കോഴിക്കോട്: കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ അത്ലറ്റിക്സ് വിഭാഗത്തിലെ ആദ്യ സ്ഥാനങ്ങളിലേക്കു തിരിച്ചെത്താന്‍ ഉറച്ച പ്രതീക്ഷയുമായി കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ്.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇത്തവണ വിവിധ വിഭാഗങ്ങളിലായി 45 താരങ്ങളുമായാണ് മാര്‍ ബേസില്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ കഴിയാതിരുന്നവരും പുതുതായി ടീമിലെത്തിയവരുമായി 25 കുട്ടികള്‍ ഇത്തവണ സംഘത്തിലുണ്ട്.
1999 മുതല്‍ സ്കൂള്‍ കായികമേളയില്‍ സജീവ സാന്നിധ്യമായ മാര്‍ ബേസില്‍, കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അതിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്ന സ്കൂളിന് കഴിഞ്ഞ വര്‍ഷത്തെ പ്രകടനം വലിയ തിരിച്ചടിയായി.
“ജില്ലാതലത്തില്‍ നേരിട്ടതിനേക്കാള്‍ ശക്തമായ വെല്ലുവിളികളാണ് സംസ്ഥാനതലത്തില്‍ ഉണ്ടാകുക. എങ്കിലും കഴിഞ്ഞ രണ്ടു മാസങ്ങളിലായി വിവിധ കായികമേളകളില്‍ പങ്കെടുത്തതിലൂടെ ലഭിച്ച മത്സരപരിചയം കുട്ടികള്‍ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ’’-ഷിബി മാത്യു പറഞ്ഞു.
കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളും കായികരംഗത്ത് ശക്തമായ സാന്നിധ്യമായിരുന്ന കാലത്ത് തുടര്‍ച്ചയായ എട്ടു വര്‍ഷത്തോളം മാര്‍ ബേസിലും സെന്റ് ജോര്‍ജും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറിമാറി സ്വന്തമാക്കിയിരുന്നു.
ആ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് മാര്‍ ബേസില്‍ ടീം. പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം പുതിയ കുട്ടികള്‍ കൂടി എത്തുന്നതോടെ മികച്ച നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.