തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ ഒരുകോടി രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്താനുള്ള പൊതുമരാമത്ത് വകുപ്പിന്റെ അനുമതി സർക്കാർ റദ്ദാക്കിയതിനു പിന്നാലെ പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരണ റിപ്പോർട്ട് തേടി.
സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലുകളോ പുതിയ നിർമാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് പ്രവൃത്തികൾ നടത്തേണ്ടതില്ലെന്നും അത്യാവശ്യമായ നവീകരണ ജോലികൾ മാത്രം മതിയെന്നുമായിരുന്നു നിർദേശം.
2022 മുതൽ തയാറാക്കിയ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അനുമതി നൽകിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശം മറികടന്ന് ഉത്തരവിറങ്ങിയ സാഹചര്യത്തിലാണ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്. തുടർന്നാണ് ഒരു കോടി രൂപയുടെ അറ്റകുറ്റപ്പണിക്കുള്ള അനുമതി റദ്ദാക്കിയത്.