കൊച്ചി: കുപ്രസിദ്ധ ക്രിമിനൽ മരട് അനീഷിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. നിരവധി കേസുകളിൽ അറസ്റ്റ് വാറന്റ് നിലവിലിരിക്കെയാണ് നടപടി.
കഴിഞ്ഞ മാസം സ്പായിൽ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിനുശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അനീഷ് പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ഇതിൽ അഞ്ചെണ്ണത്തിൽ നാലെണ്ണവും വധശ്രമക്കേസുകളാണ്. കർണാടകയിൽ അഞ്ചും തമിഴ്നാട്ടിൽ മൂന്നും കേസുകൾ ഇയാൾക്കെതിരെയുണ്ട്. തമിഴ്നാട്ടിൽ സ്വർണക്കവർച്ച അടക്കമുള്ള കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ വർഷം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവേ അനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. സംഭവത്തിൽ അമ്പായത്തോട് അഷ്റഫ്, ഹുസൈൻ കൊച്ചി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അനീഷ് ഏറ്റെടുത്ത ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയാണ് ഈ വധശ്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.