കൊച്ചി: ധാരാളിത്തമില്ലാതെ, സാന്ദ്രതയോടെ വാക്കുകൾ ഉപയോഗിച്ച കാല്പനിക കവികളിൽ പ്രമുഖനാണ് ഇടപ്പള്ളി രാഘവൻപിള്ളയെന്നു നിരൂപകൻ പ്രഫ. എം. തോമസ് മാത്യു അഭിപ്രായപ്പെട്ടു. ചങ്ങമ്പുഴ വളരെ ആഘോഷിക്കപ്പെട്ട കവിയാണ്, ആ രീതിയിൽ ഒന്നും ആഘോഷത്തിന് ഇട നൽകാതെ ഈ ലോകത്തിൽ നിന്നും പിരിഞ്ഞുപോയ കവിയാണ് ഇടപ്പള്ളിയെന്നും തോമസ് മാത്യു പറഞ്ഞു. ഇടപ്പള്ളി രാഘവൻ പിള്ളയുടെ മണിനാദം കവിതയുടെ തൊണ്ണൂറാം വർഷത്തോടനുബന്ധിച്ചു ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കവി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ചാവറ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ, സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാൻ ടി.എം.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.