എഡ്മന്റൺ: കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ ലൈംഗികാതിക്രമ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. ജോസ് മാജോ പുലിക്കോട്ടിൽ (44) ആണ് എഡ്മന്റൺ പൊലിസിന്റെ പിടിയിലായത്.
ഇയാൾക്കെതിരേ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയിൽ നിന്ന് സമാനമായ ദുരനുഭവങ്ങൾ നേരിട്ട കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്ന് പൊലിസ് അറിയിച്ചു.
ഓഗസ്റ്റ് 17-നാണ് ആദ്യ പരാതി പൊലിസിന് ലഭിക്കുന്നത്. ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിനിടെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 2016-ൽ താൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരുന്ന സമയത്ത് പ്രതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടി വന്നു എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.
വിശദമായ അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 19-നാണ് പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ട് ലൈംഗികാതിക്രമ കേസുകൾ, ലൈംഗിക ചൂഷണം, ലൈംഗിക സ്പർശനത്തിന് പ്രേരിപ്പിക്കൽ, പ്രായപൂർത്തിയാകാത്തയാളുമായുള്ള ലൈംഗിക ഇടപെടൽ എന്നീ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അറസ്റ്റിന് ശേഷം കർശന ഉപാധികളോടെയാണ് പ്രതിയെ വിട്ടയച്ചിരിക്കുന്നത്. പൊതു നീന്തൽക്കുളങ്ങൾ, സ്കൂളുകൾ, ഡേകെയർ കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പാടില്ല.
16 വയസോ അതിൽ താഴെയോ പ്രായമുള്ളവരുമായി തൊഴിൽപരമായ സാഹചര്യങ്ങളിലല്ലാതെ ഇടപഴകാനും വിലക്കുണ്ട്. കൂടാതെ പരാതിക്കാരുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടരുതെന്നും തോക്കുകളോ മറ്റ് ആയുധങ്ങളോ കൈവശം വയ്ക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.