കോന്നി: മണ്ണീറ ജനവാസമേഖലയിൽ കാട്ടാനകൾ നിത്യസന്ദർശകരായി മാറിയതോടെ കൃഷിയിടങ്ങൾ സംരക്ഷിക്കാനാകാതെ കർഷകർ. കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനക്കൂട്ടം വിളവുകൾ പൂർണമായി നശിപ്പിച്ചശേഷമാണ് മടങ്ങുന്നത്. ആനയുടെ ശല്യം പതിവായിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തതിൽ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്.
കൃഷിഭൂമിയുടെ അതിരുകളിൽ സ്വന്തം ചെലവിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജവേലികൾ തകർത്താണ് കാട്ടാനകൾ ഉള്ളിൽ പ്രവേശിക്കുന്നതെന്ന് കർഷർ പറയുന്നു. കൃഷിയിടങ്ങളിൽനിന്നു വീടുകളുടെ മുറ്റം വരെയും കാട്ടാന എത്തുന്നത് തുടർക്കഥയായി മാറിയിരിക്കുകയാണ്. വനപാലകരുടെ അനാസ്ഥ മൂലമാണ് ഇത്തരത്തിൽ ശല്യമുണ്ടാകുന്നതെന്ന് കർഷകർ പറയുന്നു.
ജനവസമേഖലകളിൽ കർഷർ വായ്പയെടുത്തു കൃഷി ചെയ്തു വിളവെടുക്കാൻ പാകമാകുന്ന കാർഷികവിളകളാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയാകുന്നത്. കൃഷിയിടങ്ങളിൽനിന്നു കാട്ടുമൃഗങ്ങളെ അവരുടേതായ ഇടങ്ങളിലേക്കു തുരത്താൻ നടപടി ഉണ്ടാകണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വിശദമായ വിവരങ്ങൾ കാണിച്ചു വനം, കൃഷി മന്ത്രിമാർക്ക് പരാതി നൽകാനും തീരുമാനിച്ചു. കൃഷിയിടങ്ങൾ സന്ദർശിച്ചതിനു ശേഷം മണ്ണീറയിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജോയിക്കുട്ടി ചേടിയത്ത്, വാർഡ് മെംബർ റിനീഷ് പുളിവേലിൽ, ബിജു മാത്യു താന്നിമൂട്ടിൽ, ശശിമോഹൻ, സിജോ ഇഞ്ചക്കാടൻമണ്ണിൽ, അനീഷ്, വർഗീസ് തുണ്ടിയിൽ, സിജോ, യോഹന്നാൻ, ബിനോയി എന്നിവർ പ്രസംഗിച്ചു.