വിഴിഞ്ഞം: വിഴിഞ്ഞം പുറംകടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയ വിദേശ കപ്പലിന് കേരള മാരിടൈം ബോർഡിന്‍റെ തുണ. സിംഗപ്പൂരിൽ നിന്ന് യുഎഇയിലെ കോർഫഖാനിലേക്ക് പോവുകയായിരുന്ന ‘അറ്റ്‌ലാന്‍റിസ്-I’ എന്ന ടാങ്കർ കപ്പലാണ് യാത്രാമധ്യേ എൻജിൻ തകരാറിനെ തുടർന്ന് വിഴിഞ്ഞം പുറംകടലിൽ കുടുങ്ങിയത്.
ഞായറാഴ്ച വൈകിട്ടോടെ വിഴിഞ്ഞം പുറംകടലിലെത്തിയ കപ്പലിന്‍റെ രണ്ട് എൻജിനുകളിൽ ഒന്ന് പ്രവർത്തനരഹിതമാകുകയായിരുന്നു. സ്പെയർപാർട്സുകൾ ഘടിപ്പിച്ചാൽ മാത്രമേ യാത്ര തുടരാനാകൂ എന്ന് കപ്പൽ ക്യാപ്റ്റൻ കേരള മാരിടൈം ബോർഡിനെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ മാരിടൈം ബോർഡ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചു.
കപ്പലിന് ആവശ്യമായ സ്പെയർപാർട്സുകൾ വിമാനമാർഗം ഗുജറാത്തിൽനിന്ന് തിങ്കളാഴ്ച ഉച്ചയോടെ വിഴിഞ്ഞത്ത് എത്തിക്കുകയും, തുടർന്ന് മാരിടൈം ബോർഡിന്‍റെ ടഗ് ഉപയോഗിച്ച് കപ്പലിൽ എത്തിച്ചു നൽകുകയും ചെയ്തു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കപ്പൽ തിങ്കളാഴ്ച തന്നെ യുഎഇയിലേക്ക് യാത്ര തിരിച്ചു. ഇതിനുപുറമെ, ജോലി കാലാവധി കഴിഞ്ഞ രണ്ട് ജീവനക്കാരെ കപ്പലിൽ നിന്ന് കരയിലെത്തിക്കുകയും പകരം രണ്ട് പുതിയ ജീവനക്കാരെ കപ്പലിൽ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തതായി മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു.