റിയാദ്: വാഹനത്തിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി റിയാദിൽ മരിച്ചു.
കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ധീൻ (42) ആണ് റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. എട്ടുവർഷത്തോളമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സജീദ്.
2024 ഒക്ടോബറിൽ റിയാദിൽ വാഹന പരിശോധനയ്ക്കിടെ നിരോധിത വസ്തുക്കൾ സൂക്ഷിച്ചെന്ന കേസിൽ പിടിയിലാവുകയായിരുന്നു. കോടതിയിൽ നിരപരാധിത്വം തെളിയിക്കാനാകാത്തതിനെത്തുടർന്ന് ഏഴുവർഷത്തെ തടവുശിക്ഷ വിധിച്ചു.
ശിക്ഷ അനുഭവിച്ച് ഒരു വർഷത്തോളം പിന്നിട്ടപ്പോഴാണ് ജയിലിൽവച്ച് രക്തം ഛർദിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിത്തിന് കരൾ അർബുദമാണെന്ന് സ്ഥിരീകരിച്ചു.
പിന്നീട് റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തുടർന്നു. ആരോഗ്യനില ഗുരുതരമായതോടെ അവസാന രണ്ടു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
ഇതിനാവശ്യമായ സാമ്പത്തിക സഹായം ഇന്ത്യൻ എംബസി നൽകി. ദമാം വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയുടെ നേതൃത്വത്തിലായിരുന്നു തുടർനടപടികൾ.