മുംബൈ: കഴിഞ്ഞയാഴ്ച ആഭ്യന്തര ഓഹരിവിപണിയിലുണ്ടായ ഇടിവിനെത്തുടർന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കന്പനികളിൽ അഞ്ചെണ്ണത്തിന്റെ സംയോജിത വിപണി മൂല്യത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവ്. ഐടി ഭീമന്മാരായ ടിസിഎസിനാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്.
കഴിഞ്ഞയാഴ്ച ബിഎസ്ഇ സെൻസെക്സ് 489.92 പോയിന്റും (0.62 %) എൻഎസ്ഇ നിഫ്റ്റി 204.65 പോയിന്റും (0.83 %) ആണ് താഴ്ന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റാ കണ്സൾട്ടൻസി സർവീസസ്( ടിസിഎസ്) എന്നിവയുടെ വിപണി മൂല്യത്തിൽ ഇടിവുണ്ടായി. എന്നാൽ ആദ്യ പത്തിലുള്ള ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ലാർസൻ ആൻഡ് ടുബ്രോ (എൽ ആൻഡ് ടി), ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി), ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ നേട്ടമുണ്ടാക്കി. ഈ കന്പനികൾ ചേർന്ന് ആകെ 55,149.45 കോടി രൂപയുടെ മൂല്യവർധന നേടി.
നഷ്ടത്തിൽ ടിസിഎസ്
ടിസിഎസിന്റെ വിപണി മൂല്യം 34,263.28 കോടി രൂപ കുറഞ്ഞ് 8,53,506.85 കോടിയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യത്തിൽ 31,869.13 കോടി ഇടിഞ്ഞ് 17,70,056.06 കോടിയായി കുറഞ്ഞു. എസ്ബിഐയുടെ വിപണി മൂല്യത്തിൽനിന്ന് 25,891.88 കോടി കുറഞ്ഞ് 9,85,829.96 കോടിയിലെത്തി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യത്തിൽനിന്ന് 7165.37 കോടി കുറഞ്ഞ് 11,20,802.10 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റേത് 2792.65 കോടി കുറഞ്ഞ് 10,17,577.98 കോടി രൂപയായും താഴ്ന്നു.
നേട്ടമുണ്ടാക്കി എൽഐസി
കഴിഞ്ഞയാഴ്ച വിപണി മൂല്യത്തിൽ എൽഐസിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എൽഐസിയിലേക്ക് കഴിഞ്ഞയാഴ്ച 26,438.49 രൂപയെത്തിയതോടെ വിപണി മൂല്യം 5,23,330.31 കോടി രൂപയായി. ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 20,592.13 കോടി രൂപ ഉയർന്ന് 12,43,016.11 കോടിയിലെത്തി. ബജാജ് ഫിനാൻസിന്റെ മൂല്യത്തിലേക്ക് 3,548.79 കോടി എത്തിയതോടെ 6,77,197.34 രൂപയായി ഉയർന്നു.
എൽ ആൻഡ് ടിയിലേക്ക് 2490.66 കോടി രൂപയെത്തിയതോടെ മൂല്യം 5,58,973.11 കോടി രൂപയായി. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വിപണി മൂല്യം 2079.38 കോടി ഉയർന്ന് 4,90,88.35 കോടിയായി.
വിപണി മൂല്യത്തിൽ റിലയൻസ്തന്നെ മുന്നിൽ
ആഭ്യന്തര കന്പനികളിൽ വിപണി മൂല്യത്തിൽ ഏറ്റവും മുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ് തന്നെ തുടരുന്നു. ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.