വണ്ടൂർ: 10 വയസുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈലിൽ പകർത്തി സൂക്ഷിച്ച കേസിൽ 46-കാരൻ അറസ്റ്റിൽ. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വട്ടപ്പറമ്പിൽ നൗഫലിനെയാണ് വണ്ടൂർ സിഐ ഇ. ഗോപകുമാർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയായ മുരുകാലയ വീട്ടിൽ വിജയകുമാറാണ് 10 വയസുകാരിയെ കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ച് വീടിന് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. അയൽവാസിയായ നൗഫൽ ഇത് ഒളിച്ചിരുന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് വിജയകുമാറിനെ കഴിഞ്ഞ 11ന് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനിടെയാണ് നൗഫൽ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച വിവരം പൊലിസ് അറിയുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
പീഡന വിവരം മറച്ചുവച്ചതിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനുമുള്ള വകുപ്പുകളാണ് നൗഫലിനെതിരേ ചുമത്തിയിരിക്കുന്നത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
എസ്ഐ പി.പി. മുഹമ്മദ് അസ്ലം, എസ്സിപിഒ എം. ലിജേഷ്, ഉമ്മുൽ സമീമ, സാബിറ, ജാഫർ, ഡ്രൈവർ ഷഹബിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.