പാലാ: മാണി സി. കാപ്പനെതിരേയുള്ള മഹാരാഷ്ട്രയിലെ ബോറിവാലി മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി ഗോറിഗാവ് ജില്ലാ കോടതി സ്റ്റേ ചെയ്തു. നീതി ജയിക്കുക തന്നെ ചെയ്യുമെന്ന് മാണി സി. കാപ്പന് എംഎല്‍എ പ്രതികരിച്ചു.
താന്‍ രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിനും വളരെ മുന്‍പ് ബിസിനസ് സംബന്ധമായി ഒരു വ്യക്തിയുമായി ഉണ്ടായ ഇടപാടിനെത്തുടര്‍ന്നുണ്ടായ പരാതിയായിരുന്നു ഇത്. പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്ന കാലത്ത് താന്‍ എംഎല്‍എയോ സര്‍ക്കാരില്‍ ഏതെങ്കിലും പദവിയോ വഹിച്ചിരുന്നില്ല.
2026ല്‍ ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഈ കേസ് സംബന്ധിച്ച് റിട്ടേണിംഗ് ഓഫിസര്‍ മുതല്‍ ഇലക്ഷന് കമ്മിഷന് വരെയുള്ള അധികാരസ്ഥാനങ്ങളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും പത്ര -ദൃശ്യ- ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്തെ നിയമവ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ആത്യന്തികമായി സത്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.