ലോസ് ആഞ്ചൽസ്: കേരളത്തിൽ വേരുകളുള്ള നിത്യ രാമൻ ലോസ് ആഞ്ചൽസ് നഗരത്തിന്റെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരിയും ഏഷ്യൻ വംശജയുമാണ് നിത്യ രാമൻ.
തൃശൂരിലെ അയ്യർ കുടുംബത്തിൽ ജനിച്ച നിത്യയ്ക്ക് ആറു വയസുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലെ ലൂസിയാനയിലേക്ക് കുടിയേറിയത്. പിന്നീട് മസാച്യുസെറ്റ്സിലെ ബെർലിംഗ്ടണിൽ സ്ഥിരതാമസമാക്കി.
മികച്ച വിദ്യാഭ്യാസം നേടിയ നിത്യ അർബൻ പ്ലാനിംഗ് മേഖലയിലാണ് തന്റെ കരിയർ കെട്ടിപ്പടുത്തത്. 2003-ൽ ഹാർവാർഡ് സർവകലാശാലയിൽനിന്ന് സോഷ്യൽ സ്റ്റഡീസിൽ ബിരുദം നേടിയ അവർ, 2008-ൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) നിന്ന് അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും നേടി.
22-ാം വയസിലാണ് നിത്യ അമേരിക്കൻ പൗരത്വം നേടിയത്. തുടർന്ന് 23-ാം വയസിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അവർ ചെന്നൈ നഗരത്തിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനായി "ട്രാൻസ്പരന്റ് ചെന്നൈ' എന്ന ഗവേഷണ സ്ഥാപനത്തിന് തുടക്കമിട്ടു.
2020-ൽ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നിത്യ രാമൻ ലോസ് ആഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നഗരത്തിന്റെ വികസന പ്രവർത്തനങ്ങളിലും പൊതുപ്രവർത്തന രംഗത്തും സജീവമായ ഇടപെടലുകൾ നടത്തിയ അവർക്ക് ലഭിച്ച പുതിയ അംഗീകാരമായാണ് മേയർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
ലോസ് ആഞ്ചൽസിനെ നയിക്കാനുള്ള നിത്യ രാമന്റെ തെരഞ്ഞെടുപ്പ് ആഗോളതലത്തിൽ മലയാളികൾക്കും ഇന്ത്യക്കാർക്കും ഒരുപോലെ അഭിമാനകരമായ നേട്ടമാണ്.