വർഷങ്ങൾക്കു മുന്പു നടന്ന സംഭവമാണിത്. നടന്മാരായ മുകേഷും മണിയൻപിള്ള രാജുവും ചേർന്നു സദാചാരഗുണ്ടകളെ നേരിട്ടതാണു സംഭവം. അടിപിടിയുണ്ടാക്കി എന്നല്ല, അവരെ ചിരിപ്പിച്ചു നിലംപരിശാക്കി എന്നതാണു വാസ്തവം. സംഭവം അരങ്ങേറിയത് സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായ ഒറ്റപ്പാലത്ത്.
മുകേഷ് ആണ് ചിത്രത്തിലെ നായകൻ. മണിയൻ പിള്ള രാജുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വെളിച്ചപ്പാടിന്റെ വേഷമാണ് രാജു അവതരിപ്പിക്കുന്നത്. നിർമാതാക്കാൾ ഏർപ്പാടാക്കിക്കൊടുത്ത വീട്ടിലാണ് ഇരുതാരങ്ങളുടെയും താമസം. മുകേഷിന്റെ സീനുകൾ നേരത്തെതന്നെ ചിത്രീകരിച്ചു കഴിഞ്ഞ ദിവസം കാമറാമാൻ പറഞ്ഞു:
'രാജുവിന് ഇനി രാത്രിയെ ഷൂട്ടിംഗ് ഉള്ളൂ. അതുകൊണ്ട് മുകേഷിന്റെ കൂടെ റൂമിൽ പൊയ്ക്കൊള്ളൂ. സമയമാകുന്പോൾ ആളിനെ വിടാം.’
അങ്ങനെ നടന്മാർ രണ്ടുപേരുംകൂടി വീട്ടിലെത്തി. വെളിപ്പാടിന്റെ മേയ്ക്കപ്പ് രാജു നീക്കിയിരുന്നില്ല. വീണ്ടും മേയ്ക്കപ്പ് ചെയ്യുന്പോഴുണ്ടാകുന്ന സമയനഷ്ടം ഓർത്താണ് രാജു മേയ്ക്ക് നീക്കം ചെയ്യാതിരുന്നത്. അരമണിക്കൂർ കഴിഞ്ഞപ്പോൾ മുകേഷിനെ കാണാൻ ആരൊക്കെയോ വന്നിട്ടുണ്ടെന്ന് സെക്യൂരിറ്റിക്കാരൻ വന്നുപറഞ്ഞു. മുകേഷ് പുറത്തുചെന്നപ്പോൾ പത്തുപതിനഞ്ച് ആൾക്കാർ കാത്തുനിൽക്കുന്നു.
അവർ പറഞ്ഞു: 'സാർ ഇവിടെ ഒരു പീസിനെ കൊണ്ടുവന്നിട്ടുണ്ടെന്ന് അറിഞ്ഞു. അവളെ അങ്ങിറക്കി വിട്ടേക്ക്’
മുകേഷിന് പെട്ടെന്ന് കാര്യം മനസിലായില്ല. അപ്പോൾ സദാചാര ഗുണ്ടകൾ വിശദീകരിച്ചു:
'സാർ ഇവിടെ ഒരു പെണ്ണിനെ കൊണ്ടുവന്നു താമസിപ്പിക്കുന്നതായി ഞങ്ങളറിഞ്ഞു. അവളെയങ്ങ് ഇറക്കി വിട്ടേക്ക്.’
മുകേഷിന് ഇപ്പോൾ കാര്യം മനസിലായി അദ്ദേഹം പറഞ്ഞു:
'അത് എന്റെ കസിനാണ്. എന്നെ കാണാൻ വന്നതാണ്. അവളെ ഉപദ്രവിക്കുകയൊന്നും ചെയ്യരുത്.’
അവളെ ഞങ്ങൾ ഒന്നു കാണട്ടെ എന്നായി സദാചാരക്കൂട്ടം. മുകേഷ് അവരെയുംകൂട്ടി റൂമിലേക്കു ചെന്നു. വന്നവർ ആദ്യം കണ്ടത്, നീണ്ട തലമുടിയുമായി ഒരു കളർഷർട്ടും കൈലിമുണ്ടുമുടുത്ത 'കസിന്റെ’ പുറകുവശമാണ്. 'കസിൻ’ ഒന്നു തിരിഞ്ഞുനോക്കിയപ്പോൾ ആൾക്കൂട്ടം ചമ്മി വിളറി.
അയ്യോ, ഇതു നമ്മുടെ മണിയൻപിള്ള രാജുച്ചേട്ടനല്ലേ..! രാജുവിനെ അങ്ങനെയൊരു വേഷത്തിൽ കണ്ട സദാചാക്കമ്മിറ്റിക്കാർ പിന്നെ ചിരിയോടു ചിരിയായി. ഒടുവിൽ മാപ്പു പറഞ്ഞ് അവർ തടിതപ്പി.