പരവൂർ: ദക്ഷിണ റെയിൽവേക്കു കീഴിലുള്ള 10.65 കിലോമീറ്റർ വരുന്ന മരാരിക്കുളം-ആലപ്പുഴ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകി. 220.51 കോടി രൂപയാണ് റെയിൽവേ മന്ത്രാലയം അനുവദിച്ചിട്ടുള്ളത്.
രാജ്യത്തെ റെയിൽവേ പാതകളുടെ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റെയിൽവേ നടപ്പിലാക്കിവരുന്ന പാത ഇരട്ടിപ്പിക്കൽ, മൂന്നാം വരി, നാലാം വരി പാതകളുടെ നിർമാണം, ഫ്ലൈഓവറുകൾ, ബൈപാസുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് മരാരിക്കുളം-ആലപ്പുഴ പാതയും ഇരട്ടിപ്പിക്കുന്നത്.
എറണാകുളം-തുറവൂർ-ആലപ്പുഴ-അമ്പലപ്പുഴ-കായംകുളം ഇടനാഴിയിൽ നിലവിൽ ഒരൊറ്റ വരിയായി അവശേഷിക്കുന്ന ഏക ഭാഗമാണ് മരാരിക്കുളം - ആലപ്പുഴ സെക്ഷൻ. ഈ റൂട്ടിലെ മറ്റ് ഭാഗങ്ങളിലെല്ലാംതന്നെ നിലവിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാവുകയോ അല്ലെങ്കിൽ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയോ ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ അവശേഷിക്കുന്ന ഈ പ്രധാന പാത കൂടി ഇരട്ടിപ്പിക്കുന്നതോടെ മേഖലയിലെ റെയിൽ ഗതാഗതത്തിന് പുതിയ വേഗം കൈവരും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ റൂട്ടിൽ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം ഒൻപത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി അധികമായി സർവീസ് നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രാ ട്രെയിനുകൾക്ക് പുറമെ പ്രതിവർഷം 2.88 മില്യൺ ടൺ ചരക്ക് നീക്കത്തെ പിന്തുണയ്ക്കാനും ഈ പുതിയ ലൈനിന് ശേഷിയുണ്ടാകും. മെച്ചപ്പെട്ട യാത്രാ-ചരക്ക് നീക്കത്തിലൂടെ പ്രതിവർഷം ഏകദേശം 3.08 കോടി രൂപയുടെ അധിക അറ്റാദായം റെയിൽവേക്ക് ഈ പാതയിലൂടെ നേടാനാകുമെന്നാണ് കണക്കാക്കുന്നത്.