും ക്രൂരതകളും നമ്മുടെ ഹൃദയങ്ങളിലെ പ്രത്യാശയെ കെടുത്തിക്കളയാൻ ശ്രമിക്കുമ്പോൾ, മിശിഹായുടെ കല്ലറ അടച്ചുവച്ചിരുന്ന വലിയ കല്ലുകൾ ദൈവികശക്തിയാൽ ഉരുട്ടിമാറ്റപ്പെട്ടത് നാം ഓർമിക്കണം . അനീതിയുടെയും മരണത്തിന്റെയും കല്ലറകൾക്കുമേൽ അവയെത്ര ബലമുള്ളതെന്നു തോന്നിയാലും പ്രത്യാശയുടെ സൂര്യൻ ഉദിക്കുകതന്നെ ചെയ്യും. ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യന്മാർക്ക് നൽകിയ ആദ്യത്തെ സമ്മാനം സമാധാനമായിരുന്നു. ഭയത്തിന്റെയും ആശങ്കയുടെയും നിഴലിൽ കഴിഞ്ഞിരുന്ന ആ മനുഷ്യരിലേക്ക് ""നിങ്ങൾക്ക് സമാധാനം’’ എന്ന് ആശംസിച്ചുകൊണ്ട് കടന്നുവന്ന മിശിഹാ, സമാധാനം എന്നത് കേവലം സങ്കർഷങ്ങളുടെ അഭാവമല്ല മറിച്ച് ദൈവസാന്നിധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. മിശിഹാ നൽകിയ ഈ സമാധാനം ഹൃദയങ്ങളിൽ ആഴത്തിൽ സ്വീകരിച്ചുകൊണ്ട്, സഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പുതിയൊരു ലോകം പടുത്തുയർത്താനാണു നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. നമുക്കിടയിലുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ തകർക്കാനും അപരനെ ശത്രുവായി കാണാതെ ദൈവത്തിന്റെ പ്രതിരൂപമായി സ്നേഹിക്കാനും ഈ ഉയിർപ്പുകാലം നമുക്ക് പ്രചോദനമാകട്ടെ. മിശിഹായുടെ സമാധാനം നമ്മിലൂടെ കുടുംബത്തിലേക്കും സമൂഹത്തിലേക്കും പങ്കുവയ്ക്കപ്പെടുമ്പോഴാണ് ഉത്ഥാനത്തിന്റെ യഥാർഥ മനോഹാരിത ലോകം തിരിച്ചറിയുന്നത്.
« പ്രത്യാശിക്കാൻ ധൈര്യം തരുന്ന ഉത്ഥാനം «
മിശിഹായുടെ ഉത്ഥാനം മനുഷ്യരാശിക്ക് പകർന്നുതരുന്ന ഒരു ആത്മീയ ഔഷധമാണ് പ്രത്യാശ. വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ, ""പ്രത്യാശ നമ്മെ ലജ്ജിപ്പിക്കുന്നില്ല; കാരണം, നമുക്ക് നൽകപ്പെട്ടിട്ടുള്ള പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു’’ (റോമ 5:5). പ്രത്യാശ എന്നത് വെറുമൊരു ആഗ്രഹമല്ല, മറിച്ച് ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള ഉറച്ച വിശ്വാസമാണ്. നിരാശയുടെ അന്ധകാരത്തിൽ കഴിയുന്നവരെ വിശുദ്ധ അഗസ്തിനോസ് ഇങ്ങനെ ഓർമിപ്പിക്കുന്നു; ""വിശ്വാസം എന്നത് നാം കാണാത്ത കാര്യങ്ങൾ വിശ്വസിക്കലാണ്; ആ വിശ്വാസത്തിന്റെ പ്രതിഫലം നാം വിശ്വസിക്കുന്നത് നേരിട്ടു കാണുക എന്നതാണ്.’’ പ്രത്യാശയുള്ള ഹൃദയം പരാജയത്തെ അറിയുന്നില്ല. പ്രത്യാശയാണ് ഈ ലോകത്തെ മാറ്റിമറിക്കാൻ നമുക്ക് നൽകപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ആയുധം. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പപ്പാ നമ്മെ ഓർമിപ്പിക്കുന്നു; ""ക്രിസ്തീയ പ്രത്യാശ എന്നത് വെറുമൊരു ദുർബലമായ സ്വപ്നമല്ല, മറിച്ച് ഉത്ഥിതനായ മിശിഹായുടെ ഹൃദയത്തിലേക്ക് എറിയപ്പെട്ട കരുത്തുറ്റ ഒരു നങ്കൂരമാണ്. കഠിനമായ ഇരുളിലും പ്രഭാതത്തിന്റെ വെളിച്ചം കാണാൻ നമ്മെ സഹായിക്കുന്ന ശാന്തമായ കരുത്താണത്. ദൈവത്തോടൊപ്പമാണെങ്കിൽ ഒരു ശൈത്യകാലവും ശാശ്വതമല്ലെന്നും ഒരു പരാജയവും അന്തിമമല്ലെന്നും അത് നമ്മെ ഓർമിപ്പിക്കുന്നു’’ (63-ാമത് ലോക ദൈവവിളി പ്രാർഥനാദിനത്തിൽ നൽകിയ സന്ദേശത്തിൽനിന്ന്).
മിശിഹായുടെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നത് മരണത്തിൽ അവസാനിക്കാത്ത ഒരു ജീവിതമുണ്ടെന്നും, അന്ധകാരത്തിന് പ്രകാശത്തെ കീഴടക്കാൻ കഴിയില്ലെന്നുമാണ്. ""കുരിശില്ലാതെ ഈസ്റ്റർ സാധ്യമല്ല. മരിക്കാൻ തയാറുള്ളവർക്കേ ജീവിക്കാൻ അവകാശമുള്ളൂ. ക്രിസ്തുവിന്റെ ഉത്ഥാനം നമുക്ക് നൽകുന്ന സന്ദേശം ഇതാണ്: സ്നേഹത്തിന് മരണത്തേക്കാൾ ശക്തിയുണ്ട്. അന്ധകാരത്തിന് വെളിച്ചത്തെ കീഴടക്കാൻ കഴിയില്ലെന്ന് ശൂന്യമായ കല്ലറ നമ്മെ പഠിപ്പിക്കുന്നു’’ എന്നു ബിഷപ് ഫുൾട്ടൺ ജെ. ഷീൻ പറഞ്ഞ വാക്കുകൾ (ലൈഫ് ഓഫ് ക്രൈസ്റ്റ്) പുതിയൊരു പ്രകാശത്തിൽ ഉയിർപ്പുതിരുനാൾ ആഘോഷിക്കാൻ നമുക്ക് പ്രചോദനം നൽകുന്നുണ്ട്. ഉത്ഥിതനായ മിശിഹായോടൊപ്പം നമുക്കും പ്രത്യാശയുടെ പുതിയ ജീവിതത്തിലേക്ക് ഉയർത്തെഴുന്നേൽക്കാം. നമുക്ക് പ്രത്യാശയുടെ വിത്തുകൾ വിതയ്ക്കുന്നവരാകാം. കാരണം, കല്ലറ ഒഴിഞ്ഞുകിടക്കുന്നു; മിശിഹാ ഉയിർത്തെഴുന്നേറ്റു, അവിടന്ന് ഇന്നും നമ്മോടൊപ്പമുണ്ട്. ഉയിർപ്പുതിരുനാളിന്റെ ദൈവാനുഗ്രഹങ്ങൾ എല്ലാവർക്കും ആശംസിക്കുന്നു.
മിശിഹായുടെ ഉത്ഥാനം പകർന്നുതരുന്ന പ്രത്യാശ കേവലം ഒരു വിശ്വാസപ്രമാണമല്ല, മറിച്ച് അത് നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രായോഗികമാക്കേണ്ട ഒരു ചൈതന്യമാണ്. യുദ്ധങ്ങളുടെയും വേർതിരിവുകളുടെയും നടുവിൽ ജീവിക്കുന്ന നമുക്ക്, ഈ പ്രത്യാശയെ പ്രായോഗികമായി ജീവിക്കാനുള്ള വഴികളെക്കുറിച്ചുകൂടെ ചിന്തിക്കേണ്ടതുണ്ട്.
സമാധാനത്തിന്റെ വക്താക്കളാകുക: ""സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും” (മത്തായി 5:9). ലോകത്തിന്റെ പലഭാഗങ്ങളിലും നടന്നുവരുന്ന യുദ്ധങ്ങൾ അവസാനിക്കാൻ നാം പ്രാർഥിക്കുമ്പോൾതന്നെ, നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും ഇടവകകളിലും സമാധാനത്തിന്റെ അന്തരീക്ഷം ഉറപ്പാക്കാൻ നമുക്ക് സാധിക്കണം.
ക്ഷമ ശീലമാക്കുക: വ്യക്തിപരമായ വിദ്വേഷങ്ങളും പിണക്കങ്ങളും ഈ ഈസ്റ്റർ കാലത്ത് പരിഹരിക്കാൻ മുൻകൈ എടുക്കുക. തന്നെ ക്രൂശിച്ചവരോട് മിശിഹാ ക്ഷമിച്ചതുപോലെ, മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുന്നത് ഉത്ഥാനത്തിന്റെ വലിയൊരു സാക്ഷ്യമാണ്.
വേദനിക്കുന്നവർക്ക് സാന്ത്വനമേകുക: ദാരിദ്ര്യംകൊണ്ടോ രോഗംകൊണ്ടോ തകർന്നവരെ സാമ്പത്തികമായോ മാനസികമായോ സഹായിക്കുക. നിരാശയുടെ ഇരുട്ടിൽ കഴിയുന്ന ഒരാൾക്ക് നൽകുന്ന ഒരു പുഞ്ചിരിയോ ആശ്വാസവാക്കോപോലും അവർക്ക് ഉത്ഥാനത്തിന്റെ പ്രകാശമായി മാറും. ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വളരെ പ്രസക്തമായ വാക്കുകൾ നമുക്ക് ഓർമിക്കാം: “നമ്മുടെ സ്നേഹപ്രവൃത്തികളിലൂടെയാണ് ലോകം ഉത്ഥിതനായ ക്രിസ്തുവിനെ കാണുന്നത്. സ്നേഹം നിഷേധിക്കപ്പെടുന്നിടത്ത് ഉത്ഥാനത്തിന്റെ അനുഭവവും നിഷേധിക്കപ്പെടുന്നു. അതുകൊണ്ട്, ഓരോ മനുഷ്യനും ദൈവസ്നേഹത്തിന്റെ വെളിച്ചം അനുഭവിക്കാൻ അവസരമൊരുക്കുക” (Deus Caritas Est 19).
പ്രത്യാശ പങ്കുവയ്ക്കുന്ന പ്രൊഫൈലുകളാകാം: സോഷ്യൽ മീഡിയയിൽ വിദ്വേഷവും വ്യാജവാർത്തകളും നിറയുമ്പോൾ, സമാധാനവും പ്രത്യാശയും നൽകുന്ന സന്ദേശങ്ങൾ പങ്കുവയ്ക്കാൻ ബോധപൂർവം നമുക്ക് ശ്രമിക്കാം. സൈബർ ഇടങ്ങളിലെ തർക്കങ്ങളുടെയും വിദ്വേഷപ്രചരണങ്ങളുടെയും ഭാഗമാകാതെ ആശ്വാസവും പ്രത്യാശയും പങ്കുവയ്ക്കുന്നവയായി നമ്മുടെ പ്രൊഫൈലുകളെ മാറ്റാം. ഡിജിറ്റൽ ലോകത്തെ ക്രിസ്തീയ സാന്നിധ്യത്തെക്കുറിച്ച് ബെനഡിക്ട് പതിനാറാമൻ പാപ്പാ പറഞ്ഞ വാക്കുകൾ പ്രസക്തമാണ്: ""വിശ്വാസികൾ ഡിജിറ്റൽ ലോകത്ത് വെറും വിവരങ്ങൾ കൈമാറുന്നവരല്ല, മറിച്ച് ക്രിസ്തുവിന്റെ സാക്ഷികളാകണം. നിങ്ങളുടെ ഓൺലൈൻ സാന്നിധ്യം സത്യസന്ധതയും പ്രത്യാശയും നിറഞ്ഞതാകട്ടെ’’ (2011-ലെ 45-ാമത് ലോക വാർത്താവിനിമയ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിൽനിന്ന്).
ക്രിസ്തീയ സന്തോഷം പങ്കുവയ്ക്കാം: ""ക്രിസ്ത്യാനി ഒരിക്കലും ഒരു ദുഃഖവെള്ളിയാഴ്ചയിൽ മാത്രം ജീവിക്കുന്നവനാകരുത്. കഷ്ടപ്പാടുകളും കുരിശുകളും ജീവിതത്തിന്റെ ഭാഗമാണെങ്കിലും, അവയ്ക്കപ്പുറം ഉത്ഥിതനായ ക്രിസ്തു നൽകുന്ന പ്രത്യാശയും ആനന്ദവുമാണ് നമ്മുടെ മുഖമുദ്രയാകേണ്ടത് ”എന്ന് ഫ്രാൻസിസ് പപ്പാ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. മിശിഹാ ഉയിർത്തെഴുന്നേറ്റു എന്ന ബോധ്യത്തിൽനിന്ന് വരുന്ന ആനന്ദം മറ്റുള്ളവരിലേക്കു പകരുകയാണ് നമ്മുടെ നിയോഗം. അങ്ങനെ നമ്മുടെ ജീവിതശൈലിതന്നെ പ്രത്യാശയുടെ ഒരു സുവിശേഷ പ്രഘോഷണമായി മാറട്ടെ.
Tags : survival hope unwavering feast Easter