കാഠ്മണ്ഡു: എല്ലാം തകര്‍ത്തെറിഞ്ഞു പാഞ്ഞെത്തിയ കൂറ്റന്‍ മലവെള്ളപ്പാച്ചിലില്‍നിന്ന് നേപ്പാളി തൊഴിലാളി ബിബേക് കുമാല്‍ (24) ജീവിതത്തിലേക്കു തിരികെ കയറിയത് ഒരു മാവില്‍ പിടിച്ചുനിന്നതിനാല്‍. നേപ്പാളിലെ റാസുവ ജില്ലയിലുണ്ടായ വിനാശകരമായ മിന്നല്‍പ്രളയത്തില്‍ നൂറുകണക്കിനു പേര് മരിക്കുകയും വിദേശികളടക്കം ആയിരങ്ങളെ കാണാതാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കുമാലിന്റെ അദ്ഭുതകരമായ അതിജീവനം.
ബിദൂര്‍ മേഖലയിലെ ഒരു പുതിയ വീടിനു പുറത്ത് ശൗചാലയത്തിനായി കുഴിയെടുക്കുകയായിരുന്നു ബിബേക് കുമാല്‍. വലിയൊരു ഇരമ്പല്‍ കേട്ട് കുഴിക്കു പുറത്തുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഓടാന്‍ വിളിച്ചുപറഞ്ഞപ്പോഴേക്കും കല്ലും ചെളിയും നിറഞ്ഞ കൂറ്റന്‍ ജലപ്രവാഹം ഇരച്ചെത്തി. നിമിഷങ്ങള്‍ക്കകം കുമാല്‍ ഒഴുക്കില്‍പ്പെട്ടു.
“ഭൂകമ്പം പോലെയായിരുന്നു ആ മലവെള്ളപ്പാച്ചില്‍. ഒഴുകിപ്പോകുന്നതിനിടെ ഭാഗ്യവശാല്‍ ഞാന്‍ ഒരു മാവിന്റെ ചില്ലകളില്‍ തടഞ്ഞുനിന്നു. ആ മരമില്ലായിരുന്നെങ്കില്‍ ഞാന്‍ ബാക്കിയുണ്ടാകില്ലായിരുന്നു,’’ കാഠ്മണ്ഡുവിലെ നാഷണല്‍ ട്രോമ സെന്ററിലെ ആശുപത്രി കിടക്കയില്‍നിന്ന് കുമാല്‍ ഓര്‍ത്തെടുത്തു. താന്‍ പണിതിരുന്ന വീട് കണ്മുന്നില് പൂര്‍ണമായി ഒലിച്ചുപോയതായും അദ്ദേഹം പറഞ്ഞു. പിന്നീട് പോലീസെത്തിയാണ് കാലിനു പരിക്കേറ്റ കുമാലിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
ദുരന്തത്തില്‍ പരിക്കേറ്റ നിരവധി ആളുകളെ ഇതുവരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടെ കുത്തൊഴുക്കില്‍പ്പെട്ട് പരിക്കേറ്റ പതിനൊന്നുകാരി റിഹാന ലാമിച്ചാനെ ഉള്‍പ്പെടെയുള്ളവരും ചികിത്സയിലുണ്ട്. ദുരന്തബാധിത മേഖലകളിലെ ഗതാഗത ബന്ധങ്ങള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായി തുടരുകയാണ്.