ഒറ്റപ്പാലം: താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി രൂപീകരണം വൈകുന്നതിനെതിരേ ഒറ്റപ്പാലം താലൂക്ക് വികസനസമിതി യോഗത്തിൽ രൂക്ഷവിമർശനം. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ അറിയിക്കാതെ കഴിഞ്ഞ ദിവസം ചെയർപേഴ്സണടക്കമുള്ളവർ യോഗം ചേർന്നതിനെതിരേയും വിമർശനം ഉയർന്നു.
സിപിഎമ്മും മുസ്ലിം ലീഗും പ്രതിനിധികളെ നൽകാത്തത് മൂലമാണ് വിപുലമായ യോഗം ചേരാൻ കഴിയാത്തതെന്നു ഒറ്റപ്പാലം മുനിസിപ്പൽ സൂപ്രണ്ടിന്റെ വിശദീകരണമാണ് രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയത്. കഴിഞ്ഞദിവസം ചേർന്ന മാനേജ്മെന്റ് കമ്മിറ്റിയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ വിളിക്കാതിരുന്നത് ബന്ധപ്പെട്ടവരുടെ ജില്ലാ ഘടകം നാമനിർദേശം ചെയ്തയാളെ സംബന്ധിച്ച് രേഖാമൂലം കത്ത് നൽകാത്തത് മൂലമാണെന്ന് യോഗത്തിൽ സൂപ്രണ്ട് വിശദീകരിച്ചു. എന്നാൽ കത്തുനൽകിയവരെ പങ്കെടുപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് മറുചോദ്യം ഉയർന്നത്.
പ്രതിനിധികളെ ചോദിച്ച് ഔദ്യോഗികമായി നഗരസഭാ സെക്രട്ടറി കത്തുനൽകിയിട്ടില്ലെന്ന് രാഷ്ട്രീയപാർട്ടി പ്രതിനിധികളിൽ ചിലർ ആരോപിച്ചു. കത്തുനൽകേണ്ടത് നഗരസഭാ ചെയർപേഴ്സൺ അല്ലെന്നും സെക്രട്ടറി ആണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
മഴക്കാലം രൂക്ഷമായിരിക്കെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴും താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സുഗമമായി നടത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് വിമർശനം ഉയർന്നത്.
നഗരസഭയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച നേരിടുന്നതായി വിമർശനം ഉയർന്നു. അടിയന്തരമായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുചേർക്കാൻ യോഗത്തിൽ തീരുമാനമായി. പാതയോരങ്ങളിൽ അനധികൃത കെട്ടിട നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും കൈയേറ്റക്കാർക്ക് അനുകൂലമായ നിലപാടാണ് ബന്ധപ്പെട്ടവർ കൈക്കൊള്ളുന്നതെന്നും വിമർശനം ഉയർന്നു.
നഗരത്തിൽ സ്ഥാപിക്കുന്ന ബാരിക്കേഡുകൾ ചട്ടപ്രകാരം അല്ല സ്ഥാപിക്കുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു ഒറ്റപ്പാലം നഗരത്തിന്റെ പരിസര ഭാഗങ്ങളിൽ രൂപപ്പെട്ട വലിയ കുഴികൾ അടയ്ക്കുന്നതിനും തീരുമാനമായി.