കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളജിന്റെ സ്വയം ഭരണ പദവി പ്രഖ്യാപനവും മരിയൻ എഡ്യൂസിറ്റി കാന്പസിലെ ബിഷപ് ഡെറീർ ഹാളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. തുടർന്നു സിൽവർ ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിടലും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും മുഖ്യമന്ത്രി നിർവഹിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പും കോളജ് പേട്രണുമായ ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ചു. കോളജിന്റെ സ്വയംഭരണപദവി പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ നടത്തി.
ഗതാഗത മന്ത്രി സി.പി. ജോണ്‍ പുതിയ അക്കാദമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവഹിച്ചു. റിസർച്ച് സെന്ററുകളുടെ ഉദ്ഘാടനം കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് നിർവഹിച്ചു.
തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ രജത ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. രമ്യ ഹരിദാസ് എംഎൽഎ പുതിയ അക്കാദമിക് വർഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളജ് സ്ഥാപക പേട്രണ്‍ ആർച്ച്ബിഷപ് (എമിരറ്റസ്) ഡോ. എം. സൂസപാക്യം പ്രമുഖ വ്യക്തികളെ ആദരിച്ചു.
തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോണ്‍. യൂജിൻ എച്ച്. പെരേര രജതജൂബിലി ചാരിറ്റി പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളജ് ബർസാർ ഫാ. ജി. സിബിൻ എൻഎസ്എസ് യൂണിറ്റിനുള്ള രജത ജൂബിലിയുടെ ഓർമയ്ക്കായി വൃക്ഷത്തൈകൾ കൈമാറി.
മാനേജിംഗ് ഡയറക്ടർ റവ.ഡോ. എ. ആർ. ജോണ്‍ സ്വാഗതവും, പ്രിൻസിപ്പൽ ഡോ. വി. അജിത് പ്രഭു നന്ദിയും പറഞ്ഞു. ഡീൻ ഡോ എ . സാംസണ് പുതിയ അധ്യായന വർഷത്തെ വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു