ലക്നോ: ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടും കൃത്രിമത്വവും നടന്നതായി തെരഞ്ഞെടുപ്പു കമ്മിഷൻ സ്ഥിരീകരിച്ചു.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 7,000ത്തിൽ താഴെ വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനു വിജയിച്ച പിലിഭിത് മണ്ഡലത്തിലാണ് 10,000ലധികം വ്യാജ തിരുത്തലുകൾ വരുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
സംഭവത്തിൽ അസിസ്റ്റന്റ് ജില്ലാ ഇലക്ഷൻ ഓഫിസറുടെ പരാതിയിൽ കംപ്യൂട്ടർ അസിസ്റ്റന്റിനെതിരേ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ആസൂത്രിത അട്ടിമറി
മേയ് 31നും ഓഗസ്റ്റ് 29നും ഇടയിൽ 13,779 ‘ഫോം 8’ അപേക്ഷകളാണു സിസ്റ്റത്തിൽ സമർപ്പിക്കപ്പെട്ടത്. ഇതിൽ 10,470 അപേക്ഷകൾ വേഗത്തിൽ അംഗീകരിക്കുകയും ചെയ്തു. ഇവയൊന്നിനും ആവശ്യമായ അപേക്ഷാഫോമുകളോ രേഖകളോ ഓഫീസിൽ ലഭ്യമല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഏപ്രിൽ 10ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിലുള്ള യഥാർഥ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് നമ്പർ നിലനിർത്തിക്കൊണ്ട്, സിസ്റ്റത്തിൽ പേരും രക്ഷിതാവിന്റെ പേരും വിലാസവുമെല്ലാം വ്യാജമായി തിരുത്തുകയായിരുന്നു. സർക്കാർ ഓഫീസുകൾക്ക് അവധിയുള്ള ഞായറാഴ്ചകളിലും അർധരാത്രിയിലുമാണ് തട്ടിപ്പുകൾ ഏറെയും നടന്നിട്ടുള്ളത്.
പ്രാദേശിക അഭിഭാഷകരും പ്രതിപക്ഷ പാർട്ടികളും നടത്തിയ സമാന്തര പരിശോധനയിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. തങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ ഉപയോഗിച്ചു പരിശോധിക്കുമ്പോൾ അപരിചിതരായ ആളുകളുടെ പേരുകളാണ് സിസ്റ്റത്തിൽ കാണിക്കുന്നതെന്ന് വോട്ടർമാർ പരാതിപ്പെട്ടിരുന്നു.
തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വോട്ടർമാരാണെന്ന് സമാജ്വാദി പാർട്ടിയും കോൺഗ്രസും ആരോപിച്ചു. യുപി കോൺഗ്രസ് അധ്യക്ഷ ആരാധന മിശ്രയുടെ നേതൃത്വത്തിൽ 55 സന്നദ്ധപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് 3.48 ലക്ഷം വോട്ടർമാരിൽ 13,000ത്തോളം പേരുടെ വിവരങ്ങളിൽ അപാകത കണ്ടെത്തിയത്.
സംസ്ഥാനത്തുടനീളമുള്ള നൂറോളം നിയമസഭാ മണ്ഡലങ്ങളിൽ സമാനമായ പരിശോധനകൾ നടത്തുമെന്ന് സമാജ്വാദി പാർട്ടി വക്താവ് ഉദയ്വീർ സിംഗ് വ്യക്തമാക്കി.
അന്വേഷിക്കുമെന്ന് ബിജെപി
വോട്ടർപട്ടികയുടെ സുതാര്യതയും കൃത്യതയും ഉറപ്പുവരേണ്ടതുണ്ടെന്നും ബോധപൂർവം തിരിമറി നടത്തിയിട്ടുണ്ടെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ബിജെപി വക്താവ് രാകേഷ് ത്രിപാഠി പ്രതികരിച്ചു.
ഫോം 6 (പുതിയ പേരുചേർക്കൽ), ഫോം 7 (പേര് ഒഴിവാക്കൽ) അപേക്ഷകളിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ ഇലക്ഷൻ ഓഫീസർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകിയിട്ടുണ്ട്.