International
വാഷിംഗ്ടൺ: വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സൈനിക മേഖലയിൽ അതീവസുരക്ഷയുള്ള വസതിയിൽനിന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടാൻ യുഎസ് കമാൻഡോകൾ നടത്തിയത് മാസങ്ങൾ നീണ്ട പരിശീലനവും തയാറെടുപ്പും. ഇതിനായി മഡുറോയുടെ വസതിയുടെ പൂർണരൂപംതന്നെ നിർമിച്ച് അവിടെ കമാൻഡോകൾ മാസങ്ങൾ പരിശീലനവും തയാറെടുപ്പും നടത്തി.
സാഹസിക നീക്കം
യുഎസ് കമാൻഡോ വിഭാഗമായ ഡെൽറ്റ ഫോഴ്സ് ഇരുട്ടിന്റെ മറവിൽ നടത്തിയ അതിസാഹസിക നീക്കത്തിലൂടെയാണ് ഇരുവരെയും പിടികൂടിയത്. ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്നു പേരിട്ട ദൗത്യത്തിൽ പങ്കെടുത്തത് 150 യുദ്ധവിമാനങ്ങളാണ്. അമേരിക്കയ്ക്കു മാത്രം ചെയ്യാൻ കഴിയുന്ന ധീരമായ പ്രവൃത്തിയെന്നായിരുന്നു ഈ ദൗത്യത്തെ സൈന്യത്തിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിവരിച്ചത്.
മാസങ്ങളോളം നീണ്ട പഠനത്തിനും പരിശീലനത്തിനും ശേഷമാണ് യുഎസ് സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് ആക്രമണത്തിനു ഇറങ്ങിയത്. യുഎസ് കോൺഗ്രസിനെ അറിയിക്കാതെയായിരുന്നു നീക്കങ്ങൾ.
രഹസ്യാന്വേഷണം
ജനുവരി ഒന്നിനു രാത്രി 10.46നാണ് സൈനികനീക്കത്തിനു ട്രംപ് അനുമതി നൽകിയത്. വ്യോമ, കര, നാവിക, ബഹിരാകാശ, ഇന്റലിജൻസ് വിഭാഗങ്ങൾ ഒരുമിച്ചുചേർന്നായിരുന്നു നീക്കം. എഫ്-22, എഫ്-35, എഫ്-18, ഇഎ-18, ഇ-2, ബി-1 തുടങ്ങിയ യുദ്ധവിമാനങ്ങളും സഹായത്തിനു മറ്റു വിമാനങ്ങളും ഉണ്ടായിരുന്നു. മാത്രമല്ല, നിരവധി ഡ്രോണുകൾ പറത്തി മഡുറോയുടെ വസതിയിലെ തത്സമയ രഹസ്യങ്ങൾ ഒപ്പിയെടുത്തു. സിഐഎ, എൻഎസ്എ, ഡിഐഎ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹകരണവും സംഭാവനയുമാണ് ഏറ്റവും ഗുണം ചെയ്തതെന്നു കെയ്ൻ പറഞ്ഞു.
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ച 2.01 ഓടെയാണ് യുഎസ് കമാൻഡോ സംഘം ഹെലികോപ്റ്ററുകളിൽ മഡുറോയുടെ വസതിയുടെ വളപ്പിനുമുകളിൽ എത്തിയത്. അതിവേഗത്തിലും കൃത്യതയോടെയും നിലത്തിറങ്ങിയ സൈന്യം ആദ്യം ചെയ്തത് മഡുറോയുടെ സുരക്ഷാസൈന്യത്തെ തുരത്തുകയെന്നതായിരുന്നു. ഒരു കോട്ട പോലെ പ്രവർത്തിക്കുന്ന കൊട്ടാരസദൃശ്യമായ വസതിയിൽ കനത്ത സംരക്ഷണയിലാണു മഡുറോ കഴിഞ്ഞിരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. ഈ വസതിയുടെ പൂർണ രൂപമാണ് പരിശീലനത്തിനായി യുഎസ് സൈന്യം നിർമിച്ചത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പതറി. നിരവധി പേർ കൊല്ലപ്പെട്ടു.
മുറി തകർക്കാനും സംവിധാനം
ആവശ്യമെങ്കിൽ അതിസുരക്ഷാ മുറികൾ തകർക്കാനുള്ള സംവിധാനങ്ങളും സൈന്യം കരുതിയിരുന്നു. എന്നാൽ, വെറും അരമണിക്കൂറിനുള്ളിൽ മഡുറോയെയും ഭാര്യയെയും സൈന്യം കസ്റ്റഡിയിലെടുത്തു. ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും വാതിൽ തകർത്ത് അകത്തുകയറി വലിച്ചിഴച്ചാണു പുറത്തേക്കു കൊണ്ടുപോയതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
മഡുറോയെ അതീവ സുരക്ഷിതമായി രാജ്യത്തിനു പുറത്തെത്തിക്കുകയായിരുന്നു സൈനികനീക്കത്തിന്റെ സുപ്രധാന ലക്ഷ്യമെന്നു ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. ഇതിനായി യുദ്ധവിമാനങ്ങൾ വ്യത്യസ്ത ഭാഗങ്ങളിൽനിന്നു പറന്നുയർന്നു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി.
പരസ്പര ധാരണയോടെയും സഹകരണത്തോടെയുമായിരുന്നു ഒാപ്പറേഷൻ. ഏതെങ്കിലുമൊരു ഘട്ടത്തിൽ ചെറിയൊരു പിഴവ് സംഭവിച്ചിരുന്നെങ്കിൽ ദൗത്യം പൂർണമായും പരാജയപ്പെടുമായിരുന്നെന്നും കെയ്ൻ ചൂണ്ടിക്കാട്ടി.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക.
മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു. "മയക്കുമരുന്ന്–ഭീകര ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, അമേരിക്കയ്ക്കെതിരെ യുദ്ധത്തിനുള്ള ഗൂഢാലോചന' എന്നിവയാണ് മഡൂറോയ്ക്കെതിരായ കുറ്റങ്ങൾ.
അതേസമയം മഡൂറോയുടെ ഭാര്യ സിലിയ ഫ്ളോറസിനെതിരായ കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനിടെ വെനസ്വേലയിലെ യുഎസ് ഓപ്പറേഷനിൽ ബ്രിട്ടൺ ഒരു തരത്തിലും ഉൾപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനുമേൽ സമ്മർദം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ എണ്ണടാങ്കറുകൾ പിടിച്ചെടുക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.
വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്ന കൂടുതൽ കപ്പലുകൾ വരുന്ന ആഴ്ചകളിൽ പിടിച്ചെടുത്തേക്കുമെന്ന് അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു. പിടിച്ചെടുക്കേണ്ട കപ്പലുകളുടെ പട്ടിക അമേരിക്ക തയാറാക്കിയിട്ടുണ്ട്. ഈ കപ്പലുകളെല്ലാം അമേരിക്കൻ ഉപരോധം നേരിടുന്നവയാണ്.
വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട സ്കിപ്പർ എന്ന വന്പൻ ടാങ്കർ കഴിഞ്ഞദിവസം അമേരിക്കൻ സൈനികർ പിടിച്ചെടുത്തിരുന്നു. കപ്പൽ അമേരിക്കൻ തുറമുഖത്തെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കി അതിനുള്ളിലെ അസംസ്കൃത എണ്ണ കണ്ടുകെട്ടുമെന്നാണ് അറിയിപ്പ്. അമേരിക്കൻ നടപടി വെനസ്വേലൻ എണ്ണ കടത്തുന്ന കപ്പലുകളുടെ ഉടമസ്ഥരിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
ഏകാധിപത്യ പ്രവണതയോടെ വെനസ്വേല ഭരിക്കുന്ന പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സമ്മർദത്തിലൂടെ താഴെയിറക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് അണിയറയിൽ നീക്കം നടത്തുന്നതയാണു റിപ്പോർട്ട്. വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക സൈനികവിന്യാസം നടത്തിയിട്ടുണ്ട്. ഇതിനു പുറമേ എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കുന്നതു മഡുറോ ഭരണകൂടത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കും. ഉപരോധങ്ങളിൽ വലയുന്ന വെനസ്വേയുടെ പ്രധാന വരുമാനമാർഗമാണ് എണ്ണ.
വെനസ്വേലൻ എണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആറ് ടാങ്കറുകൾ, ആറ് ഷിപ്പിംഗ് കന്പനികൾ, മഡുറോയുടെ പത്നി സീലിയ ഫ്ലോറസിന്റെ മൂന്നു ബന്ധുക്കളടക്കം നാലു പേർ എന്നിവർക്കെതിരേകൂടി അമേരിക്കൻ ട്രഷറി വകുപ്പ് വ്യാഴാഴ്ച ഉപരോധം പ്രഖ്യാപിച്ചു.
അമേരിക്ക ടാങ്കർ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നിക്കോളാസ് മഡുറോയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യാഴാഴ്ച ഫോണിൽ സംസാരിച്ചു. വെനസ്വേലയ്ക്കു റഷ്യയുടെ പിന്തുണ പുടിൻ വാഗ്ദാനം ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് കസേരയിൽ നിക്കോളാസ് മഡുറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന സൂചന നല്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സിബിഎസ് ചാനൽ ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് എന്ന നിലയിൽ മഡുറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. “അതേ, എനിക്ക് അങ്ങനെയാണു തോന്നുന്നത്” എന്ന് ട്രംപ് മറുപടി നല്കി.
അതേസമയം, അമേരിക്ക വെനസ്വേലയിൽ കരയാക്രമണത്തിനു പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ ട്രംപ് തയാറായില്ല. വെനസ്വേലയുടെ കാര്യത്തിൽ എന്താണു ചെയ്യാൻ പോകുന്നതെന്നു വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. വെനസ്വേലയുമായി അമേരിക്ക യുദ്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ സേന കരീബിയനിൽ സേനാവിന്യാസം വർധിപ്പിക്കുന്നതിനിടെയാണു ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാനായിട്ടാണു സൈനിക വിന്യാസമെന്നാണ് ട്രംപ് മുന്പ് പറഞ്ഞിട്ടുള്ളത്. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കു നേർക്ക് എന്ന പേരിൽ അമേരിക്കൻ സേന നടത്തിയിട്ടുള്ള ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
എന്നാൽ, വെനസ്വേലൻ സർക്കാരിനെ താഴെയിറക്കാനാണ് അമേരിക്കൻ നീക്കമെന്ന് അനുമാനിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സന്പന്ന രാജ്യങ്ങളിലൊന്നാണു വെനസ്വേല.