കോട്ടയം: ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഭക്തിനിർഭരമായ വരവേൽപ്പ്. ഞായറാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് വിശ്വാസികളാണ് ബാവായെ സ്വീകരിക്കാനായി പള്ളിയങ്കണത്തിൽ എത്തിയത്.
രാവിലെ ഒമ്പതോടെ കത്തീഡ്രലിലെത്തിയ പാത്രിയർക്കീസ് ബാവായെയും അന്ത്യോഖ്യാ പ്രതിനിധി സംഘത്തെയും ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായെയും മെത്രാപ്പോലീത്തമാരെയും ഇടവക വികാരി കെ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് പാത്രിയർക്കീസ് ബാവായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളിമുറ്റത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിൽ വിശ്വാസിസമൂഹത്തെ അഭിസംബോധന ചെയ്ത പാത്രിയർക്കീസ് ബാവാ അനുഗ്രഹപ്രഭാഷണം നടത്തി.
കോട്ടയം ഭദ്രാസനത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ ലോഗോയുടെ പ്രകാശനവും ചടങ്ങിൽ പാത്രിയർക്കീസ് ബാവാ നിർവഹിച്ചു. മണർകാട് സെന്റ് മേരീസ് കോളജിൽ പുതുതായി നിർമിച്ച ബ്ലോക്കിന്റെ ഉദ്ഘാടനവും മലത്ത് നിർമിച്ച കുരിശിൻതൊട്ടിയിൽ സ്ഥാപിക്കുന്നതിനുള്ള കുരിശിന്റെ ആശീർവാദവും അദ്ദേഹം നിർവഹിച്ചു.