ജാംനഗർ: രണ്ടു വർഷത്തിനുശേഷം സത്യം പുറത്തുവന്നപ്പോൾ എല്ലാവരും ഞെട്ടി. ക്രൈം ത്രില്ലർ സിനിമകളെപ്പോലും വെല്ലുന്ന സംഭവം അരങ്ങേറിയത് ഗുജറാത്തിലെ ജാംനഗറിൽ. നീണ്ട നിഗൂഢതകള്‍ക്കൊടുവിൽ, ജാംനഗറിലെ വ്യവസായ മേഖലയ്ക്കു സമീപമുള്ള വിജനമായ ഫാക്ടറിയില്‍നിന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. സ്വന്തം ഭര്‍ത്താവിനെ വിഷം നല്കി കൊലപ്പെടുത്തി; പന്ത്രണ്ട് അടി ആഴമുള്ള കുഴിയില്‍ മൂടി, അയാള്‍ വിദേശത്ത് സുഖമായി ജീവിക്കുകയാണെന്ന് ലോകത്തെ വിശ്വസിപ്പിച്ച ഭാര്യയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് മുന്നില്‍ നാടൊട്ടുക്കു പകച്ചുനില്‍ക്കുകയാണ്.
2024 മേയിലാണ് ജിഗ്നേഷ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രിഥ്വിയും കാമുകന് നിലേഷും ചേര്‍ന്നു മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണു കൊലപാതകം നടത്തിയത്. മദ്യപാനശീലമുണ്ടായിരുന്ന ജിഗ്നേഷിനു മദ്യത്തില്‍ മാരകവിഷമായ സയനൈഡ് കലര്‍ത്തി കുടിപ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം, മുന്‍പ് ജിഗ്നേഷും നിലേഷും ചേര്‍ന്നു വാടകയ്ക്കെടുത്തു നടത്തിയിരുന്നതും പിന്നീട് അടച്ചുപൂട്ടുകയും ചെയ്ത ഫാക്ടറി കെട്ടിടത്തിലേക്കു മൃതദേഹം മാറ്റി. അവിടെ മുന്‍കൂട്ടി തയാറാക്കിയ പന്ത്രണ്ട് അടി ആഴമുള്ള കുഴിയില്‍ മൃതദേഹം മൂടുകയും തെളിവുകളെല്ലാം നശിപ്പിക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ വീട്ടുകാർക്കു സംശയം തോന്നാതിരിക്കാൻ വളരെ ബുദ്ധിപൂര്‍വമായ കഥയാണ് പ്രിഥ്വി ചമച്ചത്. ജിഗ്നേഷിന് ഓസ്ട്രേലിയയില്‍ ജോലി ലഭിച്ചെന്നും കമ്പനിയുടെ കടുത്ത നിയമങ്ങള്‍ കാരണം അവിടെയുള്ള ജീവനക്കാര്‍ക്കു പുറത്തേക്ക് ഫോണ്‍ വിളിക്കാന്‍ അനുവാദമില്ലെന്നുമായിരുന്നു പ്രിഥ്വി ബന്ധുക്കളെ പറഞ്ഞുവിശ്വസിപ്പിച്ചത്. പിആര്‍ ലഭിച്ചാല്‍ ഉടന്‍ അയാള്‍ നാട്ടില്‍ തിരികെയെത്തുമെന്നും, ഇടയ്ക്കുള്ള മെസേജുകള്‍ വഴി താന്‍ വിവരങ്ങള്‍ അറിയുന്നുണ്ടെന്നും പറഞ്ഞ് ഭാര്യ എല്ലാവരുടെയും സംശയത്തിനു തടയിട്ടു.
എങ്കിലും ബന്ധുക്കളിൽ ചിലരിൽ സംശയങ്ങൾ ഉടലെടുക്കാൻ തുടങ്ങിയിരുന്നു. അടുത്തിടെ കുടുംബത്തിലെ ഒരംഗം ജോലി ആവശ്യങ്ങള്‍ക്കായി ഓസ്ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അവിടെയെത്തിയാല്‍ ജിഗ്നേഷിനെ നേരിട്ട് കാണാമല്ലോ എന്ന് കരുതി അയാള്‍ പ്രിഥ്വിയോട് ജിഗ്നേഷിന്റെ വിലാസവും കോണ്ടാക്ട് നമ്പറും ആവശ്യപ്പെട്ടു. വിലാസം നല്കാന് പ്രിഥ്വി വിസമ്മതിക്കുകയും പലവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തതോടെ ബന്ധുക്കള്‍ക്കു ശക്തമായ സംശയം തോന്നി. കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് കുടുംബം ഉറപ്പിച്ചു പറഞ്ഞതോടെ ജിഗ്നേഷ് ജീവനോടെയില്ലെന്ന സത്യം വെളിപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് ജിഗ്നേഷിന്റെ സഹോദരന് അശോക് പോലീസിൽ പരാതി നൽകി. പ്രിഥ്വിയെയും കാമുകന് നിലേഷിനെയും കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസത്തോളം പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ, അവര്‍ ചൂണ്ടിക്കാണിച്ച ഫാക്ടറി വളപ്പില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തില്‍ കുഴിച്ചിട്ട മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. ഡിഎന്‍എ പരിശോധന വഴി കൊല്ലപ്പെട്ടത് ജിഗ്നേഷ് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പാക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.