തൃശൂർ: ബിജെപിയിൽനിന്നു രാജിവച്ചു രാഷ്ട്രീയ തട്ടകമായ തൃശൂരിലെത്തിയാൽ പത്മജയെ കാത്തിരിക്കുന്നതു പൂച്ചെണ്ടുകൾക്കൊപ്പം കടുത്ത എതിർപ്പുകളും. ഭാവി പ്രവർത്തനങ്ങൾ തിരുവനന്തപുരത്തേക്കു മാറ്റാൻ സാധ്യത.
പത്മജയുടെ മടങ്ങിവരവിനെക്കുറിച്ചു ജില്ലാ കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, പഴയ ഡിഐസി, ഐ ഗ്രൂപ്പുകളുടെ ഭാഗമായി നിൽക്കുന്ന പ്രവർത്തകർ പത്മജയുടെ വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം കരുണാകരൻ ഫാക്ടർ പാർട്ടിയിൽ സജീവമാക്കുന്നുവെന്ന സവിശേഷതയും ഇതിനുണ്ട്.
അടുത്തമാസം 23നു തൃശൂരിൽ നടക്കുന്ന കരുണാകരൻ അനുസ്മരണ ദിനത്തിൽ പത്മജ വേണുഗോപാലിന്റെ പാർട്ടി പ്രവേശനം ഉണ്ടാകുമെന്നാണു കരുതുന്നത്. സഹോദരൻ കെ. മുരളീധരൻ വഴി കോണ്ഗ്രസ് നേതൃത്വവുമായി ചർച്ചയ്ക്കുശേഷമാണ് അവർ ബിജെപി സംസ്ഥാന അധ്യക്ഷനു രാജിക്കത്ത് കൈമാറിയത്. പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ലെങ്കിലും മുരളീധരന്റെയും വി.ഡി. സതീശന്റെയും പിന്തുണ തിരിച്ചുവരവിൽ നിർണായകമാണ്.
പത്മജ നിലപാട് വ്യക്തമാക്കട്ടെയെന്നാണു കെപിസിസി നേതൃത്വത്തിന്റെ പ്രതികരണം. ലീഡറുടെ ശിഷ്യന്മാരായ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും പ്രതികരിച്ചിട്ടില്ല.
‘അധികാരമുള്ള ചിലരെ കപ്പലു കയറ്റിവിട്ടാൽ കോണ്ഗ്രസ് രക്ഷപ്പെടും’എന്നു പരസ്യമായി പറഞ്ഞാണ് അവർ 2024ൽ ബിജെപിയിലേക്കു പോയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കെ. മുരളീധരന്റെ തോൽവിയുടെ പേരിലായിരുന്നു പത്മജയുടെ പ്രതികരണം. തന്റെ കൂടെ നടന്നു പറ്റിച്ചവർ ഒളിച്ചിരുന്നു മുരളിയെയും തോൽപിച്ചെന്നും അവരുള്ളിടത്തോളം കാലം തൃശൂരിൽ കരുണാകരന്റെ മക്കൾക്കു രാശിയുണ്ടാകില്ലെന്നും പത്മജ പറഞ്ഞു. പക്ഷേ, പത്മജ ഉന്നമിട്ടവരെല്ലാം ഇന്നും ജില്ലയുടെയും സംസ്ഥാനത്തിന്റെയും സജീവ രാഷ്ട്രീയത്തിലുണ്ട്.
കെ. കരുണാകരന്റെ തട്ടകമായിരുന്നിട്ടും അദ്ദേഹത്തിന്റെ മക്കൾക്കു തൃശൂരിൽ വിജയക്കൊടി പാറിക്കാൻ കഴിഞ്ഞിട്ടില്ല. 25 വർഷം കോണ്ഗ്രസിനൊപ്പംനിന്ന മണ്ഡലത്തിൽ 2016ൽ പത്മജ മത്സരിക്കാൻ എത്തിയതോടെ ആദ്യ തോൽവിയറിഞ്ഞു. 2021ൽ വീണ്ടും കോണ്ഗ്രസ് സ്ഥാനാർഥിയായും 2026ൽ ബിജെപിയിൽ എത്തിയശേഷവും നിയമസഭയിലേക്ക് ഒരു കൈ നോക്കിയിട്ടും തൃശൂർ തുണച്ചിട്ടില്ല.
പാർട്ടിയിലേക്കു പത്മജ മടങ്ങിയെത്തിയാൽ തൃശൂരിനെ തട്ടകമാക്കാൻ വെല്ലുവിളികൾ ഏറെയാണ്. ബിജെപി പ്രവേശനത്തോടെ അണികളിലുണ്ടായ അകൽച്ചയും ഒരുവിഭാഗം പാർട്ടി നേതാക്കളുടെ എതിർപ്പും അതിജീവിക്കണം. തിരിച്ചെടുക്കരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ സംസ്ഥാന നേതാക്കളെയും സമീപിച്ചേക്കും.
പത്മജയ്ക്കൊപ്പം ബിജെപിയിലെത്തിയവരും രാജിവയ്ക്കുമെന്നാണു സൂചന. മുൻ യൂത്ത് കോണ്ഗ്രസ് നേതാവും യുവമോർച്ച ജില്ലാ പ്രസിഡന്റുമായ മനു പള്ളത്തിന്റെ രാജി ഇതിന്റെ തുടക്കമെന്നാണു വിലയിരുത്തുന്നത്.
കൃത്യമായ ഉറപ്പുകൾ ലഭിക്കാതെ പത്മജ ഇത്തരമൊരു നീക്കത്തിനു മുതിരില്ലെന്നു കരുതുന്നവരും നേതൃത്വത്തിലുണ്ട്. ദേശീയ തലത്തിൽ കോണ്ഗ്രസിൽനിന്ന് ആളുകൾ കൊഴിയുന്നെന്നു പ്രചരിപ്പിക്കുന്ന ബിജെപിക്കെതിരേ പത്മജയുടെ രാജി പ്രചാരണായുധമാക്കണമെന്നും ഒരു വിഭാഗം പറയുന്നു.