ഇറ്റാനഗർ: അരുണാചൽപ്രദേശിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ആസാം റൈഫിൾസ് ജവാനു വീരമൃത്യു. നാലു ജവാന്മാർക്കു പരിക്കേറ്റു.
ചാംഗ്ലാംഗ് ജില്ലയിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ജവാന്മാരുടെ പട്രോൾ സംഘത്തിനു നേർക്ക് ഇന്നലെ രാവിലെ ആറരയോടെ ആക്രമണമുണ്ടായത്. ഹവിൽദാർ ജൻഖോകായി കുക്കി (42) ആണു വീരമൃത്യു വരിച്ചത്.
അതിർത്തിയിൽ വേലികെട്ടൽ നടന്നുവരുന്ന നാംപോംഗ് പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന 21 അംഗ ആസാം റൈഫിൾസ് സംഘത്തിനു നേർക്ക് തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. എൻഎസ്സിഎൻ (കെ-വൈഎ) തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. എന്നാൽ, ഇതു സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല.