അമേരിക്കയിലെ ഒരു ചെറുപട്ടണത്തെ ദിവസങ്ങളോളം നെട്ടോട്ടമോടിച്ച നാലു വയസുകാരി പശുവിന്റെ സാഹസിക യാത്രയും ഒടുവിൽ തിരിച്ചുവരവുമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം.
ന്യൂയോർക്കിലെ കർമൽ എന്ന ശാന്തമായ ഗ്രാമത്തിലേക്ക് മസാച്ചുസെറ്റ്സിൽ നിന്ന് പുതുതായി എത്തിച്ച മാഗി എന്ന പശു, ചുറ്റുപാടുകൾ കണ്ട് ഭയന്ന് 'ലിറ്റിൽ കാബിൻസ്' ഫാമിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
വഴിയിലൂടെ വാഹനം ഓടിച്ചുപോയ ആളുകളുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി മാഗി പാഞ്ഞെത്തിയതോടെ യാത്രക്കാർ അമ്പരന്നു. "ഇതാ ഒരു പശു ഓടിവരുന്നു", "ഇത് നേരെ എന്റെ കാറിലേക്കാണല്ലോ പാഞ്ഞു വരുന്നത്" എന്നിങ്ങനെ ആളുകൾ ഭയത്തോടും കൗതുകത്തോടും കൂടെ നിലവിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.
നാട്ടുകാർക്ക് കൗതുകമായെങ്കിലും പൊലിസിനും ഷെരീഫ് ഡെപ്യൂട്ടിമാർക്കും സ്റ്റേറ്റ് ട്രൂപ്പർമാർക്കും ഇതൊരു വലിയ ദൗത്യമായി മാറി. ഒരു ഹോളിവുഡ് വെസ്റ്റേൺ സിനിമയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ, പട്രോളിംഗ് നടത്തുന്ന പൊലിസുകാരൻ കാറിന്റെ ജനലിലൂടെ പുറത്തേക്കമർന്ന് കയറെറിഞ്ഞു പിടിക്കാൻ ശ്രമിച്ചെങ്കിലും പശു അത് വെട്ടിച്ച് മുന്നോട്ടോടുകയായിരുന്നു.
പുതിയ സ്ഥലമായതിനാലും തീറ്റ നൽകിയോ കയറിൽ പിടിച്ചോ നിയന്ത്രിക്കാനുള്ള പരിശീലനം ലഭിക്കാത്തതിനാലും സാധാരണ രീതിയിൽ അതിനെ പിടികൂടുക എളുപ്പമായിരുന്നില്ല.
തുടർന്ന് നാല് ദിവസത്തോളം നീണ്ട തെരച്ചിലിനൊടുവിൽ, സമീപത്തെ വനമേഖലയിൽ നിന്നാണ് ഫാം ഉടമയായ മരിയാന ബ്രോഫിയും സംഘവും മാഗിയെ കണ്ടെത്തിയത്.
കാട്ടിലേക്ക് ഓടിക്കയറി ഒളിച്ച പശുവിനെ ഏറെ പരിശ്രമിച്ചാണ് തിരികെ എത്തിച്ചത്. ഒടുവിൽ തന്റെ പ്രിയപ്പെട്ട കിടാവിനൊപ്പം സുരക്ഷിതമായി ഫാമിൽ തിരിച്ചെത്തിയതോടെയാണ് ദിവസങ്ങൾ നീണ്ട ഈ ആവേശകരമായ ഓപ്പറേഷന് ശുഭപര്യവസാനമായത്.