കോതമംഗലം: മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു. ചാമപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ഡെനീഷ് ജോസഫിന്റെ വീടാണു തകര്‍ത്തത്. പലവട്ടം കാട്ടാനകൾ ആക്രമിച്ച വീടാണിത്. സംഭവസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 6.45ഓടെയായിരുന്നു സംഭവം.
ഡെനീഷിന്റെ പിതാവ് ജോസഫാണ് ഇവിടെ താമസിച്ചിരുന്നത്. കാന്‍സര്‍ ബാധിതനായ ജോസഫിനെ ആശുപത്രിയില്‍ കൊണ്ടുപോയശേഷം തിരികെയെത്തി അന്നു രാത്രി ഡെനീഷിന്റെ വീട്ടിലാണു താമസിച്ചത്. ഇന്നലെ പുർച്ചെ വീട്ടിലേക്കു തിരികെയെത്തിയപ്പോള്‍ വീട്ടുമുറ്റത്തും പരിസരത്തുമായി ആനക്കൂട്ടം നില്ക്കുന്നതാണു കണ്ടതെന്ന് ഡെനീഷ് പറഞ്ഞു.
വീട് വാസയോഗ്യമല്ലാത്ത വിധം തകർത്തനിലയിലാണ്. ഒച്ചവച്ചാണ് ആനക്കൂട്ടത്തെ തുരത്തിയത്. എട്ടു മാസത്തിനിടെ നാലാം തവണയാണ് ഡെനീഷിന്റെ വീട് ആനക്കൂട്ടം തകര്‍ക്കുന്നത്. ഇതിനുമുമ്പ് ഫെബ്രുവരിയിലായിരുന്ന ആക്രമണം. ഇക്കുറി വീടിന്റെ മൂന്നു ജനല്പ്പാളികളും ഭിത്തിയും തകര്‍ത്തു. വീടിനകത്തു കയറി പുതിയ കട്ടിലും വീട്ടുസാധനങ്ങളും നശിപ്പിച്ചു. അരിയും പലവ്യഞ്ജനങ്ങളും പാത്രങ്ങളും റേഷന്‍ കാര്‍ഡും പത്തു ദിവസത്തേക്ക് വാങ്ങിയ 4000 രൂപ വിലയുള്ള മരുന്നടക്കം പൂര്‍ണമായും നശിപ്പിച്ചു.
മൂന്നു തവണ ആനക്കൂട്ടം വീട് തകര്‍ത്തിട്ടും വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി പോയെങ്കിലും പട്ടയം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇതുവരെ യാതൊരുവിധ സാമ്പത്തികസഹായവും നൽകിയിട്ടില്ലെന്ന് ഡെനീഷ് പറഞ്ഞു.
ആന പുരയിടത്തില്‍ പ്രവേശിക്കാതിരിക്കാന്‍ ട്രഞ്ച് താഴ്ത്താനും പുരയിടത്തിലെ മരംമുറിക്കാനും വനം വകുപ്പ് അധികൃതര്‍ അനുമതി നൽകുന്നില്ല. എന്നാൽ സമീപത്തെ പല റിസോര്‍ട്ടുകള്‍ക്കും വഴിവിട്ട സഹായം ഇവർ ചെയ്യുന്നുണ്ട്. നാലു പ്രാവശ്യമായി കാട്ടാന വീട് തകര്‍ത്തതിലൂടെ 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.