തായന്നൂർ: മലയാറ്റുകരയിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ നൂറാം ദിനത്തില്‍ തായന്നൂർ വില്ലേജ് ഓഫീസിനു മുന്നിൽ മനുഷ്യച്ചങ്ങല തീർത്തു.
പരിസ്ഥിതി പ്രവർത്തകൻ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഖനനത്തിന്റെ ദൂരപരിധി മറ്റു സംസ്ഥാനങ്ങളിൽ 200 മീറ്റർ മുതൽ 500 മീറ്റർ വരെയാണെന്നും എന്നാൽ കേരളത്തിൽ അത് 50 മീറ്ററാക്കി ചുരുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ സമിതി ചെയർമാൻ മധു നർക്കല അധ്യക്ഷത വഹിച്ചു. കെ.ആർ.സി. തായന്നൂർ പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തംഗം സജിത ശ്രീകുമാർ, എം. ഗോപാലൻ, വി.കെ. വിനയചന്ദ്രൻ, സുഭാഷ് ചീമേനി, ശില്പ രാജ്, കുമാരൻ തോട്ടത്തിൽ, ഷിൻസ് ജോർജ്, രാജീവൻ ചീരാൽ, എം.ഡി. രാജൻ, ചന്ദ്രൻ വേങ്ങച്ചേരി, രാജേഷ് തുമ്പക്കുന്ന്, രമേശൻ മലയാറ്റുകര, വി.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.