കാൾസ്റൂഹെ: ജർമനിയിലെ കത്തോലിക്കാ അതിരൂപതയായ ഫ്രൈബർഗിൽ അൽമായ തിയോളജിയൻ (Pastoralreferent) പദവിയിലേക്ക് മലയാളിയായ പയസ് ജോസഫ് തെരുവത്ത് നിയമിതനായി. ഫ്രൈബർഗ് അതിരൂപതയിൽ ഈ ഔദ്യോഗിക അജപാലന-ഭരണ ചുമതല വഹിക്കുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് കൊല്ലം രൂപതയിലെ പടപ്പക്കര സ്വദേശിയായ പയസ് സ്വന്തമാക്കിയത്.
പരേതരായ തെരുവത്ത് കുഞ്ഞച്ചൻ ജോസഫിന്റെയും ബാർബരയുടെയും പത്ത് മക്കളിൽ ഇളയവനായ പയസ്, സഭാ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ട അഞ്ചാമത്തെ അംഗമാണ്. ഫാ. പ്രസാദ് തെരുവത്ത് OCD സഹോദരനും സി. വിജയ MSST, സി. വിജി MSST, സി. വിൻസി MSST എന്നിവർ സഹോദരിമാരുമാണ്.
കേരള സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദവും റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ പയസ്, ജർമനിയിലെ വ്യൂർസ്ബുർഗ് സർവകലാശാലയിൽ നിന്ന് മതപഠനത്തിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.
ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. 2012-ൽ ഇറ്റലിയിൽ നിന്ന് ജർമനിയിലേക്ക് കുടിയേറിയ പയസിന്റെ ഭാര്യ സബി ക്രിസ്റ്റൽ ജർമനിയിൽ നഴ്സായി സേവനമനുഷ്ഠിക്കുന്നു.
മക്കളായ തെരേസ്, ഫ്രാൻസിസ്കോ, ബാർബര എന്നിവരോടൊപ്പം കുടുംബസമേതമാണ് അദ്ദേഹം ജർമനിയിൽ താമസിക്കുന്നത്.